മനുവും ലെച്ചുവും ദേവസികുട്ടിയും ഞാനുമടങ്ങുന്ന മൂന്നരക്കൂട്ടം അങ്ങനെ അടിച്ചു പൊളിച്ചു നടക്കുന്നതിനിടയില്‍ ആണ് പെട്ടെന്നൊരു ദിവസം ഞങ്ങള്‍ വീട് മാറുന്നത്.മൂന്നു നാല് കൊല്ലം കൂടുമ്പോള്‍ അപ്പോഴുള്ള വീട് വിറ്റു പുതിയ വീട് വാങ്ങുന്നത് അച്ഛന്റെ ഒരു ശീലമായിരുന്നു.കൂടുതല്‍ നല്ല സ്ഥലം അല്ലെങ്കില്‍ വലിയ വീട് ആയിരിക്കും മിക്കവാറും എന്നതിനാല്‍ അമ്മയ്ക്കും അത് സന്തോഷം!
നമ്മള്‍ അന്ന് വോട്ടവകാശം പോയിട്ട് റേഷന്‍ കാര്‍ഡില്‍ പേര് പോലും ചേര്‍ത്തിട്ടില്ലാത്ത അവസ്ഥയില്‍ ആയതിനാല്‍ എന്‍റെ ഇഷ്ടവും അനിഷ്ടവും ആരും പരിഗണിച്ചിരുന്നില്ല.
പ്രതിഷേധ സൂചകമായി അത്യാവശ്യം ചില്ലറ കുഞ്ഞു വിപ്ലവങ്ങള്‍ ഒക്കെ,ന്ന്വച്ചാല്‍ സൈക്കിളിന്റെ കാറ്റു അഴിച്ചു വിടുക.അച്ഛന്റെ ഒരു ചെരിപ്പെടുത്തു പറമ്പില്‍ കളയുക ഇത്യാദി വേലകളൊക്കെ ചെയ്തു നോക്കി.ഞാന്‍ കാറ്റു ഊരി വിടുമ്പോള്‍ ഒക്കെ പഞ്ചര്‍ കടയിലെ തോമ്മാച്ചന്‍ എങ്ങിനെയാ ഒരു മുള്ളാണി ടയറില്‍ നിന്നും കണ്ടെത്തുന്നത് എന്ന രഹസ്യം എനിക്ക് ഇനീം മനസ്സിലാവാത്ത കാര്യമാണ്. അതുപോലെ സ്ഥിരമായി രാത്രി ബാക്കിയാവുന്ന ചോറ് തിന്നാന്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ചൊക്ലിപ്പട്ടി,എന്‍റെ ചെരുപ്പ് വിപ്ലവത്തിന്റെ ക്രെഡിറ്റും കൂടി തട്ടി എടുത്തതോടെ എന്നിലെ ചെഗുവേര ക്ലച്ചു പിടിക്കാതെ പോയത് മാത്രം മിച്ചം !
അങ്ങനെ ഒരു മാറ്റത്തിനു ഒപ്പം സ്കൂള്‍ കൂടി മാറിയതോടെ മൂന്നരക്കൂട്ടം വഴി പിരിഞ്ഞു പോയി.
കന്യാസ്ത്രീ അമ്മമാരുടെ ഒരു കോണ്‍വെന്റ് സ്കൂള്‍ ആയിരുന്നു ഞാന്‍ ചെന്ന് പെട്ട സ്ഥലം.മുഖം മാത്രം പുറത്ത് കാണുന്ന ഏതാണ്ടൊരു തരം തുണിയൊക്കെ തലയിലിട്ടു, നെടു നീളന്‍ കുപ്പായവും വയറിന്റെ ഭാഗത്ത് ഒരു കയറും ഒക്കെ ഇട്ടു കെട്ടിയുള്ള സിസ്റ്റര്‍മാരുടെ വേഷം ,ഒക്കെ കൂടി ആയപ്പോള്‍, നാലാം ക്ലാസുകാരന്‍ ഒരു ദിവസം പുലര്‍ന്നപ്പോള്‍ നേരെ ചൊവ്വയില്‍ ചെന്ന് കണ്ണ് തുറന്നു എണീറ്റ പ്രതീതി ആയിരുന്നു എന്റേത്.
പുസ്തകങ്ങള്‍ക്ക് പുറമേ മോറല്‍ ക്ലാസ്സ് എന്ന പേരില്‍ ഒരു ഉപദേശ കച്ചേരി കൂടി ദിവസവും ആയപ്പോള്‍ എന്നെ വല്ല ദുര്‍ഗുണ പരിഹാര പാഠ ശാലയിലുമാണോ അച്ഛന്‍ കൊണ്ട് ചേര്‍ത്തത് എന്ന് ഞാന്‍ സംശയിക്കാതിരുന്നില്ല.
