2012, ജൂലൈ 24, ചൊവ്വാഴ്ച

ഒരു മീനിന്റെ മരണമൊഴി

(എന്റെ ഫേസ് ബൂക്കില്‍ ഒരു സുഹ്രുത്തു പോസ്റ്റിയ ചൂണ്ടയില്‍ കിടന്നു പിടയുന്ന കരിമീന്‍ കൂട്ടത്തിന്റെ ക്ലിപ്പ് കണ്ടപ്പോള്‍ ഒരു നിമിഷം ഞാന്‍ ആ മീനുകളില്‍ ഒന്നായി മാറിയതായി തോന്നി..ആ അനുഭവം ഇവിടെ കുറിക്കുന്നു..)

രാവിലെ മുതല്‍ ഒന്നും കിട്ടാതെ വിശന്നു നടക്കുകയായിരുന്നു ഞാനും അവളും മക്കളും. അപ്പോഴാണ് അതു കണ്ടത്...വെള്ളതില്‍ ആഹാര സാധനങ്ങള്‍!!! വിശന്നിട്ടു കണ്ണൂ കാണാത്ത നേരത്തു കിട്ടിയ ഒരു അനുഗ്രഹമേ...ആഹാരം വായിലേക്കു വച്ചതും പെട്ടെന്ന് എന്തൊ തൊണ്ടയില്‍ കുടുങ്ങി..അല്പം വെള്ളം കുടിക്കാം എന്നു കരുതുമ്പൊഴാണ് പെട്ടെന്നു പ്രാണന്‍ പോകുന്ന പോലെ വേദന അനുഭവപ്പെട്ടത്..ആരോ പെട്ടെന്നു എന്നെ തൊണ്ടക്കു കുത്തിപ്പിടിചു മേല്‍പ്പൊട്ട് വലിച്ചുയര്‍ത്തി...അവളും മക്കളും എന്റെ യടുത്തുനിന്നു പെട്ടെന്നു കീഴൊട്ട് പോകുന്നു!!! അല്ല ഞാന്‍ മേലോട്ടാണല്ലൊ പോകുന്നതു.....ശ്വാസം മുട്ടുന്നു...കണ്ണില്‍ ഇരുട്ടു കയറുന്നു...തൊണ്ടയില്‍ കത്തി കയറിയ പോലെ വേദനിക്കുന്നു..ഞാന്‍ പിടക്കുന്നുണ്ടോ?ഇതെന്താ വല്ലാത്തൊരു വെളിചം...കണ്ണു മഞ്ഞളിക്കുന്നു!! ആരോ എന്നെ പീടിചു അമര്‍ത്തുന്നുണ്ടല്ലൊ..വേദന സഹിക്കാന്‍ വയ്യ...അയ്യോ...എന്റെ തൊണ്ടവലിച്ചു കീറുന്ന വേദന..അമ്മേ...ശ്വാസം മുട്ടുന്നു..ഞാന്‍ എവിടെക്കൊ എടുത്തെരിഞ്ഞ പോലെ ചെന്നു തലയടിച്ചു വീണു..അടുത്തെവിടെയൊ..അവളുടെ നിലവിളി കേട്ടൊ?? മക്കളുടെ കരച്ചിലല്ലേ അത്...ബോധം മറയുമ്പൊള്‍ ആരൊ പറയുന്ന കേട്ടു.. “അടി പൊളി അളിയാ.. നമുക്കിതിനെ വറുത്തടിക്കാം..കുപ്പി അവന്‍ കൊണ്ടുവരും!!”

2011, നവംബർ 16, ബുധനാഴ്‌ച

സൊമാലിയ

"ഞാനൊരു പാട്ട് പഠിച്ചിട്ടുണ്ട് ..കോഴീടെ തുത്തില്‍ ഒളിച്ചിട്ടുണ്ട്...അപ്പം തന്നാല്‍ ഇപ്പൊ പാടാം..ശര്‍ക്കര തന്നാ പിന്നേം പാടാം " ....ആരാടാ ഈ പാട്ടുകാരന്‍ എന്ന് നോക്കുമ്പോഴാണ് അവനെ കാണുന്നത്.സോമാലിയ എന്ന് അന്നൊന്നും കേട്ട് തുടങ്ങിട്ടില്ല....എന്നാലും അങ്ങനൊരു രൂപം ആണ് പാട്ടിന്റെ ഉറവിടം.പിന്‍ ബഞ്ചില്‍ നിന്നാണ്.പിന്‍ ബെഞ്ച് എന്ന്  വച്ചാല്‍ വന്‍ നഗരങ്ങളിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കു ഓരത്തു ഉള്ള  ചേരി പോലെ എന്നാണ് നമ്മുടെ ഭാവം.മൂന്നു നേരം കഞ്ഞി കുടിക്കനുല്ലതിന്റെ വക ഉണ്ടായതിനാല്‍ ഇവനൊക്കെ യാരടേ ഇവടെ വലിഞ്ഞു കേറാന്‍  എന്ന പുജ്ഞം !! അതാണ്‌ ആദ്യം തോന്നിയത്.ബട്ടന്‍സ് ഒക്കെ പേരിനെ ഉള്ളു... ഷര്‍ട്ട്‌ പോലൊരു സാധനം ഞാത്തിയിട്ടുള്ളതില്‍. ഏഷ്യയുടെയും ആഫ്രിക്കയുടെയും ഒക്കെ മാപ് അതില്‍ അവിടവിടെയായി ഉണ്ട്.."കൊളംബസ് ഇങ്ങോട്ട് വരണ വഴി ഇടയ്ക്കു ആഫ്രിക്കയില്‍ ഇറങ്ങുമ്പോ സ്പെസിമെന് വേണ്ടി എടുത്തിട്ട കുരങ്ങന്‍ മാരില്‍ ഒന്ന് ഇവിടെ അടുത്തപ്പോ  അങ്ങേരുടെ മാപും അടിച്ചോണ്ട് ചാടി പോന്നതായിരിക്കും! അത് വച്ച് ഒന്ടാക്കിയതാവും  ആ കുപ്പായം .അതാ ആപ്പ്രികെന്റെ  പടം "  കണ്ടു പിടിത്തം അന്തോണി വഹ....
കുരങ്ങന്‍....അല്ലല്ല..വാല്‍ മാക്രി ..ഈനംപീച്ചി ...ഒറ്റ നിമിഷം കൊണ്ട് ഞങ്ങള്‍ വരേണ്യ വര്‍ഗക്കാര്‍ അവനു ഒരുപാട് പേരുകള്‍ സമ്മാനിച്ചു..എന്നാലും വില്‍‌സണ്‍ ഇട്ട പേരാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപെട്ടത്..'ഒറാന്ഗൂട്ടാന്‍'....സംഗതി എലിയോ പുലിയോ അതോ ഊരാമ്പുലിയോ എന്നൊന്നും മനസ്സിലായില്ലെങ്കിലെന്താ..കേള്‍ക്കാനൊരു സുഖമില്ലേ? ..ഒറാന്ഗൂട്ടാന്‍ !! അല്ലെങ്കിലും വില്‍‌സന്റെ പപ്പാ ദുബായില്‍ ആയതിന്റെ വിവരം അവനുണ്ട്! ! .........പിന്നെയാണ് സാധനം അപൂര്‍വ്വം ആയിട്ടുള്ള ഒരിനം കുരങ്ങാണ് എന്ന്‌ വില്‍‌സണ്‍ പറഞ്ഞു തന്നത്..

