2011, ജൂലൈ 24, ഞായറാഴ്‌ച

അങ്ങനെ ഞാനും സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു....അല്ല....ഇങ്ങനേം പഠിക്കാം !!

വീണ്ടും ഒരു സമ്മര്‍ വെക്കേഷന്‍..... പഠിക്കാന്‍ മടിയന്‍ ഒന്നും ആയിരുന്നില്ല എങ്കിലും മാര്‍ച്ച്‌ പകുതി ആകുമ്പോഴത്തെക്കും പൂരം അടുക്കുമ്പോ തൃശ്ശൂര്‍ ക്കാരുടെ മനസ്സ് പോലെ ആണ് നമ്മുടെ കാര്യം.സ്കൂള്‍  ഒന്ന് അടച്ചു കിട്ടിയാല്‍ രക്ഷപെട്ടു.അമ്മയുടെ തറവാട്ടിലാണ് അവധിക്കാലം.വലിയൊരു കുന്നിന്റെ മുകളില്‍ ആണ് വീട്.അതിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ മൂന്നു നാല് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന വാളൂര്‍ പാടവും അതി
ന്റെ നടുവിലൂടെ പുളിക്ക കടവ് ബസ് ‌ സ്റ്റോപ്പ്‌ വരെ നീളുന്ന റോഡും.ഏതാണ്ട് ഇരുപതു അടിയോളം പൊക്കത്തില്‍ ഇരു വശത്തും ബണ്ട് പോലെ കരിങ്കല്ല്  കൊണ്ട് കെട്ടി നടുവില്‍ മണ്ണിട്ട്‌ ഉയര്‍ത്തിയാണ് വളഞ്ഞു  പുളഞ്ഞു പോകുന്ന റോഡ്‌ ഉണ്ടാക്കിയിട്ടുള്ളത്.അങ്ങ് ദൂരെ ഓട്ട് കമ്പനിയും  അതിന്റെ പുകക്കുഴലും വരെ നീണ്ടു കിടക്കുന്ന പച്ചപ്പും നടുവില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാമ്പിനെ  പോലെ പോകുന്ന റോഡും!
ഇടയ്ക്കു കുട്ടന്‍ കുളം എന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന കുളവും അവിടവിടെ ഒറ്റപെട്ട ചില വീടുകളും മോട്ടോര്‍ പുരകളും  മാത്രം. നാട്ടിലെ ശരശരിക്കാരായ സകലരുടെയും കുളിയും നനയും പെണ്ണുങ്ങളുടെ പരദൂഷണവും ഒക്കെ കൊണ്ട് പകല്‍ മുഴുവന്‍ ബഹള മയമാണ് അവിടം.
(ഇന്ന് കഥ മാറി കേട്ടോ.ഇഷ്ടിക കളങ്ങളും കോണ്‍ക്രീറ്റ് ബഹളങ്ങളും ആ ഭംഗിയുടെ മുക്കാലും നശിപ്പിച്ചു കഴിഞ്ഞു.പണ്ടത്തെ പല മൂക പ്രേമങ്ങള്‍ക്കും    ദൃക്സാക്ഷി ആയ   കുട്ടന്‍ കുളം  ഇപ്പോള്‍ പൊട്ടക്കുളം പോലെ ആഫ്രിക്കന്‍ ചണ്ടി നിറഞ്ഞു കിടക്കുന്നു )  
ഇത് പടിഞ്ഞാട്ടെ കഥ ആണെങ്കില്‍ കിഴക്ക് വശം മുഴുവന്‍ മാവും കശുമാവും ഉള്ള കുന്നാണ്‌.
ഇടയ്ക്കു എന്നോട് സ്നേഹമുള്ള ചിറ്റ, അമ്മൂമ്മ പാടത്ത്‌ പോകുംന്ന സമയം വില്‍ക്കാന്‍  വച്ചിട്ടുള്ള കശുവണ്ടിയില്‍ നിന്ന് കട്ടെടുത്തതു ചുട്ടു അതിന്റെ വീതം തരും.കുഞ്ഞമ്മാന്‍ ആവട്ടെ അത് വില്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ചെറിയൊരു വെട്ടിപ്പ് നടത്തി പച്ച   നിറമുള്ള    വര്‍ണക്കടലാസില്‍ പൊതിഞ്ഞ മിട്ടായി വാങ്ങിത്തരും.
ഇഷ്ടം പോലെ മാമ്പഴം തിന്നാം. എന്ത് കുരുത്തക്കേടും കാണിക്കാം.....
സര്‍വതന്ത്ര സ്വതന്ത്രന്‍ ആയി നടക്കാം....
ഇതിനെക്കാള്‍ ഒക്കെ അന്ന് അത്ര സാധാരണം ആയിട്ടില്ലാത്ത ബുള്ളറ്റ് (ഇപ്പോഴല്ലേ നായുടെ വാലിലും ഒരു ബൈക്ക് എന്ന നില വന്നത് )എന്‍റെ വലിയമ്മാവന് മാത്രമായിരുന്നു ആ കരയില്‍ ഉണ്ടായിരുന്നത്. അവധി ആയാല്‍ വല്ല്യമ്മാവന്റെ കൂടെ ബുള്ളറ്റില്‍ ആണ് അമ്മ വീട്ടിലേക്ക്‌ ഉള്ള യാത്ര.ഒരുമാതിരി ആനപ്പുറത്ത് കേറാന്‍ ചാന്‍സ് കിട്ടിയ അപ്പുണ്ണിയുടെ ഗമയിലാണ് ആ പോക്ക്!  
വൈകുന്നേരം പുള്ളി എന്നെ അതില്‍ ഒരു സവാരി കൊണ്ടുപോകും.. കാഴ്ച കാണാന്‍ വായും പൊളിച്ചു നില്‍ക്കുന്ന നാട്ടിന്‍ പുറത്തെ, കോണകമുടുത്തു നടക്കുന്ന കുട്ടി പ്രജകളുടെ നടുവിലൂടെ " എന്നെ കണ്ടോ ..എന്‍റെ ബുള്ളറ്റ് കണ്ടോ..നോക്കട പയലുകളെ " എന്ന ഗമയില്‍ ഉള്ള ആ സവാരിയാണ്‌ എന്‍റെ പ്രധാന attraction .
ഇവനെന്താ പ്രകൃതിയെ വര്‍ണിക്കാന്‍ ആണോ ഇത്ര കഷ്ടപ്പെട്ട് എഴുതുന്നതെന്ന് കരുതണ്ട.
വാളൂര്‍ പാടവും നടുവിലൂടെ ഇറക്കം ആയി പോകുന്ന ഉള്ള റോഡും മനസ്സില്‍ ഒന്ന് കണ്ടാലേ പറയാന്‍ പോകുന്ന സീന്‍ ശരിക്ക് മനസ്സിലാകൂ.
അഞ്ചാം ക്ലാസ് കഴിഞ്ഞ അവധി....
വീട്ടില്‍ ചെല്ലുമ്പോള്‍ പക്ഷെ ഇത്തവണ ഞാന്‍ ഞെട്ടി.. പോര്‍ച്ചില്‍ ഒന്നല്ല രണ്ടെണ്ണം! എന്‍റെ ആ ജന്മ ശത്രുക്കള്‍! വെളുത്തു നല്ല രോമമുള്ള പോമരേനിയന്റെ ചേട്ടന്‍ എന്ന്‌ തോന്നുന്ന ഒന്നും,വാല് പോലും ഇല്ലാത്ത ഒരു ആജാനു ബാഹു ആയ  ഡോബര്‍മാന്‍  ഒന്നും!  എന്‍റെ നേരെ കുരച്ചു കൊണ്ട് ഒറ്റ ചാട്ടം! വല്യമ്മാന്‍ "ടൈഗര്‍.. ജിമ്മി ..സൈലന്റ് ..എന്ന്‌ പറഞ്ഞപ്പോഴേക്കും രണ്ടും വാലാട്ടി  നിലത്തു കിടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വല്യമ്മാന്‍ ആള് പുലിയാണല്ലോ എന്ന്‌ തോന്നി. ബാഗും ഞാനും നടന്നല്ല പറന്നാണ് അകത്തു കേറിയതെന്നു   രാത്രി മുത്തച്ഛന്റെ സദസ്സില്‍ കുഞ്ഞമ്മാന്റെ കമന്റ് !! ഉടനേ വന്നു ഉത്തരവ്..അവനു പേടിയാണെങ്കില്‍ രണ്ടിനേം വിറകു പുരക്കു  അടുത്തേയ്ക്ക് മാറ്റി കെട്ട് !!  അല്ലെങ്കിലും എന്റെയല്ലേ മുത്തച്ചന്‍! അങ്ങനെയിരിക്കും.എന്നോട് കളിച്ചാല്‍!!

ഇത്തവണ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കാം എന്ന്‌ പറഞ്ഞിട്ടാണ് കഴിഞ്ഞ തവണ കുഞ്ഞമ്മാന്‍ വിട്ടത്.പുള്ളീം  ഒരു കൂട്ട്കാരനും കൂടെ ആണ് പഠിപ്പിക്കല്‍  

അമ്മാവന്റെ ഈ  കൂട്ടുകാരന്‍ കഴിഞ്ഞ തവണ എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ കുട്ടന്‍ കുളത്തില്‍ കൊണ്ടിട്ടതും കുളിക്കാന്‍ വന്ന ഒരു ചേച്ചിയോട് കഥകളി കാണിക്ക്യേം ആ ചേച്ചി തിരിച്ചു  കണ്ണ് കൊണ്ട് കടുക് വറുക്കുകയും ഒക്കെ ചെയ്യുന്നതിനിടെ ഞാന്‍ വെള്ളം കുടിച്ചു മുങ്ങി താഴ്ന്നതോടെ എനിക്ക് മനസ്സിലായതാണ്..എന്നെ പഠിപ്പിക്കാന്‍ ഉള്ള യജ്ഞത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ അങ്ങേരു സന്നദ്ധന്‍ ആയതിന്റെ  രഹസ്യം!!