കോണ്‍വെന്റ് സ്കൂള്‍ എന്നാല്‍ പഴയ സര്‍ക്കാര്‍ വഹ പള്ളിക്കൂടം പോലല്ല യൂണിഫോം ഒക്കെ കാണും എന്ന് മാത്രമല്ല അത് ക്രീം ഷര്‍ട്ടും കടും നീല കളസവും ഒക്കെ ആയിരിക്കും എന്നുള്ള അച്ഛന്റെ അതിബുദ്ധിയും കൂടി ആയപ്പോള്‍ ഞാന്‍ ആദ്യ ദിവസം തന്നെ ടിപ് ടോപ് ആയിട്ടാണ് പോയത്. അവിടെ ചെല്ലുമ്പോള്‍ അല്ലേ കാര്യത്തിന്റെ കിടപ്പ് വശം മനസ്സിലാവുന്നത്. പെന്ഗ്വിനുകളെ വേഷമിട്ടു നടക്കുന്ന സിസ്റ്റര്‍ മാര്‍ ഒഴിച്ചാല്‍ ബാക്കി ഒക്കെ കോഴിക്കൂട്ടില്‍ നിന്ന് പുറത്ത് ചാടിയ കോഴികളെപ്പോലെ പല ജാതി നിറങ്ങളിലായിരുന്നു.എല്ലാം കൂടി എന്നെ ഏതോ ചന്ദ്രനില്‍ നിന്നും വന്ന ജീവിയെ എന്ന പോലെ ചുറ്റും കൂടി മിഴിച്ചു നോക്കാനും വായും പൊളിച്ചു നില്‍ക്കാനും തുടങ്ങി. ഒന്ന് രണ്ടെണ്ണം പിച്ചിയും നുള്ളിയും ഒക്കെ നോക്കി മനുഷ്യ ജീവി തന്നെ എന്ന് ഉറപ്പ് വരുത്തി. അപ്പോഴേക്കും ഒരു പെന്‍ഗ്വിന്‍ വേഷധാരി ആയ സിസ്റ്റര്‍ (ആരും ദേഷ്യപ്പെടല്ലേ ...ഇതില്‍ മത കലഹത്തിനൊന്നും വകയില്ല.നാലാം ക്ലാസ്സുകാരന്‍ ആദ്യമായി കന്യാസ്ത്രീകളെ അവരുടെ വേഷ ഭൂഷടികളില്‍ കാണുകയല്ലേ..ക്ഷമിച്ചുകള ) വന്നു..എല്ലാരും എണീറ്റു നിന്ന്..ഗുഡ് മോര്‍ണിംഗ് സിസ്റെര്ര്ര്ര്ര്ര്‍ ..എന്ന് ഒറ്റ നീട്ടല്‍..ഇത് മുന്‍പ് പരിചയം ഇല്ലാത്തതാണ് ..എന്നാലും ആ ട്യൂണ്‍ എനിക്കിഷ്ടമായി. ഒരു മൂന്നു തവണ കൂടി ഞാന്‍ അത് അപ്പൊ തന്നെ ആവര്‍ത്തിക്കുകയും ചെയ്തു!
അതിനു ഫലം അപ്പൊ തന്നെ ഉണ്ടായി. മൂന്നാമത്തെ ബെഞ്ചില്‍ ഇരുന്ന അലക്കി കഞ്ഞി മുക്കി ഇസ്തിരിയിട്ടിരുന്ന ചെക്കനെ സിസ്റ്റര്‍ക്കങ്ങു ബോധിച്ചു ! മുന്‍ ബഞ്ചിലേക്ക് പ്രമോഷന്‍ ആയി ഉടന്‍ ! നമ്മുടെ കയ്യിലിരിപ്പ് അപ്പൊ അറിഞ്ഞൂടല്ലോ പാവത്തിന്!
ഇതിനു ശേഷമാണ് പാട്ട് തുടങ്ങിയത്"ദൈവമേ നിന്‍ കൃപാവരം.." എന്നോ മറ്റോ തുടങ്ങുന്ന ഒരു പാട്ട്..മുപ്പതു പിള്ളേര്‍ നാല്‍പ്പതു ശ്രുതിയില്‍ എട്ടരക്കട്ടക്ക് പിടിക്കുകയാണ്!രണ്ടു മിനിട്ടെടുത്തു ആ കീറല്‍ തീരാന്‍. എല്ലാരും ഇരുന്നു. അടുത്തിരുന്ന അന്തോണി ആണ് പറഞ്ഞത്.ഇത് പ്രാര്‍ത്ഥന ആണ് എന്നും ഇതൊക്കെ എല്ലാ പീരീഡ് നു മുന്‍പും പാടണം എന്നും.
എല്ലാം കൂടി ആകെ മായാ പ്രപഞ്ചത്തില്‍ പെട്ട അവസ്ഥ !
പിറ്റേ ദിവസം ആണ് ശരിക്കും ഞാന്‍ ഞെട്ടിയത്! എന്‍റെ കുത്തക തകര്‍ത്തു കൊണ്ട് പുതിയൊരാള്‍ അവതരിച്ചു.എന്നെപ്പോലെ വേറെ ഏതോ സ്കൂളില്‍ നിന്നും ടീ സീ വാങ്ങി വന്ന ഒരു പെണ്‍ കുട്ടി.എന്‍റെ പോലെ തന്നെ യൂനിഫോര്മില്‍ !അവള്‍ നമ്മളെ പോലെയല്ല ഏതോ കൊള്ളാവുന്ന ഇന്ഗ്ലീഷ് മീഡിയം സ്കൂളില്‍ നിന്നാണ് വരവ്.
പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു.ഈ സ്കൂളില്‍ ആണ്‍ പിള്ളേരും പെണ്‍ പിള്ളേരും എന്ന വ്യത്യാസം ഒന്നും ഇല്ല.പേരിന്റെ ക്രമത്തില്‍ ആണ് ഇരുത്തുക.അന്തോണി ഉണ്ടായിട്ടും അനിത യുടെ അടുത്ത് അവനെ ഇരുത്തിയില്ല. പകരം ഒരേ വേഷവും വച്ചു കെട്ടലും ആയി അച്ചടിവടിവില്‍ വന്ന ഞങ്ങള്‍ രണ്ടിനേം അടുത്ത്തടുതിരുത്തനുള്ള ദുര്‍ബുദ്ധി ക്ലാസ്സ് ടീച്ചര്‍ ആയ പെന്ഗ്വിന് തോന്നി. അതോടെ എന്റെ കഷ്ട കാലവും തുടങ്ങി. "ഹല്ലോ ഗുഡ് മോര്‍ണിംഗ്...ഐ ആം അനിറ്റ ജേകബ് ..ഹൌ ഡു യു ഡൂ... ആര്‍ യൂ ന്യൂ ടു ദിസ് സ്കൂള്‍ ലൈക് മീ..?എന്നൊക്കെ മുല്ലപെരിയാര്‍ ഡാം തുറന്നു വിട്ട പോലെ പെണ്ണ് ഇന്ഗ്ലീഷില്‍ ഒറ്റ അലക്കാ അലക്ക്യത്തോടെ നമ്മടെ കാറ്റ് പോയിക്കിട്ടി....
.
അവള്‍ ആകെ ക്ലാസ്സില്‍ എന്നോട് മാത്രമേ മിണ്ടൂ..(സിസ്റെര്സ് നോട് ഒഴിച്ച് ..യൂനിഫോരം പറ്റിച്ച പണിയേ!)അതോടെ വേറെ ആരും എന്നോട് മിണ്ടാതായി.അന്തോണി പോലും പറഞ്ഞു..നീ ആ പത്രാസു കാരിയോടല്ലേ കൂട്ട്.ഞങ്ങളോട് മിണ്ടനതെന്തിനാ?
എനിക്കവള്‍ പറയണ ഒടുക്കത്തെ ഇന്ഗ്ലീഷ് ഒന്നും മനസ്സിലാവണില്ല...തിരിച്ചു പറയാന്‍ പണ്ടേ അറിയില്ല...ഞാന്‍ ഭയങ്കര ജാഡ ആണെന്നും അവളോട് മിണ്ടുകയില്ല എന്നും പിന്നീട് അവള്‍ ക്ലാസ്സ് ടീച്ചര്‍ നോട് പരാതി പറയുകയും കൂടി ചെയ്തു. സത്യം പറഞ്ഞാല്‍ ഉള്ള വെയിറ്റ് പോകും.ക്ലാസ്സില്‍ ഏറ്റവും ഭംഗി അവളെ കാണാന്‍ ആണ്.നാലാം ക്ലാസ്സില്‍ ആണെങ്കിലും ഭംഗിയുള്ളവരോട് മിണ്ടാന്‍ എനിക്ക് കുറച്ചു ഇഷ്ടം അന്നേ കൂടുതലും ആണ്.
ഇപ്പൊ മനസ്സിലായിക്കാണുമല്ലോ പാവം എന്‍റെ ദയനീയാവസ്ഥ!ചുരുക്കം പറഞ്ഞാ പട്ടിക്കു മുഴുവന്‍ തേങ്ങാ കിട്ടിയ പോലെയായി!!!
ഇതിന്റെ പ്രതികരണം പലപ്പോഴും തരം കിട്ടുമ്പോള്‍ അവളുടെ മുടി പിടിച്ചു വലിച്ചിട്ടു തിരിഞ്ഞിരിക്കുക. ഡ്രെസ്സില്‍ മഷി കുടയുക തുടങ്ങി എന്നിങ്ങനെയൊക്കെ ആയി മാറി.പക്ഷെ ഒരിക്കലും അവള്‍ പരാതിയുമായി സിസ്റ്റര്‍ ന്റെ അടുത്ത് പോകാത്തതിന്റെ രഹസ്യം എനിക്ക് മനസ്സിലായില്ല. പണ്ട് ഞാന്‍ ഡോമിനിക് നെ പേടിച്ച പോലെ അവള്‍ എന്നെ പേടിച്ചിട്ടായിരിക്കും എന്നാണ് ഞാന്‍ കരുതിയത്.