അപ്പോഴേക്കും മെറിന സിസ്റ്റര്‍ ക്ലാസ്സ്‌ എടുക്കാന്‍ വന്നതിനാല്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഗവേഷണം നടത്താന്‍ കഴിഞ്ഞില്ല. പക്ഷെ ഉച്ചക്ക് അന്തോണി പറഞ്ഞു...."അവന്റെ അപ്പന്‍ തല്ലീട്ടു അമ്മച്ചി സര്‍ക്കാരശുപത്രീലാരുന്നു.അതാ അവന്‍ ഇത്രേം നാള്‍ വരഞ്ഞേ..ഭയങ്കര കുടിയാ അയാള്‍.ചിലപ്പോ കവലേല്‍ വീണു കിടക്കണ കാണാം.!!" അപ്പൊ ഞങ്ങളെ പോലെ പാരമ്പര്യവും  ശരി അല്ല! ഒരു കാരണവശാലും ഇവന്‍ ഞങ്ങടെ കൂടെ ഇരുത്താന്‍ ഒക്കുന്ന ഇനം  അല്ല.....അന്തോണീ ടേം  വില്‍‌സണ്‍ടേം  ഒക്കെ സ്റ്റാന്‍ഡേര്‍ഡ് വച്ചു നോക്കിയാ ഒട്ടും പറ്റില്ല !
 
അന്നുച്ചക്കു ഞങ്ങള്‍ ചോറ് ഉണ്ണാന്‍ ഇരിക്കുമ്പോള്‍ ആണ് ആദ്യ ബോംബു പൊട്ടിയത്.വില്‍‌സന്റെ ചോറ് പാത്രം കാലി!ചപ്പാത്തീം ചിക്കനും ആയിരുന്നെടാ...ആരോ  കട്ടു തിന്നിരിക്കുന്നു ..ഡ്രില്‍ പീരീഡ്‌ നു എല്ലാരും കളിയ്ക്കാന്‍ പോകുമ്പോള്‍ ആയിരിക്കണം!  കര്‍ത്താവേ !! എനിക്ക് വെശന്ന് കൊടല് കരിയുന്നേ....വിത്സന്‍ കരച്ചിലിന്റെ വക്കിലെത്തി!
നമുക്ക് സിസ്റര്‍ നോട് പറയാം...".ഒരു.....മിനിറ്റ് ..ഇതൊന്നു തീര്‍ത്തോട്ടെ"..നോക്കുമ്പോ അന്തോണി ഗ്രഹണി പിടിച്ച പിള്ളേര് ചക്ക കൂട്ടാന്‍   കണ്ട പോലെ വലിച്ചു വാരി വായില്‍ കുത്തി നിറയ്ക്കുകയാണ് !!നല്ല കൂട്ട് കാരന്‍!!!എങ്ങാനും  ഷെയര്‍ ചെയ്യേണ്ടി വന്നാലോ ?? ഇങ്ങോട്ട് രണ്ടു ചിക്കന്‍ പീസ് വാങ്ങിയാലും അങ്ങോട്ട്‌ ഒന്നും കൊടുക്കരുതെന്നാണ് അവന്റെ പോളിസി !!  പലിശക്കാരന്‍ പത്രോസിന്റെയല്ലേ മോന് !!
മരീന സിസ്റ്റര്‍ അവനെ കോണ്‍വെന്റില്‍ കൊണ്ട് പോയി ചോറ് കൊടുത്തു എന്നല്ലാതെ വേറൊന്നും സംഭവിച്ചില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോ ലഞ്ച് ടൈമില്‍ വീണ്ടും ഒരു നിലവിളി ഉയര്‍ന്നു!ഇത്തവണ അന്തോണി ആയിരുന്നു എന്ന്‌ മാത്രം.ഞാനടക്കം പലരും മഠത്തില്‍ നിന്നു ഉള്ള ഊണിന്റെ രുചി അറിഞ്ഞതല്ലാതെ പക്ഷെ ഒരിക്കല്‍ പോലും ആ കള്ള പൂച്ച പിടിക്കപ്പെട്ടില്ല.
 
മാസങ്ങള്‍ കടന്നു പോയി...ഒരുദിവസം മൂന്നാം പിരീട് ടീച്ചര്‍ വരാത്തതിനാല്‍ എല്ലാരേയും ഗ്രൗണ്ടില്‍ വിട്ടു.കളിയുടെ ഇടയില്‍ ഒന്ന് കാര്യം സാധിക്കാന്‍ ബാത്ത് റൂം ലേക്ക് ഓടുന്ന സമയത്താണ് അത് കണ്ടത് !!ബാത്ത് റൂമിന്റെ അടുത്തുള്ള കോണിച്ചോട്ടില്‍ ഒരനക്കം.പെരുച്ചാഴി ആണെന്നാണ് ആദ്യം കരുതിയത്‌.അടുത്തേക്ക് ചെന്നതും കൊനിചോട്ടില്‍ നിന്നും ഒരുത്തനുണ്ട് ശരം വിട്ടപോലെ ഓടുന്നു..നോക്കുമ്പോള്‍ അനിതയുടെ ലഞ്ച് ബോക്സ്‌ പാതി കഴിച്ച നിലയിലും ബാക്കി ഓട്ടത്തിനിടയില്‍ ചിതറിയ നിലയിലും കോണി ച്ചോട്ടില്‍  കിടക്കുന്നു .!!! കാലില്‍ ചിറകുമുളച്ചു എന്നൊക്കെ പറയില്ലേ അതുപോലെ ആയിരുന്നു എന്‍റെ ഓട്ടം.മൊത്തം സ്കൂള്‍ കെട്ടിടത്തിനും ഒന്നുരണ്ടു വട്ടം പ്രദക്ഷിണം വച്ചെങ്കിലും കോണിച്ചോടീന്നു  ഓടിയ പെരുച്ചാഴിയെ ഞാന്‍ 'പിടികൂടി ....ദേ പിന്നേം പോയി' എന്ന മട്ടിലായിരുന്നു കാര്യങ്ങള്‍ !!! പെട്ടെന്നാണ് ഞാന്‍ ഒരു ഇഷ്ടികയില്‍ തട്ടി വീണത്‌. പുതിയ ഗേറ്റ് വക്കാന്‍ കൊണ്ടുവന്നതിന്റെ ബാക്കി ആയതാഎന്നു തോന്നുന്നു. പിന്നൊന്നും നോക്കിയില്ല..ഇഷ്ടിക എടുത്തു ഞാന്‍ പെരുചാഴിക്കിട്ടു ഒറ്റയേറ് !!! "ഹെന്ടമ്മ..ച്യേ...." എന്ന വിളിയോടെ കള്ളന്‍ കമിഴ്ന്നടിച്ചു വീണു.
സ്കൂള്‍ ആണെന്ന് മറന്നു ഞാന്‍ കൂവി വിളിച്ചു" കള്ളനെ പിടിച്ചേ..ചോറ് കള്ളനെ പിടിച്ചേ..."
അസ്സംബ്ലി യില്‍ കള്ളന്‍ സൊമാലിയ യെ നിര്‍ത്തുന്നതും എന്നെ ഹെഡ് മിസ്ട്രെസ്സ് അഭിനന്തിക്കുന്നതും ഞാന്‍ സ്വപ്നം കണ്ടു. ..
പക്ഷെ ഒന്നും സംഭവിച്ചില്ല..
ഒരു ദിവസം..
രണ്ടു ദിവസം ....
ങേ ഹേ ...ഒന്നും നടക്കുന്നില്ല...ഒരു കാര്യം കൂടി ഇതിനിടെ ഞാന്‍ ശ്രദ്ധിച്ചു !! മെറീന സിസ്റ്റര്‍ പഴയപോലെ എന്നോട് മിണ്ടുന്നില്ല...മൈന്‍ഡ് ചെയ്യുന്നേയില്ല ..
 