ആ ചേച്ചീടെ വീട് ഈ സൈക്കിള്‍ യജ്ഞത്തിന്റെ വഴീല്‍  ആണ് എന്ന്‌  താമസിയാതെ ഞാന്‍  ‍ മനസ്സിലാക്കി. കാരണം കൃത്യം ഒരു സ്ഥലത്ത്  വരുമ്പോള്‍ ആശാന്‍ പിടി വിടും സൈക്കിളും ഞാനും കൂടി അതോടെ  "വീണിതല്ലോ കിടക്കുന്നു ധരണിയില്‍..." എന്നാവും.
ഇങ്ങനെ പല വട്ടം  ചേച്ചീടെ വീട്ടു പടിക്കല്‍ നേര്‍ച്ച കോഴിയെ പോലെ എന്നെ കൊണ്ട് സാഷ്ടംഗ നമസ്ക്കാരം,ശയനപ്രദക്ഷിണം തുടങ്ങിയ വഴിപാടുകള്‍ ഒക്കെ ചെയ്യിച്ചപ്പോള്‍  
ഈ ചേട്ടായിയുടെ കീഴില്‍ ശിഷ്യ പെട്ടാല്‍ എന്റെ  കാര്യം കട്ട പൊഹ എന്ന്‌ നമുക്കെതാണ്ട് ഉറപ്പായി.

എന്തൊക്കെ പറഞ്ഞിട്ടും എന്‍റെ കാലിന്റെ മസില് കേറി..നടു മിന്നി ഇത്യാദി കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ പഠിത്തം നിര്‍ത്തി.എത്ര ശ്രമിച്ചിട്ടും ഞാന്‍ നന്നാവാനുള്ള ഭാവമില്ല.
മരുമോന് പഠിക്കാന്‍(പൊത്തോന്നു വീഴാനും ) സ്വന്തം സൈക്കിള്‍ ദാനം ചെയ്യാനും വെയിലത്ത്‌   നാട്ടു  വഴീലൂടെ അതിന്റെ പിന്നാലെ  നടക്കാനും തയ്യാറായ കൂട്ടുകാരന്റെ മാഹാത്മ്യവും ഉപദേശമായും ശാസന ആയും ഒക്കെ 
മുത്തച്ചന്റെയും  മറ്റുള്ളവരുടെയും മുന്‍പില്‍ അവതരിപ്പിച്ചു കുഞ്ഞമ്മാന്‍ സായൂജ്യമടഞ്ഞിട്ടും കേളനു കുലുക്കമില്ല!! ഇനി ആ ചേച്ചീടെ തിരുനടയില്‍ നമസ്കരിക്കാന്‍ എനിക്ക് മനസ്സില്ല!!!
അതുവരെ അരങ്ങത്തു വരാതിരുന്ന ഒരാള്‍ ഇപ്പോള്‍ രംഗ പ്രവേശം ചെയ്തു....
ആള്‍ ഭയങ്കര ഗൌരവക്കാരന്‍..അല്‍പ്പം ചൂടന്‍ !..നമ്മള്‍ക്ക് പറ്റുന്ന കമ്പനി അല്ല...ഈ വല്യമ്മാനും കുഞ്ഞമ്മാനും  ഇടക്കുള്ള കക്ഷി ........കൊച്ചമ്മാന്‍ എന്ന്‌ ഞാന്‍ വിളിക്കുന്ന  ഈ ആളെ എനിക്കിത്തിരി പേടി ആണ്.. 
"ബാലന്‍സ്  കിട്ടിയോടാ" ....( ഏതാണ്ട് ബാങ്ക് ബാലന്‍സ് കിട്ടിയോ എന്ന മട്ടിലാണ്...) " ബാലന്‍സ് ഒക്കെ കിട്ടി പക്ഷെ അവനു മടിയാണെന്നേ...കാല് വേദന..മസില് പിടുത്തം..വെയില്‍.. നുണയന്‍...!!! ഇളയ തമ്പുരാന്‍ ഉണര്‍ത്തിച്ചു..."ഇപ്പൊ വേദന ഉണ്ടോടാ..സിംഹം എന്നോടാണ് " "ഇ ..ഇല്ല " ഞാന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു .."ഇപ്പൊ വെയില്‍ ഇല്ലല്ലൊ ..വാ നിന്നെ പടിപ്പിക്കാവോന്നു ഞാനൊന്ന് നോക്കട്ടെ..".  കല്‍പ്പന ഉടന്‍ വന്നു ! ഭദ്രകാളീടെ മുന്നിലുണ്ടോ ഈയുള്ളവന്റെ കുട്ടിച്ചാത്തന്‍ കളി വല്ലോം നടക്കണ്!!! ഇനി രക്ഷയില്ല ...
സൈക്കിളും ഞാനും കുന്നിനു താഴെ വഴിയില്‍ എത്തി..കുഞ്ഞമ്മാന്‍ ഒപ്പമുണ്ട് .."കേറിയോടാ അവന്‍??   മുകളില്‍ നിന്നും ഗര്‍ജനം ....കേറി കേറി ...
"എടാ..ഇനി നീ ഞാന്‍ പറയാതെ സൈക്കിളീന്നു ഇറങ്ങില്ല..." സിംഹത്തിന്റെ മുരള്‍ച്ച !! കശുവണ്ടി കുംഭകോണം  ഞാന്‍ മുത്തച്ചനോട്‌  പറഞ്ഞ് കൊടുത്തു ഇതിനു പകരം വീട്ടുന്നുണ്ട് എന്ന്‌ പറയാന്‍ കുഞ്ഞമ്മാന്റെ നേരെ തിരിഞ്ഞപ്പോള്‍ ആണ് എന്‍റെ സപ്ത  നാഡികളും തളര്‍ത്തുന്ന ആ കാഴ്ച കണ്ടത്..സിംഹം തൊട്ടുപുറകില്‍ ..കൂടെ എന്‍റെ ആജന്മ ശത്രുക്കള്‍ രണ്ടും ഇരുവശത്തും !!
"ജിമ്മീ...ടൈഗര്‍ ...പിടിയെടാ അവനെ.." !!!!!!! 
എന്‍റെ ചെവികളെ വിശ്വസിക്കണോ വേണ്ടയോ എന്ന്‌ ചിന്തിക്കാന്‍ നേരം പോലും കൊടുക്കാതെ  എന്‍റെ കാലുകള്‍ പ്രതികരിച്ചു ......അല്ല...എന്‍റെ ജീവന്‍ മുന്പെയും  ഞാന്‍ പിന്നാലെയും പായുകയായിരുന്നു....
ആ സ്പീഡില്‍ ഒളിമ്പിക്സില്‍ ഞാന്‍ സൈക്കിള്‍ ചവിട്ടിയിരുന്നു എങ്കില്‍   ഇന്ത്യക്ക്  ഒരു നാലഞ്ചു മെഡല്‍ എങ്കിലും കിട്ടുമായിരുന്നു എന്ന്‌ തീര്‍ച്ച !!! ഇരുട്ടില്‍ കടുവയുടെ അനന്തിരവന്മാര്‍  രണ്ടും പിന്നാലെ ഉണ്ടെന്നുള്ള ഭയത്തില്‍ ഞാന്‍ പോയ വഴി റോഡാണോ എന്നൊന്നും എനിക്ക് നിശ്ചയം ഇല്ലായിരുന്നു ........
ഏതാണ്ടൊരു പത്തു മിനിട്ടായി കാണണം.....സൈക്കിള്‍
 റോഡിലൂടെ അല്ല 
ആകാശത്തൂടെ ആണ് പോകുന്നതെന്ന് എനിക്ക് തോന്നി... അടുത്ത നിമിഷം ...പ്ലോ ...എന്നൊരു ശബ്ദത്തോടെ ഞാന്‍ പത്തു പതിനഞ്ചു അടി താഴേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു..കുഴഞ്ഞു കിടക്കുന്ന പാടത്തെ ചെളിയിലേക്ക്........
പിറ്റേന്ന് കണ്ണ് തുറക്കുമ്പോള്‍ ..ഞാന്‍ വീട്ടില്‍ കിടക്കയിലാണ്..അത്യാവശ്യം അവിടെയും ഇവിടെയും നീട്ടലും നക്ഷത്ര കെട്ടും ഒക്കെ ആയിട്ട്....
ഇനി നടന്നതെന്താണെന്ന് .......ഇരുട്ടത്ത്‌ നായുടെ കടി പേടിച്ചു ഞാന്‍ പാഞ്ഞത് നേരത്തെ പറഞ്ഞ പാടത്തിനു നടുവിലൂടെ ഉള്ള റോഡിലൂടെ ആയിരുന്നു. ഇറക്കവും മരണ പരാക്രമവും കൂടി 140 മൈല്‍ സ്പീഡില്‍ പാഞ്ഞ ഞാന്‍ ഇരുട്ടില്‍ വളവു കണ്ടില്ല. ഉഴുതു വിതച്ചിട്ടിരുന്ന പാടത്ത്‌ 20  അടി താഴ്ചയില്‍ നിന്നും രാത്രി സിനിമ വിട്ടു വന്നവര്‍ ആരോ ആയിരുന്നു എന്നെ പൊക്കി എടുത്തത് !!!
അന്ന് തന്നെ വീട്ടിലേക്ക്‌ പോരണം എന്ന്‌ ഞാന്‍ വാശി പിടിച്ചു!! എന്നെ പട്ടിയെ വിട്ടു  കടിപ്പിക്കാന്‍ നോക്കിയതൊക്കെ ഞാന്‍ അച്ഛനോട് പറയുന്നുണ്ട്..ഇതെന്റെ അമ്മാവനുമല്ല മുത്തച്ചനുമല്ല ...ആരുമല്ല ....
ഞാന്‍ പ്രഖ്യാപിച്ചു 
" അതിനു നിന്നെ കടിക്കാന്‍ ഞാന്‍ ചങ്ങല  വിട്ടിരുന്നില്ലല്ലോ..നീ പേടിച്ചതിനു ഞാന്‍ എന്ത് വേണം... .."   സിംഹം ചിരിക്കുന്നു ...നീ ജിമ്മിയോടും    ടൈഗരിനോടുംനന്ദി ഉള്ളവായിരിക്കണം    ഇപ്പൊ നീ ഒന്ന് നോക്കിക്കേ നേരെ അല്ല തലകുത്തി നിന്ന് വേണേലും സൈക്കിള്‍ ചവിട്ടും.....ഒറ്റ ദിവസം കൊണ്ടല്ലേ അവര്‍ നിന്നെ സൈക്കിള്‍ expert ആക്കിയത് !!!!".......എനിക്ക് പ്രാണ വേദന സിംഹത്തിനു വീണ വായന....
എന്തായാലും വീട്ടിലെ പൂവന്‍ കോഴികള്‍ രണ്ടെണ്ണം സമാധാന ഉടമ്പടിയുടെ ഭാഗമായി രക്തസാക്ഷികളായി ........
അതോടെ എന്നിലെ കുറുക്കന്‍  ഐക്യ രാഷ്ട്ര സഭയുമായി സമാധാന കരാര്‍ ഒപ്പിടുകയും ചെയ്തു .
സിംഹം പറഞ്ഞത്  സംഗതി സത്യമാണെന്ന് അടുത്ത ദിവസം സൈക്കിള്‍ ചവിട്ടുമ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു !!ഒറ്റ രാത്രി കൊണ്ട് ഞാന്‍ നന്നായി സൈക്കിള്‍ ചവിട്ടുന്നു 