ഹോസ്റ്റലില്‍ സിസ്റ്റര്‍ മാരുടെ കൂടെ ആയിരുന്നു അവള്‍ താമസം.ദൂരെ എവിടെയോ ഡോക്ടര്‍ ആയ പപ്പയും മമ്മിയും ഇടയ്ക്കു ഒരു പ്രീമിയര്‍ പദ്മിനിയില്‍ വരുന്നത് കാണാം. അടുത്ത ദിവസം അവള്‍ ഫൈവ്സ്ടാറും പലഹാരങ്ങളും ഒക്കെ കൊണ്ടുവരും.മറ്റുള്ളവര്‍ക്കൊക്കെ ഒരു Echlire ഇല്‍ ഒതുക്കുമ്പോള്‍ എനിക്ക് ഫൈവ് സ്റ്റാര്‍ ആയിരിക്കും. എനിക്കെങ്ങും വേണ്ട അവളുടെ ഒരു ..എന്ന് പറയുമ്പോഴേക്കും അവസരം കാത്തിരുന്ന പോലെ അന്തോണി കള്ളന്‍ എനിക്ക് തന്നേക്കൂ എന്ന് തട്ടിപ്പറിക്കും....പക്ഷെ ഞാന്‍ സമ്മതിക്കില്ല നിനക്കും വേണ്ടാ ...അതോടെ അവള്‍ പിന്മാറും.പിന്നെ കുറെ നേരം മാറി ഇരുന്നു കരയും. "അവളുടെ ഒരു കള്ളക്കരച്ചില്‍ ....പോകാന്‍ പറ" എന്ന് ഉറക്കെ പറയുമ്പോളും സത്യമായും അത് വാങ്ങണം എന്നുണ്ട്.പക്ഷെ അവളെ കാണുമ്പോള്‍ എല്ലാം പിന്നെ നേരെ വിപരീതമാകുന്നത് എങ്ങനെയാണെന്ന് ഒരു പിടീം ഇന്നും എനിക്ക് കിട്ടീട്ടില്ല!ഇരട്ട വാല്‍ മുടിയും നിറഞ്ഞ കണ്ണുകളും സ്കൂള്‍ വിട്ടു വന്നാലും എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇങ്ങനെ വടിയും ഒടിയൂല്ല പാമ്പും ഒട്ടു ചാവുന്നില്ല എന്നപോലെ അഞ്ചാം ക്ലാസും കടന്നു ആറാം ക്ലാസ്സില്‍ എത്തി.
ആയിടക്കാണ് എല്ലാ ക്ലാസ്സിലെക്കും കാരംസ് ബോര്‍ഡ് കിട്ടിയത്. ദിവസവും ഉച്ചയൂണ് കഴിഞ്ഞു ഒരു മുക്കാല്‍ മണിക്കൂര്‍ സമയം ഉണ്ടാവും.ആ സമയത്ത് കളിക്കാം.അല്ലെങ്കില്‍ മോറല്‍ സയന്‍സ് ഡ്രില്‍ പീരീഡ് ഒക്കെ. പക്ഷെ ആദ്യ ദിവസം തന്നെ മിക്കവാറും എല്ലാ ക്ലാസ്സിലും അതിനു വേണ്ടി വഴക്കായതിനാല്‍ ഒരു ദിവസം ആണ്‍കുട്ടികള്‍ക്കും ഒരുദിവസം പെണ്‍ കുട്ടികള്‍ക്കുമായി അവകാശം കൊടുത്തു കൊണ്ട് കാരംസ് തീരുമാനമായി.
നമുക്ക് ഇതിലൊന്നും ഒരു താല്‍പ്പര്യവും ഇല്ലാത്തതിനാല്‍ അത് നമ്മളെ ബാധിക്കുന്ന കാര്യം ആയിരുന്നില്ല. അപ്പോഴാണ് അന്തോണി ഒരു ദിവസം പറയുന്നത്.ഡാ ...അവള് ഭയങ്കര കാരംസ് കളിയാ..അവളുടെ കയ്യില്‍ സ്ട്രൈക്കര്‍ കിട്ടിയാല്‍ ഒരു ആറോ ഏഴോ കോയിന്‍ വീഴാതെ അത് വേറെ ആര്‍ക്കും കിട്ടില്ല..
അന്ന് പെണ്‍കുട്ടികള്‍ക്കാണ് കാരംസ് കളിയ്ക്കാന്‍ ഉള്ള അവകാശം....ഒറ്റയോട്ടമായിരുന്നു ക്ലാസ്സിലേക്ക്..നിലത്തിരുന്നു പെണ്‍പിള്ളേര്‍ എല്ലാം കൂടി കാരംസ് തകര്‍ത്തു കളിയാണ് .അനിത യുടെ കയ്യിലാണ് സ്ട്രയികകര്‍ ! റെഡ് മാത്രമേ ഫിനിഷ് ചെയ്യാനുള്ളൂ .....
അവള്‍ അങ്ങനെ ആള്‍ ആകണ്ടാ.....തട്ടി മാറിക്കെടാ ...അന്തോണി പിന്നില്‍ നിന്നും എരി കേറ്റുക കൂടി ആയപ്പോ പിന്നെ ഒന്നും നോക്കിയില്ല....
കാരംസ് ബോര്‍ഡിന്‍റെ നടുവിലേക്ക് കയറി ഞാന്‍ ഒറ്റ ഇരിപ്പാണ് !!!
അയ്യോ..മാറ് ആ കളി ഫിനിഷ് ചെയ്യട്ടെ ......പെണ്‍ പിള്ളേര്‍ കോറസ് പാടിയിട്ടും ഒരു കുലുക്കവും ഇല്ല."ഇന്ന് ഞങ്ങളുടെ ദിവസമാ..ഗേള്‍സിന്റെ അല്ല" ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി...ആര് എന്തൊക്കെ പറഞ്ഞിട്ടും ഞാന്‍ അനങ്ങിയില്ല.അനിത പറഞ്ഞു..എന്നാ നീയും കൂടിക്കോ.നമുക്ക് ആദ്യം മുതല്‍ തുടങ്ങാം .."പെണ്‍ പിള്ളേരുടെ കൂടെ കാരംസ് കളിയ്ക്കാന്‍ എന്‍റെ പട്ടി വരും..." ഇന്ന് ഞങ്ങളുടെ ദിവസമാ....