 മാസങ്ങള്‍ക്ക് ശേഷം ഒരു ദിവസം സിസ്റര്‍ എന്നോടു പറഞ്ഞു ..നമുക്കൊരിടം വരെ പോകാനുണ്ട് ..എന്‍റെ കൂടെ വാ...പെട്ടെന്ന് എനിക്ക് ഒരു ബൂസ്റ്റ്‌ കുടിച്ച എഫ്ഫക്റ്റ്‌ ആയിരുന്നു ..സിസ്റ്റര്‍ വീണ്ടും എന്നോട് മിണ്ടുന്നു !!!എവിടെ ആണെന്ന് ചോദിച്ചില്ല..അപ്പോള്‍ യേത് നരകത്തിലെക്കാനെങ്കിലും ഞാന്‍ കൂടെ പോകുമായിരുന്നു കാരണം സിസ്റെരുറെ pet ആയിരുന്ന എന്നോട് സിസ്റ്റര്‍ മിണ്ടാതായപ്പോള്‍ പാര അന്തോണിയുടെ ചിരി എന്‍റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറെ നാള്‍ ആയിരുന്നു....(നോക്കെടാ പാരെ ..ഞങ്ങള്‍ വീണ്ടും കൂട്ടായി ..എന്ന്‌ വിളിച്ചു കൂവാന്‍ തോന്നിയിരുന്നു എങ്കിലും അത് വീണ്ടും പ്രശന മായാലോ എന്ന്‌ വിചാരിച്ചു മാത്രം ഞാന്‍ മിണ്ടാതിരുന്നു).