പഠിച്ചത് നാട്ടിലെ പയലുകളെ കാണിക്കാനായി അന്ന് വൈകീട്ട് തന്നെ ഞാന്‍ നാട്ടു വഴിയിലൂടെ ആദ്യ സൈക്കിള്‍ യജ്ഞം നടത്തുമ്പോള്‍ ..പിന്നില്‍ നിന്നും ഒരു ശബ്ദം ......
" കൊള്ളാമല്ലോ...ഒറ്റ ദിവസം കൊണ്ട് നിന്നെ പഠിപ്പിച്ചോ...." തിരിഞ്ഞു നോക്കുമ്പോളുണ്ട് ....ഞാന്‍ ആരുടെ വീട്ടുപടിക്കലാണോ ശയന പ്രദക്ഷിണം നടത്തിയത് ..ആ ചേച്ചി നിന്ന് ചിരിക്കുന്നു .........
എന്‍റെ സൈക്കിള്‍ പഠിത്തവും പടിക്കലെ ശയന പ്രദക്ഷിണവും കൊണ്ട് ആ പ്രേമ വണ്ടിയുടെ ലൈന്‍ ക്ലിയര്‍ ആയി എന്ന്‌ ദിവസങ്ങള്‍ക്കകം എനിക്കും നാട്ടുകാര്‍ക്കുമൊക്കെ ബോധ്യപ്പെട്ടു 
 എല്ലാത്തിനും കുട്ടന്‍ കുളം സാക്ഷി!! 
 
ഇനി ഒരു കാര്യം കൂടി പറഞ്ഞിട്ട് നിര്‍ത്താം....  കൊച്ചു മോനെ 
  ഭയപ്പെടുത്തിയ ജിമ്മിയോടും  ടൈഗരിനോടും ആരൊക്കെ ക്ഷമിച്ചാലും എന്‍റെ മഹാനായ മുത്തച്ചന്‍ ക്ഷമിക്കാന്‍ തയ്യാറല്ലായിരുന്നു..സിംഹത്തിന്റെയും പുലിയുടെയും ഒന്നും പ്രതിഷേധം വിലപ്പോയില്ല......രണ്ടു പേരെയും കൊച്ചമ്മാന്റെ ഏതോ കൂട്ടുകാരന്റെ വീട്ടിലേക്ക്‌ നാട് കടത്തിക്കൊണ്ടു കോടതി ഉത്തരവായി!!!
 
 