ബഹളം മൂത്ത് വന്നപ്പോളേക്കും സമയം കഴിഞ്ഞിരുന്നു. അടുത്ത പീരീഡ് ക്ലീടസ് സിസ്റര്‍ ആണ്. ആരോടൊക്കെയോ കാലത്തേ തന്നെ കലിപ്പ് മൂത്ത പോലെയാണ് ദിവസവും വരുന്നത്..അത് പിള്ളേരുടെ പുറത്ത് തീര്‍ത്തിട്ടെ തിരിച്ചു കൂട്ടീല്‍ കേറൂ താനും. അവരെടുക്കുന്ന കണക്കിന്റെ കാര്യത്തില്‍ ആണെങ്കില്‍ ഞാനും കണക്കാ.
വന്ന ഉടന്‍ കാന്താരി ലില്ലിക്കുട്ടി സങ്കട ഹര്‍ജി ബോധിപ്പിച്ചു. എന്നെ ഞെട്ടിച്ചത് അന്തോണിയുടെ കാലു വാരല്‍ ആയിരുന്നു.... സാക്ഷി പറഞ്ഞത് ആ പാര !!
"കേറി നിക്ക് ബെഞ്ചിന്റെ മുകളില്‍ " ...ഉത്തരവ് ഉടന്‍ വന്നു..(ഒരു ബെഞ്ചിന്റെ മുകളില്‍ കേറി നിക്കണ കാര്യമല്ലേ എന്ന് കരുതണ്ട..അങ്ങനെ നിര്‍ത്തീട്ട് കാല്‍ വണ്ണയില്‍ നടത്തുന്ന ചൂരല്‍ പ്രയോഗം ആണ് അവരുടെ മാസ്റ്റര്‍ പീസ്!) അഹങ്കാരത്തിന് കയ്യും കാലും മുളച്ച പോലെ ഞാന്‍ കേറി നിന്നു..ബെഞ്ചിന്റെ മുകളില്‍ അല്ല ഡസ്കിന്റെ മുകളില്‍ !നമ്മള്‍ ആയിട്ട് കുറക്കരുതല്ലോ!!.
അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ ?ബെഞ്ചിന്റെ മോളില്‍ നിക്കടാ.. ഞാന്‍ അനങ്ങിയില്ല..പൊക്കം കുറഞ്ഞ സിസ്റ്റര്‍ ക്ക് ഡസ്കിന്റെ മുകളില്‍ നില്‍ക്കുന്ന എന്നെ വിചാരിച്ച പോലെ അടിക്കാന്‍ ആയം കിട്ടിയില്ല. അതോടെ കലി കയറിയ അവര്‍ കണ്ണില്‍ കണ്ട പോലെ അടി തുടങ്ങി.... കുറെ ഏറെ ശ്രമിച്ചിട്ടും ഞാന്‍ വഴങ്ങുന്നില്ലന്നു കണ്ടതോടെ പരാതി ഹെഡ് മിസ്ട്രസ്സിന്റെ അടുത്തെത്തി... ആ പീരീഡ് കഴിഞ്ഞു..അടുത്ത പീരീഡ് കഴിഞ്ഞു..ക്ലാസ് മാത്രം നടക്കുന്നില്ല. എന്താ കാരണം?
കഥാനായകന്‍ ഇപ്പോള്‍ താഴെ ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല...ഭീഷണി മാറി അപേക്ഷയായി ....വായില്ലകുന്നിലപ്പന്റെ പോലെ ഒരക്ഷരം മിണ്ടാതെ ശങ്കര്‍ സിമന്റ് ഇട്ടു ഉറപ്പിച്ച പോലെ...അനക്കമില്ല. അന്ന ഹസാരെ ഈയിടെ കാണിച്ച പോലെ ഒരു പിടി !