ഞങ്ങളുടെ യാത്ര അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് നിന്നത്......വെള്ള പെയിന്റ് അടിച്ച കട്ടിലിന്റെ വശത്തായി ഒരു കീറപ്പായില്‍ ചുരുണ്ട് കൂടി കിടക്കുന്ന സ്ത്രീയുടെ അടുത്തു നിലത്തു കുത്തിയിരിക്കുന്ന ആളെ ഞാന്‍ വേഗം തിരിച്ചറിഞ്ഞു....കുറെ ദിവസമായി കാണാന്‍ ഇല്ലാതിരുന്ന സോമാലിയ !ഷര്‍ട്ട്‌ ഇട്ടിട്ടില്ല ..എല്ലുന്തിയ പുറത്ത്‌ ചോര കട്ടപിടിച്ചു കിടക്കുന്നുണ്ട് ..ഇഷ്ടിക കൊണ്ടതാവും !!
മരുന്നിന്റെ മണവും വൃത്തികേടിന്റെ കൂമ്പാരവും നിറഞ്ഞ അവിടെനിന്നും എങ്ങിനെയെങ്കിലും രക്ഷപെട്ടാല്‍ മതി എന്നായിരുന്നു എനിക്ക്.കുറെ നേരം ജനലിലൂടെ പുറത്തേക്ക് നോക്കി സമയം കളയാന്‍ ശ്രമിച്ചു..മുടന്തിയും നൊന്ടിയും  ചുമച്ചും ചുവന്ന വെള്ളം പോലുള്ള മരുന്ന് നിറച്ച കുപ്പിയുമായി പുറത്തേക്ക് പോകുന്ന രൂപങ്ങള്‍...എല്ലാരുടെയും കയ്യിലെ മരുന്നിനു ചുവന്ന നിറം !!!! ഇവര്‍ക്കൊക്കെ ഒരേ അസുഖം ആണോ??
ആരോ നിക്കറിന്റെ അറ്റത്ത് പിടിച്ചു വലിക്കുന്നതരിഞ്ഞു ഞാന്‍ തിരിഞ്ഞു നോക്കി....സൊമാലിയയുടെ അനിയത്തിപെണ്ണ് !!ജനിച്ചിട്ട്‌ ഇന്ന് വരെ എണ്ണ കണ്ടിട്ടില്ലാത്ത മുടിയും അഴുക്കു പിടിച്ച മുഖവും....സിസ്റ്റര്‍ കൊടുത്ത റൊട്ടിയുടെ ഒരു കഷണം എനിക്ക് നീട്ടുകയാണ് അവള്‍ !.....തിരിഞ്ഞു നോക്കാതെ ഞാന്‍ ഒറ്റ ഓട്ടം വച്ചു കൊടുത്തു. ഗേറ്റ് നു പുറത്തു സിസ്റ്റര്‍ വരും വരെ ഞാന്‍ കാത്തു നിന്നു.....
തിരികെ സ്കൂളിലേക്ക് നടക്കുമ്പോള്‍ സിസ്റ്റര്‍ ചോദിച്ചു..."നീ അവള്‍ തന്ന റൊട്ടി എന്താ വാങ്ങാതിരുന്നത് ?....ഞാന്‍ ഒന്നും മിണ്ടിയില്ല.
അവള്‍ ആശുപത്രിയില്‍ നിന്നും അമ്മക്ക്  കിട്ടുന്ന റൊട്ടിയുടെ ഒരു കഷ്നമാണ്  ആകെ കഴിഞ്ഞ ഒരാഴ്ച ആയി തിന്നുന്നത്.വിശന്നിട്ടു  കണ്ണ് കാണാത്ത അവസ്ഥയിലാണ് ,എന്നിട്ടും അവള്‍ ഒരു കഷണം നിനക്ക് വച്ചു നീട്ടി....അവളുടെ ചേട്ടന്‍ വിശന്നപ്പോള്‍ വേറെ വഴിയില്ലാതെ നിങ്ങളുടെ ചോറെടുത്ത് തിന്നപ്പോ നീ അവന്റെ പുറം ഇഷ്ടിക കൊണ്ട് എറിഞ്ഞു പൊളിച്ചതാണ് എന്ന്‌ അവള്‍ക്കറിയാം...എന്നിട്ടും .."
എന്‍റെ തൊണ്ട വരണ്ടു !! കാലുകള്‍ നിലത്തു വേരിറങ്ങി !!അവ മുന്നോട്ടു നീങ്ങാന്‍ വിസമ്മതിച്ചു.......എത്ര ശ്രമിച്ചിട്ടും !!
അന്ന് മുതല്‍ അഴുക്കു പിടിച്ച ആ കരിവാളിച്ച മുഖവും കുഴിഞ്ഞ കണ്ണുകളും പാറിപ്പറന്ന ചപ്ര തലമുടിയും എന്നെ പിന്തുടരാന്‍ തുടങ്ങി...അമ്മയുണ്ടാക്കുന്ന സാമ്പാറോ ചിക്കനോ ദോശയോ ഒന്നും എന്‍റെ തൊണ്ടയില്‍ നിന്നും കീഴോട്ടു ഇറങ്ങുന്നില്ല ......നീട്ടി പ്പിടിച്ച ആ റൊട്ടി മാത്രമായിരുന്നു മുന്നില്‍....
ഉച്ചക്ക്  ലഞ്ച് ബോക്സ്‌ തുറന്നാല്‍ അതിലും ആ റൊട്ടി മാത്രം !...എനിക്ക് മിണ്ടാട്ടം മുട്ടി...എന്‍റെ തോളില്‍ ആരുടെയോ കൈ അമരുന്നത് അറിഞ്ഞു ഞാന്‍ നോക്കുമ്പോള്‍ മെറീന സിസ്റ്റര്‍ ആണ് ......" നീ വിശന്നിരുന്നാല്‍ പ്രായശ്ചിത്തമാവില്ല ...കഴിക്കു ...ഇനി ആരോടും അങ്ങനെ ചെയ്യാതിരുന്നാല്‍ മതി ...ആരും കള്ളനായി ജനിക്കുന്നില്ല എന്ന്‌ മനസ്സിലായോ ...?ദൈവം നിങ്ങളോടൊക്കെ എത്ര വലിയ കരുണയാണ് കാണിച്ചിട്ടുള്ളത് എന്നും "...........നാണമില്ലാതെ വലിയവായില്‍ വീണ്ടും ഞാന്‍ ഉറക്കെ കരഞ്ഞു....ചോറ് പാത്രവും കയ്യില്‍ വച്ചു കാരണമൊന്നും കൂടാതെ ഇവന്‍ വലിയവായില്‍ മോങ്ങുന്നത് എന്തിനനെന്നറിയാതെ   അന്തോണിയും വിത്സനും അന്തം വിട്ടു നോക്കുന്നതും,ഇരട്ടവാല്‍ മുടിയുള്ള പെണ്‍കുട്ടി കാണുന്നതും   എനിക്ക് പ്രശ്നമായിരുന്നില്ല അല്ലെങ്കില്‍ കണ്ണുനീരില്‍ കാഴ്ച മങ്ങി അവരൊക്കെ ഇല്ലാതായി ..സിസ്റ്റര്‍ പറയുന്നതൊന്നും കേട്ടില്ല .ഞാന്‍ കരഞ്ഞു.....

പിന്‍ കുറിപ്പ് : ഒരു പൊതി ചോറ് ഇടയ്ക്കു അവനും കൊണ്ടുവന്നു കൊടുത്താല്‍ മതി എന്ന മെറീന സിസ്റെരുറെ പ്രായശ്ചിത്തം ഒരിക്കലും എനിക്ക് ചെയ്യാന്നായില്ല...കാരണം സോമാലിയ പിന്നെ ഒരിക്കലും സ്കൂളില്‍ വന്നില്ല.അമ്മ മരിച്ചുപോയി എന്നും അപ്പന്‍ അതോടെ വീട്ടില്‍ വരാതായി..സോമാലിയ എങ്ങോട്ടോ നാട് വിട്ടു പോയി എന്നും പെങ്ങള് പെണ്ണിനെ പഞ്ചായത്ത് മെമ്പറും ഒക്കെ കൂടി ഏതോ അനാഥാലയത്തില്‍ ആക്കി എന്നും അവധി കഴിഞ്ഞു വന്നപ്പോള്‍ അന്തോണി പറഞ്ഞു കേട്ടു.....വര്‍ഷങ്ങള്‍ക്കിപ്പുറവും....ചോറിനു മുന്‍പില്‍ ഇരിക്കുമ്പോള്‍ എന്‍റെ മുന്‍പില്‍ റൊട്ടിയും നീട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു അഴുക്കുപിടിച്ച മുഖവും ആ ചപ്രതലമുടിയും വന്നു നില്‍ക്കുന്നു...അറിയാതെ ഒരു കരച്ചിലിനൊപ്പം ചോറ് തൊണ്ടയില്‍ കുരുങ്ങുന്നു !!!!