2011, ജൂലൈ 21, വ്യാഴാഴ്‌ച

ഒരു കമാന്‍ഡോ ഓപ്പറേഷന്റെ കഥ

പഠിത്തം അധികവും ഹോസ്റ്റലില്‍ നിന്ന് ആയതിനാല്‍ വീട്ടില്‍ അപൂര്‍വ സന്ദര്‍ശകനായിരുന്ന ഞാന്‍ മാസങ്ങള്‍ക്ക് ശേഷം ഒരു ശനിയാഴ്ച മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്നു കയറി. 3 വശവും താഴ്ന്നു കിടക്കുന്ന നെല്പ്പാടങ്ങളാല്‍ ചുറ്റപ്പെട്ട രണ്ടര ഏക്കര്‍ പറമ്പിന്റെ കിഴക്കേ അറ്റത്താണ് വീട്.
പതിവ് പോലെ എളുപ്പ വഴിക്ക് 
  തൊട്ടടുത്ത വീട് വഴി കയറി അരമതില്‍ ചാടിക്കടന്നപ്പോള്‍ കേട്ടു ഉഗ്രനൊരു കുര....നല്ല വംശ ശുദ്ധിയുള്ള അല്സേഷ്യന്റെ!!
എന്‍റെ അറിവില്‍ വീട്ടില്‍ നായ ഇല്ലായിരുന്നു,ഇത് പിന്നെ ആരുടെയാണാവോ?
നോക്കുമ്പോളുണ്ട്...പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത് നില്‍ക്കുന്നു ഒരു ഘടഖടിയന്‍ ഉരുപ്പടി..ഒരു പശുക്കുട്ടിയുടെ വലിപ്പമുണ്ട്‌. നേരത്തെ അയല്‍വാസിയുടെ  ദത്ത് പുത്രനായ    ഒരു നരഭോജിയുടെ പ്രേമ ലാളനം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത്‌ കൊണ്ട് സാരമേയങ്ങളോട്...
(ദേവലോകത്തെ നായ ആണ് സരമ..അതിന്റെ സന്തതി പരമ്പരകള്‍ ആണ് ഭൂമിയിലെ കൂട്ടര്‍ എന്നാണ് പുരാണം..അതുകൊണ്ടാണ് സാരമേയങ്ങള്‍ എന്ന് പറഞ്ഞത്....ഇവര്‍ അത്ര കുറഞ്ഞവരല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ ...!!) പണ്ടേ എനിക്ക് ഭയങ്കര  ഭയ ഭക്തി ബഹുമാനം ഒക്കെ ആണ്.  
മുന്നോട്ടു നടക്കണോ നിക്കണോ തിരിഞ്ഞു ഓടണോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ അടുത്ത വീട്ടിലെ വറീത് മാപ്ല ശുനക വീരന്റെ ഭാഗത്ത് നിന്ന് നടന്നു വരുന്നു..
മോന്‍ പേടിക്കണ്ടാ അതിനെ അവിടെ കേട്ടിയിരിക്കുകയാ എന്ന വറീത് മാപ്ലെടെ ഉറപ്പിന്മേല്‍
 ഞാന്‍ വീട്ടിലേക്ക്‌ നടന്നു....
വീട്ടിന്റെ പടിയില്‍ കാല്‍ വയ്ക്കുന്നതിനു തൊട്ടു മുന്‍പ് ....അത് സംഭവിച്ചു
ശീ ....കമ്പി ഉരയുന്നപോലൊരു ശബ്ദം... നോക്കുമ്പോള്‍ ഉണ്ട് ഭീകരന്‍ തൊട്ടു മുന്‍പില്‍!!! എന്‍റെ പ്രാണന്‍ ശരീരത്തിനകത്തു നിന്ന്  കിട്ടിയ വഴിയിലൂടെ നിഷ്ക്രമിക്കുന്നത് ഞാന്‍ അറിഞ്ഞു! 
സ്ഥലകാല ബോധം വരുമ്പോള്‍ ഞാന്‍ കിഴക്കേ അറ്റത്തെ മതിലിന്റെ മുകളില്‍ ആണ്! ബാഗും കയ്യിലിരുന്ന സാധനങ്ങളും എവിടെയൊക്കെയോ സ്വന്തം ജീവനും കൊണ്ട് രക്ഷപ്പെട്ടിരിക്കുന്നു !!
എന്‍റെ 2 അടി മാത്രം ദൂരെ നിന്ന് കൊണ്ട് ഇടയ്ക്കിടെ കുരക്കുകയും ഒപ്പം വാലട്ടുകയും ചെയ്യുന്നുണ്ട് ഭീകരന്‍!!! ഇവന്റെ ആഹ്വാനം കേട്ടിട്ടാകണം.....നേതാക്കളുടെ ആഹ്വാനം കേട്ടാലുടന്‍ മുന്‍ പിന്‍ നോക്കാതെ ചാടി പുറപ്പെടുന്ന പാര്‍ട്ടി അണികളുടെ പോലെ,അപ്പുറത്തെ വീട്ടിലെ അവന്റെ സുഹൃത്തുക്കള്‍ മതിലിന്റെ ഇപ്പുറത്ത്‌ പ്രത്യക്ഷപ്പെട്ടു.....എനിക്കെതിരെ മുദ്രാവാക്യം വിളികളോടെ അവരും ഖൊരാവോ യില്‍ അണി ചേര്‍ന്നു.
പടിഞ്ഞാറെ അറ്റത്ത് കെട്ടിയിട്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ തന്ന വറീത് മാപ്ലക്കിട്ടു ഞാന്‍  ഇത് വരെ പണി ഒന്നും കൊടുത്തതായി ഓര്‍ക്കുന്നില്ല.പിന്നെ എന്തിനാണാവോ അയാള്‍ ഇങ്ങനെ എനിക്കിട്ടൊരു പാര വച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
നാട്ടില്‍ ഇല്ലാത്തത് കൊണ്ട് അയാളുടെ മകള്‍ ട്രീസയുടെ കയ്യില്‍ കിട്ടിയിട്ടുള്ള പ്രേമലേഖനങ്ങളില്‍ ഒന്ന് പോലും എന്‍റെ അല്ല എന്നും എനിക്കെന്ഗിലും ഉറപ്പുമുണ്ട്......
അപ്പോളാണ് കാണുന്നത്.നിരന്നു നില്‍ക്കുന്ന തെങ്ങിന്റെ ഇടയ്ക്കു കൂടെ വലിച്ചു കെട്ടിയ ഒരു ടെലഫോണ്‍  കേബിള്‍!! ഇലക്ട്രിക് ട്രെയിനിന്റെ എഞ്ചിന്റെ മുകളില്‍ നിന്ന് ഒരു സാധനം മുകളിലെ കരണ്ട് കമ്പിയിലേക്ക്  കൊടുത്ത പോലെ ഒരു ഇടപാടിലൂടെയാണ് ഭീകരനെ കെട്ടീട്ടുള്ളത്...എന്ന് വച്ചാല്‍....കെട്ടിയിട്ടുണ്ടോ  എന്ന് ചോദിച്ചാല്‍ കെട്ടിയിട്ടുണ്ട്.സെക്കണ്ടുകള്‍ക്കുള്ളില്‍ പറമ്പില്‍ എവിടെയും ഒരു കമാന്‍ഡോ അറ്റാക്കിനു പക്ഷെ നമ്മുടെ നായകന് നിമിഷങ്ങള്‍ പോലും വേണ്ട.
ഇത്രയും ബുദ്ധിയുള്ള എന്‍റെ അമ്മയെ എന്താ ഇത് വരെ വല്ല നാസ ക്കാരും   കൊണ്ടുപോകാതിരുന്നത് എന്ന് എനിക്ക് അപ്പോള്‍ തുടങ്ങിയതാണ്‌ സംശയം!!
ഈ ബഹളം ഒക്കെ നടന്നിട്ടും വീട്ടില്‍ നിന്ന് ആരും അറിഞ്ഞ മട്ടില്ല...എത്ര വിളിച്ചു കൂവിയിട്ടും ഒരനക്കവും ഇല്ല..ഇവരെല്ലാം കൂടി എങ്ങോട്ടാണാവോ
 കെട്ടിയെടുത്തത്??!! 
പള്ളി പെരുന്നാളിന്റെ ദിവസമായത് കൊണ്ട് അടുത്ത വീടുകളിലും ആരും ഇല്ല.
കിഴക്കോട്ടു പോയ വറീത് മാപ്ല എങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷ മാത്രം ഉണ്ട് ബാക്കി.
11 മണിക്ക് കയറിപ്പറ്റിയ ഞാന്‍ മതിലിനു മുകളില്‍ ഇരുന്നും നിന്നും നടന്നും മണി 4 ആയി.വന്ന വഴിക്ക് തിരിച്ചു പോകാം എന്ന് വച്ചാല്‍ അപ്പുറത്തും ഉണ്ടല്ലോ കാവല്‍!!
ചൊക്ലി പട്ടീടെ കടി കൊള്ളണോ കുല മഹിമയുള്ള അല്സേഷ്യന്റെ കടി കൊള്ളണോ എന്ന് മാത്രം ഇനി തീരുമാനിച്ചാല്‍ മതി.
വിശപ്പ്‌ സഹിക്കാം..പക്ഷെ പ്രകൃതിയുടെ ഒന്നാം വിളി കൂടി വന്നതോടെ എന്‍റെ കാര്യം പരുങ്ങലിലായി..... 
ഇനി അപ്പുറത്തെ വീട്ടിലെ ചേട്ടായീടെ രണ്ടിടങ്ങഴി പെണ്പില്ലേരില്‍ പെരുന്നാളിന് പോകാതെ വല്ല അവളുമാരും  ജനാലയിലൂടെ എന്‍റെ ദയനീയാവസ്ഥ കണ്ടു ആനന്ദം പൂണ്ടു നില്‍പ്പുണ്ടോ  എന്ന് ഉറപ്പില്ലത്ത്തത് കൊണ്ട് മതിലിനു മുകളില്‍ സാധിക്കാനും വയ്യ !  
മന്ത്രി മാരുടെയും ഗവര്‍ണരുടെയും ഒക്കെ പിന്നില്‍ പോലീസ്കാരനോ ആര്‍മി ഓഫീസറോ..ഒക്കെ attension ആയി നില്‍ക്കുന്നത് ടി വീയില്‍ ഒക്കെ കണ്ടിട്ടില്ലേ.അത് പോലെ വളരെ ക്ഷമയോടെ നില്‍ക്കുകയാണ് എന്‍റെ ഇരു വശങ്ങളിലും  ഉള്ള കമാണ്ടോസ്.. ഇവരെ വല്ല ബോംബയ്ക്കും അയച്ചിരുന്നെന്ഗില്‍ അവിടെ ഒരു ഭീകരന്മാരും അടുക്കില്ല എന്ന് തീര്‍ച്ച.അത്രക്കുണ്ട് ജാഗ്രത !!!  
  
 അപ്പുറത്തെ വീട്ടിലെ കത്രീന ചേട്ടത്തിയും പിള്ളേരും കൂടി അപ്പോളാണ് പെരുന്നാള്‍ സ്ഥലത്തുനിന്നും പതുക്കെ നടന്നു വരുന്നത്!! 
"നായര് കുട്ടി എന്താ ഈ മതിലുംമ്മല് കേറി നിന്ന് ഭരതനാട്യം കാണിക്കണേ ?" എന്ന്‌ ചേടത്തിക്ക് ഒരു പിടീം കിട്ടീല്ല ! അവരുടെ  വീട്ടില്‍  നഴ്സിംഗ് നു പഠിക്കണ ആനി ആണെങ്കില്‍ ഒട്ടു ഇല്ല താനും....പിന്നെയിത് ആരെ കാണിക്കാനാ ?.... 
"ഇതെന്താ മതിലുംമേ പിള്ളേ ? " ...വിശേഷം ചോദിയ്ക്കാന്‍ കണ്ടൊരു നേരം !
ചേടത്തി എന്നെ ഒന്ന് രക്ഷിക്കു..ഈ രണ്ടും ഇപ്പുറത്തും ഒരു പണ്ടാര സാധനം അപ്പുറത്തും കൂടി എന്നെ ഈ പരുവത്തിലാക്കി.. കൂടെ കുറെ പെണ്‍കിടാങ്ങള്‍ ഉണ്ടായിരുന്നതൊന്നും കൂട്ടാക്കാതെ ഞാന്‍ കേണു......." പോ പട്ടീ"  ക്ടാങ്ങള്‍ രണ്ടു കല്ലു കൊണ്ട്  ഒരുവശത്ത്‌ നിന്നും
നാടന്‍ കമാന്‍ഡോ കളെ   സിമ്പിള്‍ ആയി തുരത്തി എന്നെ താഴെ ഇറക്കി.... എന്‍റെ സകല ഗ്ലാമറും പോയി!!!!
എവിടെയോ കല്യാണത്തിന് പോയ
അമ്മയും അച്ച്ച്ചനും കൂടി രാത്രി തിരിച്ചു വരും വരെ കപ്പയും മീന്‍ കറിയും കട്ടന്‍ കാപ്പിയും ഒക്കെ ആയി കത്രീന ചേടത്തിയും മക്കളും എന്നെ സല്‍ക്കരിച്ചു...
അല്ലെങ്കിലും അവരൊക്കെ നല്ല സ്നേഹോള്ളവരാ...!
ഒടുവില്‍ രാത്രി പറമ്പിന്റെ പല ഭാഗത്ത്‌ നിന്നായി ബാഗും സാധനങ്ങളും ഒക്കെ തേടിപ്പിടിക്കുമ്പോള്‍  ഞാന്‍ അമ്മയോട് ചോദിച്ചു. " അമ്മക്കെന്നോട് വല്ല
ദേഷ്യോം ഉണ്ടോ ?
ഈ പണ്ടാര പട്ടിയെ വാങ്ങിയ കാര്യം എന്നോടെന്താ പറയാതിരുന്നത്? രാവിലെ 11 മണി മുതല്‍ നാലര വരെ ഒന്ന് മൂത്രോഴിക്കാനും കൂടെ വിടാണ്ടാ ആ നാശം എന്നെ മതിലിനു മുകളില്‍ വായില്ലാ  കുന്നിലപ്പനെ പോലെ പ്രതിഷ്ഠിച്ച പോലെ നിര്‍ത്തിയത്"
അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു "കണക്കായിപ്പോയി ....കഴിഞ്ഞ ആഴ്ച നിങ്ങളെല്ലാം കൂടി കോളേജില്‍ സമരമാണെന്നും പറഞ്ഞ് ആ പ്രിന്‍സിപ്പല്‍ മാലതി ടീച്ചറിനെ രാവിലെ തൊട്ടു രാത്രി വരെ ബാത്ത് റൂമില്‍ പോകാനും കൂടെ വിടാതെ ഖൊരാവോ ചെയ്തില്ലേ ?..ഞാന്‍ പേപ്പറില്‍ വായിച്ചിരുന്നു...ഇതേ അതിനുള്ള ശിക്ഷയാ...അവരുടെ പ്രാക്കിനു കിട്ടിയ ശിക്ഷ "!!!