എന്റെ ക്ലാസ്സ് ടീച്ചര്‍ ക്ലാര സിസ്റ്റര്‍ മറ്റുള്ളവരോട് ചൂടാവാന്‍ തുടങ്ങി. ചൈല്‍ഡ് സൈക്കോളജിയില്‍ പീ.ജി എടുത്ത അവര്‍ എന്‍റെ നിസ്സന്ഗത കണ്ടു ഭയന്നിരുന്നു.( അന്തോണി കാല് വരിയതിന്റെയും മറ്റുള്ളവരുടെ മുന്‍പില്‍ വേണ്ടാതീനം കാണിച്ചു നാണം കെട്ടതിന്റെയും വിഷമം കൊണ്ടാണെന്ന് എനിക്കല്ലേ അറിയൂ.അതും പെണ്‍ പിള്ളേരുടെ മുന്നില്‍ )
ഒടുക്കം മറ്റുള്ളവരെ ഒക്കെ പറഞ്ഞയച്ചിട്ടു സിസ്റ്റര്‍ ഹെഡ് മിസ്ട്രെസ്സുമായി അടുത്ത ക്ലാസ്സ് മുറിയിലേയ്ക്ക് പോയി. എല്ലാരും പോയി ഒരു പത്തു മിണ്ടു കഴിഞ്ഞു കാണും, അനിത പതുക്കെ അടുത്തേക്ക് വന്നു " സോറി ഡാ ...അവള്‍ അങ്ങനെ പോയി പറയും എന്ന് ഞാന്‍ കരുതിയില്ല.പ്ലീസ്..താഴെ ഇറങ്ങു.വേണമെങ്കില്‍ ഞാന്‍ നിന്നെ കളിയാക്കെട്ടാണ് നീ അങ്ങനെ ചെയ്തെ എന്ന് ഞാന്‍ സിസ്റെര്നോട് പറയാം "
ഇത്തവണ കഥ നായകന്‍ കീഴടങ്ങി...പെണ്ണുങ്ങള്‍ വന്നു കാല് പിടിച്ച പിന്നെ ബലം പിടിക്കുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലല്ലോ.പിന്നെ ആരും എന്നോടൊന്നും ചോദിച്ചില്ല.പാര അന്തോനിയോടു പിന്നെ ഞാന്‍ മിണ്ടുന്നത് നിര്‍ത്തുകയും ചെയ്തു.
കുറച്ചു ദിവസങ്ങള്‍ക്കകം സ്കൂള്‍ വാര്‍ഷികത്തിന്റെ പരിപാടികളുടെ ഒരുക്കങ്ങള്‍ തുടങ്ങി.ക്ലാര സിസ്റ്റര്‍ ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ ചേര്‍ത്ത് ഒരു ഏകാങ്ക നാടകം പ്ലാന്‍ ചെയ്തു. അനിത അതില്‍ അഭിനയിക്കുന്നുണ്ട്.അതില്‍ നിഷേധി ആയ ഒരു ചെക്കന്റെ റോള്‍ ആണ് അന്തോണിക്ക്.
എനിക്കത് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ഒരു ഇത് ...ആകെ ഒരു അസ്കിത. കഷായം കുടിച്ചപോലുള്ള എന്‍റെ ഇരിപ്പ് ക്ലാര സിസ്റ്റര്‍ കാണുന്നുണ്ടായിരുന്നു.പലപ്പോഴും അനിതയുടെ കഥാ പത്രവുമായി വഴക്കിടുന്ന ഭാഗം ഉണ്ട് അതില്‍.അവിടെ വരുമ്പോള്‍ അന്തോണി സ്റ്റക്ക് ആവും.അവളോട് ചൂടാവാന്‍ പറ്റാതെ അവന്‍ നിന്നു വിക്കും. പെട്ടെന്നാണ് സിസ്റര്‍ യുറേക്ക !!എന്ന് വിളിക്കുന്നത്. സ്വതവേ അനിതയെ നേരില്‍ കണ്ടാല്‍ തന്നെ ചൊറിയുന്ന ഞാന്‍ ആ റോള്‍ എടുത്താല്‍?
" വെള്ളമടിക്കാം പക്ഷെ നിര്‍ബന്ധിക്കണം എന്ന് ഒള്യ്മ്പ്യന്‍ അന്തോണി ആദം സിനിമയില്‍ ജഗതി പറഞ്ഞ പോലെ ഞാനും ആദ്യം ഒന്ന് മസില് പിടിച്ചെങ്കിലും ഒടുക്കം ഞാന്‍ സമ്മതിച്ചു! അതോടെ പാര അന്തോണി പുറത്ത്! അവന്‍ പക്ഷെ പോകാതെ എടുപിടി സഹായി ആയി നിന്നു.എന്‍റെ അഭിനയത്തെ ഇടയ്ക്കിടെ പുകഴ്ത്തി കൊണ്ടിരുന്നു!" ഹോ ! ഞാനെങ്ങാനുംയിരുന്നെങ്കില്‍ കുളമായേനെ..നിന്നെ കൊണ്ടെ ഈ റോള്‍ പറ്റൂ " എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്ന അന്തോണിയെ ഞാന്‍ ക്രമേണ ഇഷ്ടപ്പെട്ടു തുടങ്ങി.
പരിപാടിയുടെ തലേന്നാണ് അതുണ്ടായത്. അന്തോണി ഞങ്ങളുടെ കൂട്ടത്തിലെ മറ്റു വാല്‍ മാക്രികളുമായി മാറി നിന്നു സംസാരിക്കുന്നതു ഞാന്‍ കേട്ടു." ഞാന്‍ നാടകത്തീന്നു വേണമെന്ന് വച്ചു മാറിയതാടാ...അതില്‍ അനിത അവനെ അടിക്കുന്ന ഒരു സീന്‍ ഇല്ലേ?...അത് അവനിട്ട് കിട്ടിക്കോട്ടേ...... അപ്പൊ നമുക്ക് കൂവണം "
ഞാന്‍ ഞെട്ടി ! സംഭവം ശരിയാണ്!ഒന്നും രണ്ടും പറഞ്ഞു ഒടുക്കം അവള്‍ എന്നെയും ഞാന്‍ അവളെയും അടിക്കുന്ന ഒരു സീന്‍ അതില്‍ ഉണ്ട് അപ്പോള്‍ ഞങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ വന്നു രണ്ടു പേരെയും പിടിച്ചു മാറ്റുന്നതും ഉപദേശിച്ചു നന്നാക്കുന്നതും ഒക്കെ ആണ് കഥ.