 

2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നഷ്ടപ്പെട്ട് പോയൊരു ഇരട്ടവാലിന്റെ ഓര്‍മ്മ

മനുവും ലെച്ചുവും ദേവസികുട്ടിയും ഞാനുമടങ്ങുന്ന മൂന്നരക്കൂട്ടം അങ്ങനെ അടിച്ചു പൊളിച്ചു നടക്കുന്നതിനിടയില്‍ ആണ് പെട്ടെന്നൊരു ദിവസം ഞങ്ങള്‍ വീട് മാറുന്നത്.മൂന്നു നാല് കൊല്ലം കൂടുമ്പോള്‍ അപ്പോഴുള്ള വീട്  വിറ്റു  പുതിയ വീട് വാങ്ങുന്നത് അച്ഛന്റെ ഒരു ശീലമായിരുന്നു.കൂടുതല്‍ നല്ല സ്ഥലം അല്ലെങ്കില്‍  വലിയ വീട് ആയിരിക്കും മിക്കവാറും എന്നതിനാല്‍ അമ്മയ്ക്കും അത് സന്തോഷം!
നമ്മള്‍ അന്ന് വോട്ടവകാശം  പോയിട്ട് റേഷന്‍  കാര്‍ഡില്‍ പേര് പോലും ചേര്‍ത്തിട്ടില്ലാത്ത അവസ്ഥയില്‍ ആയതിനാല്‍ എന്‍റെ ഇഷ്ടവും അനിഷ്ടവും ആരും പരിഗണിച്ചിരുന്നില്ല.
പ്രതിഷേധ സൂചകമായി അത്യാവശ്യം ചില്ലറ കുഞ്ഞു വിപ്ലവങ്ങള്‍ ഒക്കെ,ന്ന്വച്ചാല്‍ സൈക്കിളിന്റെ കാറ്റു അഴിച്ചു വിടുക.അച്ഛന്റെ ഒരു  ചെരിപ്പെടുത്തു പറമ്പില്‍ കളയുക ഇത്യാദി വേലകളൊക്കെ ചെയ്തു നോക്കി.ഞാന്‍ കാറ്റു ഊരി വിടുമ്പോള്‍ ഒക്കെ   പഞ്ചര്‍ കടയിലെ തോമ്മാച്ചന്‍ എങ്ങിനെയാ  ഒരു മുള്ളാണി ടയറില്‍ നിന്നും കണ്ടെത്തുന്നത് എന്ന രഹസ്യം എനിക്ക് ഇനീം മനസ്സിലാവാത്ത കാര്യമാണ്. അതുപോലെ സ്ഥിരമായി രാത്രി  ബാക്കിയാവുന്ന ചോറ് തിന്നാന്‍ മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ചൊക്ലിപ്പട്ടി,എന്‍റെ ചെരുപ്പ് വിപ്ലവത്തിന്റെ ക്രെഡിറ്റും കൂടി തട്ടി എടുത്തതോടെ എന്നിലെ ചെഗുവേര ക്ലച്ചു പിടിക്കാതെ പോയത് മാത്രം മിച്ചം !
അങ്ങനെ ഒരു മാറ്റത്തിനു ഒപ്പം സ്കൂള്‍ കൂടി മാറിയതോടെ മൂന്നരക്കൂട്ടം വഴി പിരിഞ്ഞു പോയി.
കന്യാസ്ത്രീ അമ്മമാരുടെ ഒരു കോണ്‍വെന്റ് സ്കൂള്‍ ആയിരുന്നു ഞാന്‍ ചെന്ന് പെട്ട സ്ഥലം.മുഖം മാത്രം പുറത്ത്‌ കാണുന്ന ഏതാണ്ടൊരു തരം തുണിയൊക്കെ തലയിലിട്ടു, നെടു നീളന്‍ കുപ്പായവും വയറിന്റെ ഭാഗത്ത്‌ ഒരു കയറും ഒക്കെ ഇട്ടു കെട്ടിയുള്ള സിസ്റ്റര്‍മാരുടെ  വേഷം ,ഒക്കെ കൂടി ആയപ്പോള്‍, നാലാം ക്ലാസുകാരന്‍ ഒരു  ദിവസം പുലര്‍ന്നപ്പോള്‍  നേരെ ചൊവ്വയില്‍ ചെന്ന്  കണ്ണ് തുറന്നു എണീറ്റ പ്രതീതി ആയിരുന്നു എന്റേത്. 
പുസ്തകങ്ങള്‍ക്ക് പുറമേ മോറല്‍ ക്ലാസ്സ്‌ എന്ന പേരില്‍ ഒരു ഉപദേശ കച്ചേരി കൂടി ദിവസവും ആയപ്പോള്‍ എന്നെ വല്ല ദുര്‍ഗുണ പരിഹാര പാഠ ശാലയിലുമാണോ അച്ഛന്‍ കൊണ്ട് ചേര്‍ത്തത് എന്ന്‌ ഞാന്‍ സംശയിക്കാതിരുന്നില്ല.
കോണ്‍വെന്റ് സ്കൂള്‍ എന്നാല്‍ പഴയ സര്‍ക്കാര്‍ വഹ പള്ളിക്കൂടം പോലല്ല യൂണിഫോം  ഒക്കെ കാണും എന്ന്‌ മാത്രമല്ല അത് ക്രീം ഷര്‍ട്ടും  കടും നീല കളസവും ഒക്കെ ആയിരിക്കും എന്നുള്ള അച്ഛന്റെ അതിബുദ്ധിയും കൂടി ആയപ്പോള്‍ ഞാന്‍ ആദ്യ ദിവസം തന്നെ ടിപ് ടോപ്‌ ആയിട്ടാണ് പോയത്. അവിടെ ചെല്ലുമ്പോള്‍ അല്ലേ കാര്യത്തിന്റെ കിടപ്പ് വശം മനസ്സിലാവുന്നത്. പെന്ഗ്വിനുകളെ വേഷമിട്ടു നടക്കുന്ന സിസ്റ്റര്‍ മാര്‍ ഒഴിച്ചാല്‍ ബാക്കി ഒക്കെ  കോഴിക്കൂട്ടില്‍   നിന്ന് പുറത്ത്‌ ചാടിയ കോഴികളെപ്പോലെ പല ജാതി നിറങ്ങളിലായിരുന്നു.എല്ലാം കൂടി എന്നെ ഏതോ ചന്ദ്രനില്‍ നിന്നും വന്ന ജീവിയെ എന്ന പോലെ ചുറ്റും കൂടി മിഴിച്ചു നോക്കാനും വായും പൊളിച്ചു നില്‍ക്കാനും തുടങ്ങി. ഒന്ന് രണ്ടെണ്ണം പിച്ചിയും നുള്ളിയും ഒക്കെ നോക്കി മനുഷ്യ ജീവി തന്നെ എന്ന്‌ ഉറപ്പ് വരുത്തി. അപ്പോഴേക്കും ഒരു പെന്‍ഗ്വിന്‍ വേഷധാരി ആയ സിസ്റ്റര്‍ (ആരും ദേഷ്യപ്പെടല്ലേ ...