2011, ജൂലൈ 15, വെള്ളിയാഴ്‌ച

ആശാത്തി അമ്മൂമ്മ

അക്ഷര വിദ്യ മുതലിങ്ങോട്ട് അറിയുന്നതെല്ലാം പഠിപ്പിച്ചു തന്ന ഒരുപാട് പേരുണ്ട്.ടീച്ചര് എന്ന നിര്വചനം കടക്കാത്തവരും, …”മാതാവ് പിതാവിനെ കാട്ടിത്തരും, പിതാവ് ഗുരുവിനെ കാട്ടിത്തരും ,ഗുരു ദൈവത്തെ കാണിച്ചു തരും” എന്ന പഴമക്കാരുടെ മൊഴിയെ അന്വര്‍ധ്ധമാക്കിയവരും എന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്.
പറയി പെറ്റ പന്തിരു കുലത്തിലെ പെരുംതച്ചന് പണ്ട് പറഞ്ഞത് പോലെ
" പണി നല്ലതാണെങ്കില് അത് ഗുരുക്കന്മാരുടെ കടാക്ഷം...പിഴച്ചാല് അത് രാമന്റെ കേട് "...
എന്ന് പറയാവുന്ന ആ നല്ല ഗുരുക്കന്മാരില് ചിലരെകുറിച്ച് എന്റെ ഓര്മ്മകള് കുറിച്ച് വയ്ക്കാതെ വയ്യ.കാരണം അവര് ഇല്ലെന്ഗില്..ഞാന് ഇന്നത്തെ ഞാന് ആയിരിക്കില്ല എന്ന് തീര്ച്ച.
മലയാളം ടൈപ്പ് ചെയ്യുന്നതിലുള്ള എന്റെ പരിചയക്കുറവും സോഫ്റ്റ്വെയര് ന്റെ പോരായ്കയും മൂലം വരുന്ന തെറ്റുകള്ക്ക് മുന്കൂര് ജാമ്യം എടുത്തു കൊണ്ടാണ് ഞാന് ഇതെഴുതുന്നത്. കാരണം ഇതെന്റെ അക്ഷര ഗുരുവിനെ കുറിച്ചാണ്.

പണ്ട്..ന്നു വച്ചാല് കഴിഞ്ഞ നൂറ്റാണ്ടില് ഒന്നുമല്ലാട്ടോ.. 70 കളില് ...
ഒരു ദിവസം അമ്മ പതിവില്ലാതെ കണ്ണ് എഴുതിക്കുന്നു..ഗോപി പൊട്ടു തൊടീക്കുന്നു..ഒരു കൊച്ചു മുണ്ടുടുപ്പിക്കുന്നു ..ആകെ ഒരു ഉത്സവത്തിന്റെ ജഗപൊഗ ...ഞാനെന്ന കുഞ്ഞു രാമന് പെട്ടെന്നൊരു വിഐപി ആയ പോലെ ...."മോന് പഠിക്കാന് പോകണ്ടേ?..അപ്പോളല്ലേ വല്ല്യ ആളാകാന് പറ്റൂ.." എന്ന് അമ്മൂമ്മയുടെ ഒരു ഫ്രീ ഉപദേശം. കുരുത്തക്കേടിനു അന്നും വല്യ കുറവൊന്നും ഇല്ലാത്തത് കൊണ്ട് ഉടനേ വന്നു കുഞ്ഞുരാമന്റെ വലിയ വായിലെ മറുപടി .." അമ്മേ.. ഈ അമ്മൂമ്മക്ക് ഒരു വിവരോം ഇല്ല്യാട്ടോ ...ഇന്നാള് പറഞ്ഞു നിറയെ ചോറ് ഉണ്ടാലെ വല്യ ആളാവൂ എന്ന്..ഇപ്പൊ പറയണൂ പഠിച്ചാലേ വല്യ ആളാവൂ എന്ന്.."
സ്വന്തം അമ്മക്ക് വിവരമില്ല എന്ന് സമ്മതിക്കാനുള്ള വിഷമം കൊണ്ടോ..അതോ കടിഞ്ഞൂല് കണ്മണിയുടെ വായിലെ നാക്കിനു രണ്ടു കൊടുക്കാനുള്ള വിഷമം കൊണ്ടോ..അമ്മ അടവൊന്നു മാറ്റി .."മോന് അവടെ നിറയെ കൂട്ടുകാരെ കിട്ടുമല്ലോ.. കളിക്കാന്.."
അടുത്ത വീട്ടിലെ, മൂക്കീന്നു സദാ കൊമ്പ് ഒലിപ്പിച്ച് നടക്കുന്ന ചെക്കനേയും അമ്മ കൂട്ടുകാരന് എന്ന് പരിചയപ്പെടുത്തിയിട്ടുള്ള അനുഭവം ഓര്മ വന്നിട്ടോ എന്തോ ..." നിക്കെങ്ങും വേണ്ടാ " എന്ന് പറഞ്ഞ്..അമ്മയുടെ കയ്യില് തൂങ്ങിയും ഇടയ്ക്കു എടുക്കാന് വാശി പിടിച്ചും അമ്മൂമ്മ കുഞ്ഞമ്മാന് ,ചിറ്റ..ഇത്യാദി പരിവാരങ്ങളുടെ അകമ്പടിയോടെ കശുമാവ് പൂത്തും കായ്ച്ചും നില്ക്കുന്ന പറമ്പിലൂടെ നിലത്തു എഴുതി അക്ഷരം പഠിപ്പിക്കുന്ന ആശാത്തിയുടെ വീട്ടിലേക്ക്.
.ഇടക്കെപ്പോഴോ പഴുത്തു വീണു കിടന്ന കശുമാങ്ങയില് ചവിട്ടിയപ്പോള് അയ്യേ...ഞാന് നടക്കൂല്ലാട്ടോ അമ്മേ എന്ന് ചിണുങ്ങിനോക്കി.. പക്ഷെ അമ്മ മൈന്ഡ് ചെയ്യണില്ല ...ഇനി നടന്നില്ലെങ്കില് ആശാത്തിയുടെ കയീന്നു ചന്തിക്കിട്ട് നല്ല പൂശു കിട്ടൂലോ..എന്ന് കുഞ്ഞമ്മാന് ... "പോടാ കൊരങ്ങാ" എന്ന് പറയാന് തോന്നിയെങ്കിലും ..പറഞ്ഞില്ല...അമ്മൂമ്മയും മുത്തച്ചനും അറിയാതെ കശുവണ്ടി പെറുക്കി അടുത്ത കടയില് കൊടുത്തു വാങ്ങുന്ന പച്ച കടലാസ് പൊതിഞ്ഞ പ്യാരി മിട്ടായിയുടെ വീതവും ആ കടലാസു പിരിച്ചു ഡാന്സ് ചെയ്യുന്ന പെണ്ണിനെ പോലിരിക്കുന്ന പാവയും ഒക്കെ ഉണ്ടാക്കി തരുന്നതല്ലേ ...ക്ഷമിക്കാം ....