അപ്പോള്‍ സിസ്റ്റര്‍ ഉം അവളും അന്തോനീം ഒക്കെ അറിഞ്ജോണ്ടുള്ള കളിയാണ് !ക്ലീടസ് സിസ്റ്റര്‍ നെ കൊണ്ട് ബെഞ്ചിന്റെ മുകളില്‍ കെട്ടി നിര്‍ത്തി അടി കൊള്ളിച്ചത് പോരാഞ്ഞു പരസ്യമായി എന്നെ അടിക്കാന്‍ അവള്‍ കണ്ട വഴി! എന്‍റെ ചോര തിളച്ചു ആവിയായി !!
പിറ്റേന്ന് പരിപാടികള്‍ ഒക്കെ തുടങ്ങി.ഒടുക്കം ഞങ്ങളുടെ നാടകം ആയി.
അഭിനയിക്കുന്നതിനിടയിലും ഞാന്‍ അത് കണ്ടു ...അന്തോണിയും വാനരപ്പടയും റെഡി ആയി ഇരിക്കുന്നുണ്ട്. എന്നെ അടിക്കാന്‍ കയ്യോങ്ങുമ്പോള്‍ കൂവിതുടങ്ങിയാല്‍ ആ ഭാഗം കഴിഞ്ഞിട്ടേ നിര്‍ത്തൂ.അപ്പൊ ഞാന്‍ തിരിച്ചടിക്കനത് ആരും ശ്രദ്ധിക്കില്ല.അതാണ് അന്തോണിയുടെ പ്ലാന്‍.
നാടകം ഉഷാറായി മുന്നേറി...ഒടുവില്‍ വഴക്ക് കൂടുന്ന ഭാഗം എത്തി. അനിത അടിക്കുന്നതിനായി കയ്യോങ്ങി!
പ്ടെ!
അയ്യോ....എന്നൊരു നിലവിളിയോടെ അനിത താഴെ വീണു.
കാര്യം മനസ്സിലായോ? അവള്‍ അടിക്കും മുന്‍പേ ശരിക്കും സര്‍വ ശക്തിയും എടുത്തു ഞാന്‍ അങ്ങോട്ട് പൊട്ടിച്ചതാണ് ! സിസ്റ്റര്‍ ഓടി വന്നു കര്‍ട്ടന്‍ വീണു ! രണ്ടു മിനിട്ടിനകം അനിത എണീറ്റു..ഒന്നും സംഭവിക്കാത്ത പോലെ." ഒന്നൂലല്യ...ടൈമിംഗ് തെറ്റിപോയതാ" എന്ന് പറഞ്ഞു ബാക്കി ഭാഗം കൂടി തീര്‍ത്തു ഗ്രീന്‍ റൂമില്‍ വരുമ്പോള്‍ എല്ലാവരും കാത്തിരിക്കുകയാണ് വിചാരണക്ക് !
ഹെഡ് മിസ്ട്രെസ്സ് വലിയൊരു ചൂരല്‍ ഒക്കെ ആയിട്ടാണ് നില്‍പ്പ് ! "അടിച്ചവന്റെ പുറം പൊളിക്കുകയാ വേണ്ടേ ...കുറെ നാള്‍ ആയി അവന്‍ ഈ കൊച്ചിനെ തരം കിട്ടുമ്പോള്‍ ഒക്കെ ഉപദ്രവിക്കാന്‍ നോക്കുന്നത്. നോക്ക് ആ കൊച്ചിന്റെ കവിളത്ത് തിണര്‍ത്തു കിടക്കുന്നത്.എന്റെ കര്‍ത്താവേ ..ഇവടെ അപ്പച്ചനെങ്ങനും വന്നാ ഞാന്‍ എന്നാ ചെയ്യുക ".
ശിക്ഷ വാങ്ങാന്‍ ഞാന്‍ റെഡി ആകുമ്പോള്‍ അനിത ഇടയ്ക്കു കയറി " അയ്യോ..അത് അവന്‍ അറിഞ്ഞൊണ്ട് ചെയ്തതല്ല സിസ്റ്റര്‍ ...അടിക്കുമ്പോള്‍ ഇടത്തോട്ട് തല വെട്ടിക്കണം എന്ന് പറഞ്ഞിരുന്നതാ അടി കൊള്ളാതെ..ഞാനാ അത് മറന്നേ ! " എന്നാലും കൊച്ചെ...ഹെഡ് മിസ്ട്രെസ്സ് നു വിടാന്‍ മനസ്സില്ല. " പ്ലീസ് നല്ല സിസ്റ്റര്‍ അല്ലേ... അവന്‍ അറിയാതെ പറ്റിയതാ...എനിക്ക് പരാതി ഇല്ല ".നിലത്തൊന്നു അമര്‍ത്തി ചവിട്ടി "നിന്നെ എന്‍റെ കയ്യീ കിട്ടും നോക്കിക്കോ " എന്നും പറഞ്ഞു അവര്‍ മുറിയില്‍ നിന്നും പുറത്തു പോയി.