ഇതില്‍ മത കലഹത്തിനൊന്നും വകയില്ല.നാലാം ക്ലാസ്സുകാരന്‍ ആദ്യമായി കന്യാസ്ത്രീകളെ അവരുടെ വേഷ ഭൂഷടികളില്‍ കാണുകയല്ലേ..ക്ഷമിച്ചുകള ) വന്നു..എല്ലാരും എണീറ്റു നിന്ന്..ഗുഡ് മോര്‍ണിംഗ് സിസ്റെര്ര്ര്ര്ര്ര്‍ ..എന്ന്‌ ഒറ്റ നീട്ടല്‍..ഇത് മുന്‍പ് പരിചയം ഇല്ലാത്തതാണ് ..എന്നാലും ആ ട്യൂണ്‍ എനിക്കിഷ്ടമായി. ഒരു മൂന്നു തവണ കൂടി ഞാന്‍ അത് അപ്പൊ തന്നെ ആവര്‍ത്തിക്കുകയും ചെയ്തു!
അതിനു ഫലം അപ്പൊ തന്നെ ഉണ്ടായി. മൂന്നാമത്തെ ബെഞ്ചില്‍ ഇരുന്ന അലക്കി കഞ്ഞി മുക്കി ഇസ്തിരിയിട്ടിരുന്ന ചെക്കനെ  സിസ്റ്റര്‍ക്കങ്ങു  ബോധിച്ചു ! മുന്‍ ബഞ്ചിലേക്ക് പ്രമോഷന്‍ ആയി ഉടന്‍ ! നമ്മുടെ കയ്യിലിരിപ്പ് അപ്പൊ അറിഞ്ഞൂടല്ലോ  പാവത്തിന്!
ഇതിനു ശേഷമാണ് പാട്ട് തുടങ്ങിയത്"ദൈവമേ നിന്‍ കൃപാവരം.." എന്നോ മറ്റോ തുടങ്ങുന്ന ഒരു പാട്ട്..മുപ്പതു പിള്ളേര്‍ നാല്‍പ്പതു ശ്രുതിയില്‍ എട്ടരക്കട്ടക്ക് പിടിക്കുകയാണ്!രണ്ടു മിനിട്ടെടുത്തു ആ കീറല്‍ തീരാന്‍. എല്ലാരും ഇരുന്നു. അടുത്തിരുന്ന അന്തോണി ആണ് പറഞ്ഞത്.ഇത് പ്രാര്‍ത്ഥന ആണ് എന്നും ഇതൊക്കെ എല്ലാ പീരീഡ്‌ നു മുന്‍പും പാടണം എന്നും.
എല്ലാം കൂടി ആകെ മായാ പ്രപഞ്ചത്തില്‍ പെട്ട അവസ്ഥ ! 
പിറ്റേ ദിവസം ആണ് ശരിക്കും ഞാന്‍ ഞെട്ടിയത്!  എന്‍റെ കുത്തക  തകര്‍ത്തു കൊണ്ട് പുതിയൊരാള്‍ അവതരിച്ചു.എന്നെപ്പോലെ വേറെ ഏതോ സ്കൂളില്‍  നിന്നും ടീ സീ വാങ്ങി വന്ന ഒരു പെണ്‍ കുട്ടി.എന്‍റെ പോലെ തന്നെ യൂനിഫോര്മില്‍ !അവള്‍ നമ്മളെ പോലെയല്ല ഏതോ കൊള്ളാവുന്ന ഇന്ഗ്ലീഷ്‌ മീഡിയം സ്കൂളില്‍ നിന്നാണ് വരവ്.
പിന്നെ ഒരു കാര്യം പറയാന്‍ വിട്ടു.ഈ സ്കൂളില്‍ ആണ്‍  പിള്ളേരും പെണ്‍ പിള്ളേരും എന്ന വ്യത്യാസം ഒന്നും ഇല്ല.പേരിന്റെ ക്രമത്തില്‍ ആണ് ഇരുത്തുക.അന്തോണി ഉണ്ടായിട്ടും അനിത യുടെ അടുത്ത് അവനെ ഇരുത്തിയില്ല. പകരം ഒരേ വേഷവും വച്ചു കെട്ടലും ആയി അച്ചടിവടിവില്‍ വന്ന ഞങ്ങള്‍ രണ്ടിനേം അടുത്ത്തടുതിരുത്തനുള്ള ദുര്‍ബുദ്ധി ക്ലാസ്സ്‌ ടീച്ചര്‍ ആയ പെന്ഗ്വിന് തോന്നി. അതോടെ എന്റെ കഷ്ട കാലവും തുടങ്ങി. "ഹല്ലോ ഗുഡ് മോര്‍ണിംഗ്...ഐ ആം അനിറ്റ ജേകബ് ..ഹൌ ഡു യു ഡൂ... ആര്‍  യൂ ന്യൂ ടു ദിസ്‌ സ്കൂള്‍ ലൈക്  മീ..?എന്നൊക്കെ മുല്ലപെരിയാര്‍ ഡാം തുറന്നു വിട്ട പോലെ പെണ്ണ് ഇന്ഗ്ലീഷില്‍ ഒറ്റ അലക്കാ അലക്ക്യത്തോടെ നമ്മടെ കാറ്റ്  പോയിക്കിട്ടി....
അവള്‍ ആകെ ക്ലാസ്സില്‍ എന്നോട് മാത്രമേ മിണ്ടൂ..(സിസ്റെര്സ് നോട് ഒഴിച്ച് ..യൂനിഫോരം പറ്റിച്ച പണിയേ!)അതോടെ വേറെ ആരും എന്നോട് മിണ്ടാതായി.അന്തോണി പോലും പറഞ്ഞു..നീ ആ പത്രാസു കാരിയോടല്ലേ കൂട്ട്.ഞങ്ങളോട് മിണ്ടനതെന്തിനാ? 
എനിക്കവള്‍ പറയണ ഒടുക്കത്തെ  ഇന്ഗ്ലീഷ്‌ ഒന്നും മനസ്സിലാവണില്ല...തിരിച്ചു പറയാന്‍ പണ്ടേ അറിയില്ല...ഞാന്‍ ഭയങ്കര ജാഡ ആണെന്നും അവളോട്‌ മിണ്ടുകയില്ല എന്നും പിന്നീട് അവള്‍ ക്ലാസ്സ്‌ ടീച്ചര്‍ നോട് പരാതി പറയുകയും കൂടി ചെയ്തു. സത്യം പറഞ്ഞാല്‍ ഉള്ള വെയിറ്റ് പോകും.ക്ലാസ്സില്‍ ഏറ്റവും ഭംഗി അവളെ കാണാന്‍ ആണ്.നാലാം ക്ലാസ്സില്‍ ആണെങ്കിലും ഭംഗിയുള്ളവരോട് മിണ്ടാന്‍ എനിക്ക് കുറച്ചു ഇഷ്ടം അന്നേ കൂടുതലും ആണ്.