" മോനെ ആശാത്തി അമ്മൂമ്മ തല്ലില്ലാട്ടോ...അവന് വെറുതെ പറഞ്ഞതാ .." എന്ന് പറഞ്ഞ് എന്നെ എടുത്തതിനു ഒപ്പം കുഞ്ഞമ്മാന്റെ ചെവി "എന്റെ കുഞ്ഞിനെ പേടിപ്പിക്കുന്നോടാ " എന്ന് ചോദിച്ചു ഒന്ന് പൊന്നാക്കുകയും കൂടി ചെയ്തതോടെ സംഗതി സക്സസ്!!! നിക്ക് ആശാത്തി അമ്മൂമ്മയെ ക്ഷ പിടിച്ചു.
കൊള്ളാമല്ലോ....ആശാത്തി അമ്മൂമ്മ നല്ല അമ്മൂമ്മ !!! കൊച്ചുരാമന് സര്ടിഫൈ ചെയ്തു .. വിളക്ക് കൊളുത്തിവച്ചു വെറ്റിലയും പാക്കുംപണവുമൊക്കെ കൊടുത്തതും ആശാത്തി എന്നെ വിലക്കിന് മുന്പില് മടിയില് പിടിച്ചിരുത്തി ചാണകം മെഴുകിയ തറയില് വിരിച്ച വെളുത്ത മണലില് കുഞ്ഞു വിരല് പിടിച്ചിരുത്തി എഴുതിച്ചു "ഹരി ശ്രീ ഗണപതയേ നമ.."( ആശാത്തി എന്നോട് പൊറുക്കട്ടെ ..തലകുത്തി നിന്നിട്ടും ഇതില് നമ യുടെ ഒടുവിലെ വിസര്ഗ്ഗം എന്റെ കമ്പ്യൂട്ടര് നു വഴങ്ങുന്നില്ല ..അത് പാവം നിലത്തെഴുത്ത് പഠിച്ചിട്ടില്ലല്ലോ !!)
അമ്മയും പരിവാരങ്ങളും പതുക്കെ എന്നെ പറ്റിച്ചു കടന്നു കളഞ്ഞത് ഞാന് അറിഞ്ഞത് കുറെ കഴിഞ്ഞാണ്. പക്ഷെ കരയാനൊന്നും എന്നെ കിട്ടില്ല....കാരണം നല്ല വയസ്സായ ആശാത്തി അമ്മൂമ്മയുടെ നീണ്ട കാതിലെ തോടയില് പിടിച്ചു വലിക്കുക... അടുത്ത ചെക്കന്റെ
പീപ്പി തട്ടിപ്പറിക്കുക...ഞാന് വളരെ ബിസി ആയിരുന്നു.എന്തായാലും ഈ ഇടപാട് കൊള്ളാം എന്ന് കുഞ്ഞി രാമന് മനസ്സിലായി...
രണ്ടു മണിക്കൂര് കഴിഞ്ഞു കാണും.പരിവാരങ്ങള് പുനരവതരിക്കുമ്പോള് എന്റെ കയ്യില് ഒന്നിന് പകരം 2 ഓല ഉണ്ടായിരുന്നു.
"പപ്പാന്നായരുടെ കൊച്ചുമോന് നല്ല ബുദ്ധീണ്ട്..എത്ര വേഗാ പഠിക്കണേ"....എന്ന് പറഞ്ഞ ചേച്ചിയെയോ..അതുകേട്ടപ്പോ എന്റെ അമ്മൂമ്മയുടെ മുഖത്തെ ഭാവമോ ഒന്നും എനിക്ക് ഓര്മ ഇല്ല..കാരണംആ ചേച്ചിയുടെ ഒക്കത്തിരുന്ന കൊച്ചിന്റെ കയ്യിലിരിക്കുന്നു നല്ല ഭംഗീള്ള ഒരു തത്ത !!നല്ല പച്ച നിറോം ചുവന്ന കൊക്കും ഒക്കെയായിട്ട്.. "അടുത്ത നിമിഷം ഞാന് എന്റെ തനിക്കൊണം കാണിച്ചു...."ഒറ്റ കീറല് ..."നിച്ചത് വേണം ..."
കുരുത്തം കെട്ടവനെ നിലക്ക് നിര്ത്താന് അമ്മയും അമ്മൂമ്മയും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു രക്ഷയും ഇല്ല.......നിലത്തു കിടന്നുരുണ്ടു കൊണ്ടായി കരച്ചിലും പ്രതിഷേധവും....വേറെ വാങ്ങിച്ചു തരാം എന്നുള്ള പ്രലോഭനം ഒന്നും ഏല്ക്കുന്നില്ല .."നിച്ച് അദു തന്നെ വേണം...ഇപ്പൊ വേണം ...."
കടിഞ്ഞൂല് പെറ്റത് കുട്ടിച്ചാത്തനെ ആണോ എന്ന് അമ്മക്ക് തോന്നിയിട്ടുണ്ടാവണം....പക്ഷെ അടി വീഴും മുന്പ്..വീണ്ടും ആശാത്തി അമ്മൂമ്മ ഇടയ്ക്കു ചാടി വീണു . അങ്ങനെ തത്ത എന്റെ കയ്യില് !!!! ആ ചേച്ചി ആശാത്തിയുടെ മകള് ആയിരുന്നു. കയ്യിലിരുന്ന പെണ്ണ് അതോടെ കീറാന് തുടങ്ങിയപ്പോളെക്കും നമ്മള് വേഗം ഒറ്റ ഓട്ടം..കശുമാങ്ങ ചവിട്ടിയതൊന്നും പ്രശ്നമേ.............ആയിരുന്നില്ല .ഒരുകയ്യില് തത്തയും മറുകയ്യില് ഓലക്കെട്ടും കൊണ്ട് വിജയശ്രീലാളിതനായി അങ്ങനെ ആദ്യ ദിവസം ഞാന് വീട്ടില് എത്തി.
അന്ന് മുഴുവന് ആളാം പ്രതി ഉപദേശത്തിന്റെ പൂരമായിരുന്നു.."മറ്റുള്ളവരുടെത് വേണം എന്ന് വാശി പിടിക്കരുത് ....അത് നല്ല കുട്ടികളുടെ സ്വഭാവമല്ല " ......ഇത്യാദി. അവര്ക്കറിയുമോ ആ തത്തയുടെ വെല! തത്തയ്ക്ക് പകരം ഉപദേശം വച്ചു കളിയ്ക്കാന് പറ്റുവോ ?ഹല്ലാ പിന്നെ !!
ഇവര്ക്കൊന്നും വിവരമില്ലാ എന്ന് അന്നേ നമക്ക് ബോധ്യമായതാണ്.

പക്ഷെ അടുത്ത ദിവസം ആശാത്തിയുടെ വീട്ടില് പോയ ഞാന് ഞെട്ടി...വീടിന്റെ ഇറയത്ത് ഒരു കൂട്ടില് ദേ ഒരു ജീവനുള്ള തത്ത!! "നിക്കതിനെ വേണം..." പതിവ് പോലെ നമ്മള് കലാപരിപാടി തുടങ്ങി .കടന്നല് കുത്തിയ പോലെയുണ്ട് ആശാത്തിയുടെ മോളുടെ മുഖം !!!
ആശാത്തി അമ്മൂമ്മ ഒടുവില് ഒരു ഒത്തു തീര്പ്പ് ഫോര്മുല വച്ചു. കൊണ്ട് പോയ തത്തയെ കൊച്ചിന് തിരിച്ചു കൊടുക്കണം...നല്ല മിടുക്കനായി പഠിച്ചു വേഗം അക്ഷരം പഠിപ്പ് പൂര്ത്തി ആക്കണം.വായനക്കിടുന്ന ദിവസം ആ ജീവനുള്ള തത്തയെ മോന് സമ്മാനമായി ആശാത്തി തരും
( ഇപ്പോഴത്തെ പിള്ളേര്ക്ക് ഇതെന്താ ഈ വായനക്കിടല് എന്ന് മനസ്സിലായിക്കാണില്ല.അക്ഷരങ്ങളും വാക്കുകളും പഠിച്ചു കഴിഞ്ഞാല് ഒരു ചടങ്ങുണ്ട്. ആദ്യമായി പുസ്തകം വായിക്കാന് തുടങ്ങുന്ന ദിവസം.അന്ന് നിലവിളക്ക് വച്ചു പൂജ ഒക്കെ നടത്തി അവലും മലരും ശര്ക്കരയും തേങ്ങയും ചീകി ഇട്ടതും പഴം നുറുക്കിയതും ഒക്കെ എല്ലാ പിള്ളേര്ക്കും കൊടുക്കും.ഇപ്പോഴത്തെ convocation പോലത്തെ കുടിപ്പള്ളികൂടത്തിലെ പരിപാടി ആണ് ഇത്...ഇഷ്ടം പോലെ അവലും ശര്ക്കരയും ഒക്കെ ഫ്രീ ആയി കിട്ടുന്നത് കൊണ്ട് പിള്ളേര്ക്കൊക്കെ ഇത് വല്ല്യ ഇഷ്ടമുള്ള പരിപാടി ആണുകേട്ടോ)

പിറ്റേന്ന് പഠിക്കാനെത്തുമ്പോള് പ്ലാസ്ടിക് തത്ത ഹാജര്!! ജീവനുള്ള അതും മിണ്ടുന്ന തത്തമ്മയെ കിട്ടാന് പോകുമ്പോ ഈ പ്ലാസ്റ്റിക് ആര്ക്കു വേണം!പോകാന് പറ!!!! ( അമ്മൂമ്മ ഇല്ലാത്ത ഒരു ദിവസം മകള് എന്റെ ചെവി പിടിച്ചു പൊന്നാക്കി തത്തയെ തട്ടിയെടുത്തതിന് കണക്കു വീട്ടിയത് വേറെ കാര്യം...അല്ലങ്കിലും അവളെ എനിക്ക് കണ്ടൂടാ )
വര്ത്തമാനം പറയുന്ന തത്തമ്മയെ കാണാനുള്ള ആകാംക്ഷ ആണോ. അതോ ആശാത്തി അമ്മൂമ്മയുടെ മാജിക് ആണോ എന്നൊന്നും അറിഞ്ഞൂടാ.. ..പിറ്റേന്ന് മുതല് നേരം വെളിച്ചായാല് ചെക്കന് കുളിച്ചു റെഡി ആയി ആശാത്തിയമൂമ്മയുടെ അടുത്തേക്ക് ഓടാന് ഉള്ള വെപ്രാളമാണ് !
വീട്ടുകാരെയും ആശാത്തിയെ ത്തന്നെയും അമ്പരപ്പിക്കുന്ന വേഗത്തില് എന്റെ കയ്യിലെ ഓലക്കെട്ടിന്റെ ഘനംകൂടി വന്നു.18 ദിവസം !!കൃത്യം 18 ദിവസങ്ങള് കൊണ്ട് അക്ഷരങ്ങള് മുഴുവന് എനിക്ക് വഴങ്ങാന് തുടങ്ങി! (നുണ അല്ല..എന്റെ കഴിവ് കണ്ടോ..അന്നേ ഞാന് പുലിയാ എന്ന് പറയാനും അല്ല..ക്ലൈമാക്സ് പുറകെ വരുന്നു ! ) രാവിലെ മുതല് സന്ധ്യക്ക് ആശാത്തി അമ്മൂമ്മ വീട്ടില് കൊണ്ടാക്കും വരെ ബാധ കേറിയ പോലെയായിരുന്നു പഠിപ്പ് !

പതിനെട്ടാം നാള് അത് സംഭവിച്ചു.ഞാന് തറ ,പറ ,പനയും കടന്നു …ദശരഥന്റെ പുത്രന് ശ്രീരാമന് എന്ന് വരെ എഴുതുന്നത് കണ്ടുകൊണ്ടു കയറി വന്ന ഒരു പെണ്ണുംപിള്ളേടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നത് മാത്രമേ ഞാന് കണ്ടുള്ളൂ.... "പപ്പാന്നായരുടെ കൊച്ചു മോനെ പഠിപ്പിക്കാന് മാത്രം കാശും എന്റെ മോനെ പഠിപ്പിക്കാന് ചാമയും ആണോ തള്ളെ തരുന്നേ ? ഇന്നലെ വന്ന ചെക്കന് വായനക്കിടാന് ആയി..എന്റെ കൊച്ചു കൊല്ലം രണ്ടായില്ലേ ?..എന്നുവരെയേ അട്ടഹാസം ഞാന് കേട്ടുള്ളൂ...പിന്നെ ഒന്നും ഓര്മയില്ല.