എല്ലാരും അവരവരുടെ വഴിക്ക് പോയപ്പോള്‍ അനിതയും ഞാനും മാത്രം ബാക്കിയായി." നിനക്ക് എന്നോടെന്താ ഇത്ര ദേഷ്യം..ഞാന്‍ എന്ത് ചെയ്തിട്ടാ ?....പറയടാ ..." അവളുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ നിന്നു വിയര്‍ത്തു."നോക്ക് നിന്റെ ദേഷ്യം മാറിയില്ലെങ്കില്‍ ഇനീം അടിച്ചോ ..ഞാന്‍ നിന്നു തരാം,പക്ഷെ ഇന്നത്തോടെ നിന്റെ വഴക്ക് തീരണം ".. അവള്‍ ക്ക് നേരെ നോക്കാന്‍ ആകാതെ ഞാന്‍ തല കുനിച്ചു നിന്നു..ഈഗോയും ആ ഗോയും ഒക്കെ എവിടെയോ പോയി..
സ്കൂള്‍ അടക്കുകയാണ് 10 ദിവസത്തേക്ക്...
ക്രിസ്മസ് കഴിഞ്ഞു തുറക്കുമ്പോള്‍ എന്‍റെ അടുത്ത സീറ്റില്‍ അനിത ഇല്ലായിരുന്നു.അടുത്ത ദിവസവും ...അതിനടുത്ത ദിവസവും.....ക്ലാസ്സില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് വേണ്ടി പരസ്പരം മത്സരിച്ചിരുന്ന ഞാന്‍ ഒട്ടും ക്ലാസ്സില്‍ ശ്രദ്ധിക്കാതായി..ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ കിഴങ്ങ് പുഴുങ്ങിയ പോലെ ഒറ്റ നില്‍പ്പ് !
പിറ്റേന്ന് ക്ലാര സിസ്റ്റര്‍ എന്നെ സ്റ്റാഫ് മുറിയിലേക്ക് വിളിച്ചു .ഞാനും സിസ്റെരും മാത്രമേ ഉള്ളു. " എടാ കള്ള തിരുമാലീ...അന്ന് നീ എന്താ കാണിച്ചേ ?എനിക്ക് മനസ്സിലവുന്നുണ്ടുകെട്ടോ.നീയവളെ അറിഞ്ഞൊണ്ട് അടിച്ചതല്ലേ?...ഇനി അവള്‍ നിന്നോട് വഴക്ക് കൂടാന്‍ വരില്ല! അവളുടെ അപ്പച്ചന് തിരുവനന്തപുരത്ത് ജോലി ട്രാന്‍സ്ഫര്‍ ആയി.അവള്‍ അവിടേക്ക് ടീ സീ വാങ്ങി പോയി." ഒരു റോസ് റിബണ്‍ പൂ വച്ചു കെട്ടിയ ഒരു ചെറിയ പെട്ടി എന്‍റെ കയ്യില്‍ വച്ചു തന്നിട്ട് സിസ്റ്റര്‍ പറഞ്ഞു." ഇതവള്‍ നിനക്ക് തരാന്‍ പറഞ്ഞു എല്പിച്ചതാ."
അതിന്റെ മുകളില്‍ ഒരു ചെറിയ കവര്‍ ഉണ്ടായിരുന്നത് ഞാന്‍ തുറന്നു..ഒരു നാല് വരി കുറിപ്പ് !
" എന്‍റെ പ്രിയ കൂട്ടുകാരന് ! നിനക്കെന്നോട് വഴക്കയിരുന്നോ ഇഷ്ടമായിരുന്നോ എന്ന് അറിയില്ല.നീ എന്നെ ഓര്‍ക്കുമോ എന്നും അറിയില്ല .പക്ഷെ നിന്നെ ഞാന്‍ ഒരിക്കലും മറക്കില്ല...സ്നേഹപൂര്‍വ്വം "
നിറുകയില്‍ ക്ലാര സിസ്റ്റര്‍ തലോടുന്നത് ഞാന്‍ അറിഞ്ഞു "നിനക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു അല്ലേ?..പക്ഷെ വഴക്ക് കൂടിയാണ് അത് കാണിച്ചതെന്ന് മാത്രം ..അതവള്‍ക്കും മനസ്സിലായിട്ടുന്ടെന്നു തോന്നുന്നു.അല്ലെങ്കില്‍ നിനക്ക് മാത്രം ഗിഫ്റ്റ് തന്നിട്ട് പോകുമോ?"
ആ ഇരട്ടവാല്‍ മുടിയും കുസൃതിയോടെ ചിരിക്കുന്ന കണ്ണുകളും ഇനി ഒരിക്കലും ഞാന്‍ കാണില്ല ...
എനിക്ക് നിയന്ത്രിക്കാന്‍ ആയില്ല....ആങ്കുട്ടി ആണെന്നോ മറ്റുള്ളവര്‍ കാണും എന്നോ ഒന്നും ഓര്‍ത്തില്ല....വാ വിട്ടു ഞാന്‍ കരഞ്ഞു..ഉറക്കെയുറക്കെ കരഞ്ഞു ...ഒരു നാണവും ഇല്ലാതെ .....ഒന്നും പറയാതെ സിസ്റ്റര്‍ അപ്പോഴും എന്‍റെ നിറുകയില്‍ തലോടുന്നുണ്ടായിരുന്നു