ഇപ്പൊ മനസ്സിലായിക്കാണുമല്ലോ പാവം എന്‍റെ ദയനീയാവസ്ഥ!ചുരുക്കം പറഞ്ഞാ പട്ടിക്കു മുഴുവന്‍ തേങ്ങാ കിട്ടിയ പോലെയായി!!!
ഇതിന്റെ പ്രതികരണം പലപ്പോഴും തരം കിട്ടുമ്പോള്‍ അവളുടെ മുടി പിടിച്ചു വലിച്ചിട്ടു തിരിഞ്ഞിരിക്കുക. ഡ്രെസ്സില്‍ മഷി കുടയുക തുടങ്ങി എന്നിങ്ങനെയൊക്കെ ആയി മാറി.പക്ഷെ ഒരിക്കലും അവള്‍ പരാതിയുമായി സിസ്റ്റര്‍ ന്റെ അടുത്ത് പോകാത്തതിന്റെ രഹസ്യം എനിക്ക് മനസ്സിലായില്ല. പണ്ട് ഞാന്‍ ഡോമിനിക് നെ പേടിച്ച പോലെ അവള്‍ എന്നെ പേടിച്ചിട്ടായിരിക്കും എന്നാണ് ഞാന്‍ കരുതിയത്‌.
 ഹോസ്റ്റലില്‍ സിസ്റ്റര്‍ മാരുടെ കൂടെ ആയിരുന്നു അവള്‍ താമസം.ദൂരെ എവിടെയോ ഡോക്ടര്‍ ആയ പപ്പയും മമ്മിയും ഇടയ്ക്കു ഒരു പ്രീമിയര്‍ പദ്മിനിയില്‍ വരുന്നത് കാണാം. അടുത്ത ദിവസം അവള്‍ ഫൈവ്സ്ടാറും  പലഹാരങ്ങളും ഒക്കെ കൊണ്ടുവരും.മറ്റുള്ളവര്‍ക്കൊക്കെ ഒരു Echlire ഇല്‍ ഒതുക്കുമ്പോള്‍ എനിക്ക് ഫൈവ് സ്റ്റാര്‍ ആയിരിക്കും. എനിക്കെങ്ങും വേണ്ട അവളുടെ ഒരു ..എന്ന്‌ പറയുമ്പോഴേക്കും അവസരം കാത്തിരുന്ന പോലെ അന്തോണി കള്ളന്‍ എനിക്ക് തന്നേക്കൂ എന്ന്‌ തട്ടിപ്പറിക്കും....പക്ഷെ ഞാന്‍ സമ്മതിക്കില്ല നിനക്കും വേണ്ടാ ...അതോടെ അവള്‍ പിന്മാറും.പിന്നെ കുറെ നേരം മാറി ഇരുന്നു കരയും. "അവളുടെ ഒരു കള്ളക്കരച്ചില്‍ ....പോകാന്‍ പറ" എന്ന്‌ ഉറക്കെ പറയുമ്പോളും  സത്യമായും അത് വാങ്ങണം എന്നുണ്ട്.പക്ഷെ അവളെ കാണുമ്പോള്‍ എല്ലാം പിന്നെ നേരെ വിപരീതമാകുന്നത് എങ്ങനെയാണെന്ന് ഒരു പിടീം ഇന്നും എനിക്ക് കിട്ടീട്ടില്ല!ഇരട്ട വാല്‍ മുടിയും നിറഞ്ഞ കണ്ണുകളും സ്കൂള്‍ വിട്ടു വന്നാലും എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഇങ്ങനെ വടിയും  ഒടിയൂല്ല പാമ്പും ഒട്ടു ചാവുന്നില്ല എന്നപോലെ   അഞ്ചാം ക്ലാസും കടന്നു ആറാം ക്ലാസ്സില്‍ എത്തി.
ആയിടക്കാണ്‌ എല്ലാ ക്ലാസ്സിലെക്കും കാരംസ് ബോര്‍ഡ്‌ കിട്ടിയത്. ദിവസവും ഉച്ചയൂണ് കഴിഞ്ഞു ഒരു മുക്കാല്‍ മണിക്കൂര്‍ സമയം ഉണ്ടാവും.ആ സമയത്ത് കളിക്കാം.അല്ലെങ്കില്‍ മോറല്‍ സയന്‍സ് ഡ്രില്‍ പീരീഡ്‌ ഒക്കെ. പക്ഷെ ആദ്യ ദിവസം തന്നെ മിക്കവാറും എല്ലാ ക്ലാസ്സിലും അതിനു വേണ്ടി വഴക്കായതിനാല്‍ ഒരു ദിവസം ആണ്‍കുട്ടികള്‍ക്കും ഒരുദിവസം പെണ്‍ കുട്ടികള്‍ക്കുമായി അവകാശം കൊടുത്തു കൊണ്ട് കാരംസ് തീരുമാനമായി.
നമുക്ക് ഇതിലൊന്നും ഒരു താല്‍പ്പര്യവും ഇല്ലാത്തതിനാല്‍ അത് നമ്മളെ ബാധിക്കുന്ന കാര്യം ആയിരുന്നില്ല. അപ്പോഴാണ് അന്തോണി ഒരു ദിവസം പറയുന്നത്.ഡാ ...അവള് ഭയങ്കര കാരംസ് കളിയാ..അവളുടെ കയ്യില്‍ സ്ട്രൈക്കര്‍ കിട്ടിയാല്‍ ഒരു ആറോ ഏഴോ കോയിന്‍ വീഴാതെ അത് വേറെ ആര്‍ക്കും കിട്ടില്ല..
അന്ന് പെണ്‍കുട്ടികള്‍ക്കാണ് കാരംസ് കളിയ്ക്കാന്‍ ഉള്ള അവകാശം....ഒറ്റയോട്ടമായിരുന്നു ക്ലാസ്സിലേക്ക്..നിലത്തിരുന്നു പെണ്‍പിള്ളേര്‍ എല്ലാം കൂടി കാരംസ് തകര്‍ത്തു കളിയാണ് .അനിത യുടെ കയ്യിലാണ് സ്ട്രയികകര്‍ ! റെഡ് മാത്രമേ ഫിനിഷ് ചെയ്യാനുള്ളൂ .....
അവള്‍ അങ്ങനെ ആള്‍ ആകണ്ടാ.....തട്ടി മാറിക്കെടാ ...അന്തോണി പിന്നില്‍ നിന്നും എരി കേറ്റുക കൂടി ആയപ്പോ പിന്നെ ഒന്നും നോക്കിയില്ല....
കാരംസ് ബോര്‍ഡിന്‍റെ നടുവിലേക്ക് കയറി ഞാന്‍ ഒറ്റ ഇരിപ്പാണ് !!!