സംഗതി എന്ത് തന്നെ ആയാലും പിറ്റേന്ന് മുതല് കാര്യങ്ങളുടെ സ്വഭാവം മാറി.
ഒറ്റ അക്ഷരം ഓര്മയില്ല. ഓല കൈ കൊണ്ട് തൊടില്ല.നിര്ബന്ധിച്ചാല് ഉരുണ്ടു കിടന്നാവും കരച്ചില്.....എന്ന് വച്ചാല് കരഞ്ഞു കരഞ്ഞു പനി വരുവോളം കീറല് തന്നെ കീറല്

പിറ്റേന്ന് അതിരാവിലെ ഞാന് കണി കാണുന്നത് ആശാത്തി അമ്മൂമ്മയുടെ മുഖമാണ്. " ഞാന് അപ്പളേ വിചാരിച്ചതാ ...അതിനെ തല്ലണ്ട..കണ്ണ് കിട്ട്യേതാ ഇന്റെ കുട്ടിക്ക് " എന്തൊക്കെയോ ജപിക്കുകയും ഉഴിയുകയും ചെയ്ത്....ദേഹമാസകലം എന്തോ ഒരു എണ്ണയൊക്കെ പുരട്ടിയ ശേഷം അമ്മൂമ്മ വിളിച്ചു.മോന് ആശാത്തീടെ കൂടെ വരുന്നോ?

ഒരു സംശയവും കൂടാതെ ഓലയൊക്കെ എടുത്തു നല്ല അനുസരണയോടെ പിറകെ ഞാന് പോകുമ്പോള് എന്തിനായിരുന്നു എല്ലാരും കരഞ്ഞതെന്നു എനിക്ക് മനസ്സിലായില്ല.

ആശാത്തി അമ്മൂമ്മ പറഞ്ഞ പോലെ ഒരു ഏലസ്സ് ജപിച്ചു കെട്ടുവോളം തുടര്ന്നു ഈ ദിവസവുമുള്ള " ബാലഗോപാലനെ എണ്ണ തേപ്പിക്കലും " കലാ പരിപാടികളും.
ആശാത്തി അമ്മൂമ്മയുടെ സ്ഥാനത്ത് ഭയങ്കര തേജസ് ഉള്ളഒരു രൂപമായിരുന്നു എണ്ണ തേച്ചാല് പിന്നെ അത് കഴുകുവോളം ഞാന് കണ്ടിരുന്നത് എന്ന് എത്രയോ വര്ഷങ്ങള്ക്കു ശേഷവും ഞാന് ഓര്ക്കുന്നു . അത് ആരായിരുന്നു എന്ന് ഒന്ന് കൂടി ഓര്ത്തെടുക്കാന് ശ്രമിക്കുമ്പോള് ഒക്കെ ചിരിച്ചു കൊണ്ട് വിലക്കുന്ന അവരുടെ രൂപം മാത്രമേ ഇപ്പൊ കാണാറുള്ളു.അല്ലെങ്കില് ഒരു മൂടുപടം കൊണ്ട് എല്ലാം മറച്ച പോലെ.
ഇരുപത്തി എട്ടാം നാള് വായനക്കിടല് ചടങ്ങ് ആഘോഷമായി കഴിഞ്ഞപ്പോള് ആശാത്തി വാക്ക് പാലിച്ചു. തത്തമ്മ എനിക്ക് സ്വന്തം. പക്ഷെ അപ്പോഴേക്കും അതിനോടുള്ള ഇഷ്ടം എന്തുകൊണ്ടോ എനിക്ക് പോയിരുന്നു.
നല്ല പൈനാപ്പിളിന്റെ മണമുള്ള റബ്ബറിന്റെ ഒരു മുയലിന്റെ ബൊമ്മ പകരം തന്നു തത്തയെ ആശാത്തിയുടെ മകള് പകരം വാങ്ങിച്ചപ്പോള് എനിക്ക് വിഷമമൊന്നും തോന്നിയില്ല.
"മിടുക്കനാണ്...നിന്നോട് വാക്കിന് ആരും ജയിക്കുകയില്ല ..നന്നായിവരും "എന്ന് തലയില് കൈവച്ചു അനുഗ്രഹിച്ചു യാത്രയാക്കിയ ആശാത്തി എന്തിനാണ് കരഞ്ഞതെന്നു എനിക്ക് അന്ന് മനസ്സിലായിരുന്നില്ല. അമ്മയുടെ അച്ചനും അമ്മയും പിന്നെ ഞാനും അടക്കം തലമുറകള്ക്ക് അക്ഷരം പകര്ന്ന അവരെ അവസാനമായി ഞാന് കാണുന്നത് എന്റെ ഡോക്ടര് ബിരുദം കിട്ടിയ ശേഷമായിരുന്നു. കാലം ഒരു മാറ്റവും വരുത്താത്ത..മോണ കാട്ടിയുള്ള ചിരിയും തോട ഇട്ട നീണ്ട കാതും അല്പ്പം കൂനിയുള്ള നടത്തവും! വലിയ ചെക്കനായി...എന്ന് പറഞ്ഞ് ചേര്ത്ത് പിടിച്ചു നെറ്റിയില് എത്തി വലിഞ്ഞു ഒരു ഉമ്മ വച്ചിട്ട് വീണ്ടും വീണ്ടും കാരണം കൂടാതെ ചിരിച്ചു കൊണ്ട് നിന്ന ആശാത്തി അമ്മൂമ്മയുമായുള്ള അവസാനത്തെ കൂടി കാഴ്ച...


പിന്നെ …….. പിന്നെ കുറച്ചു ദിവസങ്ങള്ക്കകം തന്നെ കേട്ടു.............

2011, ജൂലൈ 13, ബുധനാഴ്‌ച

"അവന്‍ ഒന്നും കഴിക്കൂല്ല ഡോക്ടറേ"

അസുഖങ്ങളുടെയും വയ്യയ്കകളുടെയും വാര്‍ത്തകളും വിശേഷങ്ങളും മാത്രമാണ് ദിവസവും ഒരു ഡോക്ടറെ ചുറ്റിപ്പറ്റി ഉണ്ടാവുക..എന്നാല്‍ ഓര്‍ക്കുമ്പോള്‍ തന്നെ ചിരിപൊട്ടുന്ന പല കൊച്ചു സംഭവങ്ങള്‍ക്കും ഞാന്‍ സാക്ഷി ആയിട്ടുണ്ട്‌.

ലോകത്തില്‍ ഒരമ്മയും അത്രവേഗം സമ്മതിച്ചു തരില്ല തങ്ങളുടെ ചെറു പ്രായക്കാരനായ കുട്ടി നന്നായി ആഹാരം കഴിക്കും എന്ന്.മൂക്ക് മുട്ടെ കുത്തി തിരുകിയാലും "അവന്‍ ഒരു സാധനനോം കഴിക്കൂല്ല ഡോക്ടറെ " എന്നായിരിക്കും ഇക്കൂട്ടരുടെ സ്ഥിരം പല്ലവി.ഹെല്‍ത്ത്‌ ഡ്രിങ്ക് കളുടെ പരസ്യത്തിലെ പോലെ എങ്ങനെ കുട്ടിയെ ഉരുട്ടി എടുക്കാം എന്ന് മാത്രം സദാ ചിന്തിക്കുന്ന അമ്മമാര്‍ പിള്ളേരുടെ ദഹനശക്തി മാത്രമല്ല ക്ഷമയും കെടുത്താറുണ്ട് ചിലപ്പോള്‍....

ഇങ്ങനൊരു അമ്മക്ക് ഒരു ദിവസം ഒരു കൊച്ചുമിടുക്കന്‍ കൊടുത്ത ചികിത്സ എനിക്ക് മറക്കാന്‍ പറ്റില്ല.
പല മരുന്നും മാറി മാറി കൊടുത്തിട്ടും അമ്മക്ക് തൃപ്തിയാകുന്നില്ല .ആഴ്ചയില്‍ ഒരു തവണ എങ്കിലും
"യേതും നടക്കലയെ ഡാക്ടര്‍ ...അവന്‍ ഒന്നുമേ സാപ്പിടമട്ടെങ്കിരാന്‍" എന്ന സ്ഥിരം നിവേദനം ആവര്‍ത്തിക്കും.
അമ്മയെ തൃപ്തിപ്പെടുത്താന്‍ അത്യാവശ്യം വിശപ്പുണ്ടാകാനുള്ള മരുന്നുകള്‍ എന്തെങ്കിലും ഒക്കെ മാറി മാറി ഞാന്‍ കൊടുത്തു കൊണ്ടേയിരുന്നു ....പക്ഷെ ഫലം മാത്രം നാസ്തി!!
തനിയാവര്‍ത്തനം കേട്ട് മടുത്ത ഞാന്‍ .ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....കുട്ടിയെ ഇരുത്തിയും കിടത്തിയും വായ തുറന്നും അടപ്പിച്ചും ഒക്കെ ഒരു പരിശോധന ഒക്കെ കഴിഞ്ഞു..വിരയും മറ്റും ഇല്ലാന്ന് ലാബുകാരന്‍ തീര്‍ത്തു പറയുന്നു ...കുട്ടിക്ക് ഒരു മരുന്നിന്റെയും ആവശ്യം ഉള്ളതായി എനിക്കും തോന്നുന്നില്ല .പക്ഷെ അമ്മ വിടാനുള്ള ഭാവമില്ല.

"രുസിഇല്ലിയാ , ഇല്ലെയ് പശി താന്‍ ഇല്ലിയാ തമ്പീ "എന്ന ചോദ്യത്തിനു "രുസിയും പസിയും എല്ലമെയിരുക്ക് ഡോക്ടര്‍" ..എന്ന് കൊച്ചു വില്ലന്റെ മറുപടി ! ഇനിയെന്ത് വേണ്ടൂ ..എന്ന് അന്ധാളിച്ചുനിന്ന എന്നോട് അമ്മയുടെ വക ഉറപ്പ്..."വെളിയേന്നു ഏതുമേ കുടുക്കലെ ഡോക്ടര്‍..എല്ലാമേ നാനെ സമച്ച്ചു പോടരെന്‍ നല്ലാ .." .

ഒരു നിമിഷം.....എല്ലാരേയും ഞെട്ടിച്ചുകൊണ്ട് വന്നു,കയ്യും കലാശവും കാട്ടികൊണ്ടുള്ള കഷ്ടി അഞ്ചു വയസ്സുകാരന്റെ കമന്റ്...
"ദോ വന്തിരുക്ക് പാരുങ്കോ ഒരു സമയല്‍ക്കാരി !!...വായിലെ വച്ചു മനുഷന്‍ സാപ്പിടുവാനാ ഇതെ"!!!

...അമ്മ യുടെ ഇടിവെട്ടു ഏറ്റപോലുള്ള മുഖത്തെക്കാളും തൊട്ടടുത്തിരുന്ന വിളറിയ അച്ഛന്റെ മുഖമായിരുന്നു എന്നെ രസിപ്പിച്ചത്‌ .....ഡും ക്ളും..ച്ചിലും ..എന്ന് കുടുംബസമാധാനം വീണുടയുന്ന ശബ്ദം...@#*# എന്നൊക്കെ കാര്‍ടൂണ്‍ കഥാപാത്രങ്ങള്‍ തമ്മില്‍ ചീത്ത വിളിക്കുന്ന ഭാവങ്ങള്‍ മുഖത്ത് !!

"നീ അപ്പന്റെ താടിക്ക് തന്നെ വേണം....പഠിക്കാന്‍ അല്ലേ..???"എന്ന മട്ടില്‍ പയ്യനെ രൂക്ഷമായി നോക്കുന്ന പിതാവ് !..
പരശുരാമന്‍ പണ്ട് ഗണപതിയുടെ കൊമ്പ് ഒടിച്ചപ്പോള്‍ പാര്‍വതി പരമശിവനെ "ജ്വലിച്ച കണ്‍ കൊണ്ടൊരു നോക്ക് നോക്കി "..എന്ന് വള്ളത്തോള്‍ പറഞ്ഞ പോലെ ."വീട്ടിലോട്ടു വാ മനുഷ്യനെ പിള്ളാരുടെ മുന്‍പില്‍ വച്ചു ഓരോന്ന് പറഞ്ഞിട്ട്.....ഞാന്‍ വച്ചിട്ടുണ്ട് " എന്ന് നോക്കി ദഹിപ്പിക്കുന്ന ഭാര്യക്ക്‌ മുന്‍പില്‍..."മാപ്പ് നല്‍കൂ മഹാമതെ" എന്ന് ദേവാസുരത്തിലെ മോഹന്‍ലാല്‍ പറഞ്ഞ പോലെ കഥകളി ആടുന്ന ഭര്‍ത്താവ് .....

ഇതിനു നടുവില്‍ ചിരി അടക്കാന്‍ പാട് പെടുന്ന ജൂനിയര്‍ ഡോക്ടരാനി പിള്ളേരോട് അടങ്ങിയിരിക്കാന്‍ കണ്ണുരുട്ടുന്ന ഞാന്‍....
ഒരു വിധം ...."പിന്നെ വരാം ഡോക്ടറെ" എന്ന് പറഞ്ഞു അമ്മ പയ്യനെ ചത്ത എലിയെ വാലില്‍ തൂക്കി എടുക്കും പോലെ തൂക്കിയെടുത്തു പുറത്തേക്ക്.....
പെരുന്നാളിന് പോകുന്ന നേര്‍ച്ചക്കോഴിയുടെ ഭാവഹാവാദികളോടെ കണവന്‍ മുന്‍പേ ഗമിച്ചീടിന കാന്തതന്റെ പിന്‍പേ....

അവര്‍ക്ക് പിന്നില്‍ കതകടഞ്ഞതും മുറിക്കകത്ത് കൂട്ടച്ചിരിയുടെ ആദ്യത്തെ അമിട്ട് പൊട്ടി.വീട്ടില്‍ എന്ത് നടന്നു എന്ന് ചോദിക്കരുത് .സത്യമായും എനിക്കറിയില്ല..............

2011, ജൂലൈ 12, ചൊവ്വാഴ്ച

ഓര്‍മകള്‍...മറവികള്‍ .........

സ്കൂളില്‍ പഠിപ്പിച്ചവരില്‍ ഒരുപാട് പേരെ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്..തറ പറ ഓലയില്‍ എഴുതി പഠിപ്പിച്ച വലിയ തോടയിട്ട ആശാട്ടി അമ്മൂമയെ അടക്കം...
പക്ഷെ രാവിലെ പൂജാമുറിയില്‍ നിന്നിറങ്ങും മുന്‍പ് "ഗുരവേ സര്‍വ ലോകാനാം ..എന്നാ ദക്ഷിണാമൂര്‍ത്തി സ്തോത്രം മനസാ ജപിക്കുമ്പോള്‍ ഞാന്‍ കണ്ട ധ്യനമൂര്‍ത്തിക്കും ശങ്കരന്‍ സര്‍ ന്റെ രൂപം ആയിരുന്നു എപ്പൊഴും...ശങ്കരന്‍ സര്‍ ,അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ് , സാക്ഷാല്‍ ഭഗവാന്‍ ശങ്കരന്‍ ...ഗുരുക്കാന്‍ മാര്‍ എല്ലാം ഒന്ന് തന്നെ..
പഠനം കഴിഞ്ഞു വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹം ക്ഷണിക്കാന്‍ ഒരു ഞായറാഴ്ച രാവിലെ വീട്ടിലുള്ള ക്ലിനിക്കില്‍ എത്തിയ എന്നെ "എന്താ വൈകിയത് ? വേഗം ഇരുന്നു എഴുതിക്കോ" എന്ന് പറഞ്ഞു പ്രിസ്ക്രിപ്ഷന്‍ പാഡ്‌ നീക്കി വച്ചു തന്നു
2 മണി വരെ OP യില്‍ എന്നാ പോലെ ക്ലാസ്സ്‌ എടുത്തിട്ട് ..അവസാന പെഷ്യന്റും പോയിക്കഴിഞ്ഞപ്പോള്‍ ....പെട്ടെന്ന് ഓര്മ വന്നിട്ട് " അല്ല താന്‍ പഠിച്ചു പോയിട്ട് കൊല്ലം അഞ്ചായില്ലേ....ഇപ്പൊ എന്താ വന്നെ ? എനിക്ക് താന്‍ ഇപ്പോഴും പഠിക്കാന്‍ വരുന്ന ഓര്‍മയാ ...പറയായിരുന്നില്ലേ....സാരമില്ല തന്നെ പഠിപ്പിക്കാനുള്ള നിയോഗം എനിക്ക് തീര്‍ന്നു കാണില്ല" എന്ന് പറഞ്ഞ സര്‍.....റിട്ടയര്‍ ചെയ്യുമ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനം പണിയാന്‍ കരുതിയ വലിയ ഹോസ്പിറ്റലിന്റെ സാരഥ്യം ഏറ്റെടുക്കാന്‍ ക്ഷണിച്ചപ്പോള്‍ " ചെറിയ വരായ ആളുകള്‍ ..ചെറിയ തരത്തിലുള്ള മരുന്നുകള്‍ ..ചെറിയ ചികിത്സ ഇതൊക്കെ മതിയെടോ ..ഈ കോര്‍പ്പറേറ്റ് സെറ്റപ്പ് ഒന്നും നമുക്ക് പറ്റില്ല " എന്ന് പറഞ്ഞു പുറത്ത് തട്ടിയ സര്‍.. പല ആയുര്‍വേദ കോണ്‍ഫറന്‍സ് കളിലും മുന്നറിയിപ്പോ ക്ഷണമോ കൂടാതെ നിര്‍ബന്ധിച്ചു മോഡറേറ്റര്‍ ആയോ ചെയര്പെര്സണ്‍ ആയോ പിടിച്ചിരുത്തുമ്പോള്‍ "ഇതൊന്നും പ്രോടോകോള്‍ അനുസരിച്ച് പാടില്ലടോ.."എന്ന് ശാസിക്കുകയും .."ഗുരുവിനോട് ശിഷ്യന് എന്ത് പ്രോടോകോള്‍ സര്‍" എന്ന് പറയുമ്പോള്‍.."താന്‍ എന്റെ വീക്ക് പോയിന്റ്‌ കണ്ടുപിടിച്ചു അല്ലെ ..എന്താ ചെയ്യുക " എന്ന് അടുതിരിക്കുന്നവരോട് ചിരിച്ചു കൊണ്ട് ..കൂടെ വേദിയിലേക്ക് വരുന്ന സര്‍ ....."പഠിത്തം കഴിഞ്ഞിട്ടില്ല ഇനിയാണ് ശരിയായ പരീക്ഷ ..പക്ഷെ സംശയം വന്നാല്‍ ..മറക്കരുത്.. ഞങ്ങള്‍ ഇവിടെ ഉണ്ട് " എന്ന് HOUSE SURGEONS ന്റെ farewell നു സ്ഥിരമായി ഓര്‍മിപ്പിക്കുന്ന സര്‍...
ഇല്ല ..എനിക്ക് പിണക്കമാണ് .....വാക്ക് തന്നിട്ട് ഞങ്ങള്‍ പഠിച്ചു തീരും മുന്‍പേ ക്ലാസ്സ്‌ നിര്‍ത്തി പോയില്ലേ ..... മദ്രാസില്‍ നിന്ന് കോഴിക്കോട് വന്നിട്ടും നേരില്‍ വരാതെ അന്ന് ഞാന്‍ മടങ്ങിയത് അതുകൊണ്ടാണ്....മരിച്ചു കിടക്കുന്ന സര്‍ന്റെ മുഖം..വേണ്ട..അതെന്റെ ഓര്‍മയില്‍ പോലും വേണ്ട......