അയ്യോ..മാറ് ആ കളി ഫിനിഷ് ചെയ്യട്ടെ ......പെണ്‍ പിള്ളേര്‍ കോറസ് പാടിയിട്ടും ഒരു കുലുക്കവും ഇല്ല."ഇന്ന് ഞങ്ങളുടെ ദിവസമാ..ഗേള്‍സിന്റെ അല്ല" ഞങ്ങള്‍ തമ്മില്‍ തര്‍ക്കമായി...ആര് എന്തൊക്കെ പറഞ്ഞിട്ടും ഞാന്‍ അനങ്ങിയില്ല.അനിത പറഞ്ഞു..എന്നാ നീയും കൂടിക്കോ.നമുക്ക് ആദ്യം മുതല്‍ തുടങ്ങാം .."പെണ്‍ പിള്ളേരുടെ കൂടെ കാരംസ് കളിയ്ക്കാന്‍ എന്‍റെ പട്ടി വരും..." ഇന്ന് ഞങ്ങളുടെ ദിവസമാ....
ബഹളം മൂത്ത് വന്നപ്പോളേക്കും സമയം കഴിഞ്ഞിരുന്നു. അടുത്ത പീരീഡ്‌ ക്ലീടസ് സിസ്റര്‍ ആണ്. ആരോടൊക്കെയോ കാലത്തേ തന്നെ കലിപ്പ് മൂത്ത പോലെയാണ് ദിവസവും വരുന്നത്..അത് പിള്ളേരുടെ പുറത്ത്‌ തീര്‍ത്തിട്ടെ തിരിച്ചു കൂട്ടീല്‍ കേറൂ താനും. അവരെടുക്കുന്ന കണക്കിന്റെ കാര്യത്തില്‍ ആണെങ്കില്‍  ഞാനും കണക്കാ.
വന്ന ഉടന്‍ കാന്താരി ലില്ലിക്കുട്ടി സങ്കട ഹര്‍ജി ബോധിപ്പിച്ചു. എന്നെ ഞെട്ടിച്ചത് അന്തോണിയുടെ കാലു വാരല്‍ ആയിരുന്നു.... സാക്ഷി പറഞ്ഞത് ആ പാര !!
"കേറി നിക്ക് ബെഞ്ചിന്റെ മുകളില്‍ " ...ഉത്തരവ് ഉടന്‍ വന്നു..(ഒരു ബെഞ്ചിന്റെ മുകളില്‍ കേറി നിക്കണ കാര്യമല്ലേ എന്ന്‌ കരുതണ്ട..അങ്ങനെ   നിര്‍ത്തീട്ട്    കാല്‍ വണ്ണയില്‍ നടത്തുന്ന ചൂരല്‍ പ്രയോഗം ആണ് അവരുടെ മാസ്റ്റര്‍ പീസ്!) അഹങ്കാരത്തിന് കയ്യും കാലും മുളച്ച പോലെ  ഞാന്‍ കേറി  നിന്നു..ബെഞ്ചിന്റെ മുകളില്‍ അല്ല ഡസ്കിന്റെ മുകളില്‍ !നമ്മള്‍ ആയിട്ട് കുറക്കരുതല്ലോ!!.
അവന്റെ ഒരു അഹങ്കാരം കണ്ടില്ലേ ?ബെഞ്ചിന്റെ മോളില്‍ നിക്കടാ.. ഞാന്‍ അനങ്ങിയില്ല..പൊക്കം കുറഞ്ഞ സിസ്റ്റര്‍ ക്ക് ഡസ്കിന്റെ മുകളില്‍ നില്‍ക്കുന്ന എന്നെ വിചാരിച്ച പോലെ അടിക്കാന്‍ ആയം കിട്ടിയില്ല. അതോടെ കലി കയറിയ അവര്‍ കണ്ണില്‍ കണ്ട പോലെ അടി തുടങ്ങി.... കുറെ ഏറെ ശ്രമിച്ചിട്ടും ഞാന്‍ വഴങ്ങുന്നില്ലന്നു കണ്ടതോടെ പരാതി ഹെഡ് മിസ്ട്രസ്സിന്റെ അടുത്തെത്തി... ആ പീരീഡ്‌ കഴിഞ്ഞു..അടുത്ത പീരീഡ്‌ കഴിഞ്ഞു..ക്ലാസ് മാത്രം നടക്കുന്നില്ല. എന്താ കാരണം?
കഥാനായകന്‍ ഇപ്പോള്‍ താഴെ ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല...ഭീഷണി മാറി അപേക്ഷയായി ....വായില്ലകുന്നിലപ്പന്റെ പോലെ ഒരക്ഷരം മിണ്ടാതെ ശങ്കര്‍ സിമന്റ്‌ ഇട്ടു ഉറപ്പിച്ച പോലെ...അനക്കമില്ല. അന്ന ഹസാരെ ഈയിടെ കാണിച്ച പോലെ ഒരു പിടി !
എന്റെ ക്ലാസ്സ്‌ ടീച്ചര്‍ ക്ലാര സിസ്റ്റര്‍ മറ്റുള്ളവരോട് ചൂടാവാന്‍ തുടങ്ങി. ചൈല്‍ഡ് സൈക്കോളജിയില്‍ പീ.ജി എടുത്ത അവര്‍ എന്‍റെ നിസ്സന്ഗത കണ്ടു ഭയന്നിരുന്നു.( അന്തോണി കാല് വരിയതിന്റെയും മറ്റുള്ളവരുടെ മുന്‍പില്‍ വേണ്ടാതീനം കാണിച്ചു നാണം കെട്ടതിന്റെയും വിഷമം കൊണ്ടാണെന്ന് എനിക്കല്ലേ  അറിയൂ.അതും പെണ്‍ പിള്ളേരുടെ മുന്നില്‍ )
ഒടുക്കം മറ്റുള്ളവരെ ഒക്കെ പറഞ്ഞയച്ചിട്ടു സിസ്റ്റര്‍ ഹെഡ് മിസ്ട്രെസ്സുമായി അടുത്ത ക്ലാസ്സ്‌ മുറിയിലേയ്ക്ക്  പോയി. എല്ലാരും പോയി ഒരു പത്തു മിണ്ടു കഴിഞ്ഞു കാണും, അനിത പതുക്കെ അടുത്തേക്ക്‌ വന്നു " സോറി ഡാ ...അവള്‍ അങ്ങനെ പോയി പറയും എന്ന്‌ ഞാന്‍ കരുതിയില്ല.പ്ലീസ്‌..താഴെ ഇറങ്ങു.വേണമെങ്കില്‍ ഞാന്‍ നിന്നെ കളിയാക്കെട്ടാണ് നീ അങ്ങനെ ചെയ്തെ എന്ന്‌ ഞാന്‍ സിസ്റെര്നോട് പറയാം"
ഇത്തവണ കഥ നായകന്‍ കീഴടങ്ങി...പെണ്ണുങ്ങള്‍ വന്നു കാല് പിടിച്ച പിന്നെ ബലം പിടിക്കുന്നത്‌ ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ലല്ലോ.പിന്നെ ആരും എന്നോടൊന്നും ചോദിച്ചില്ല.പാര അന്തോനിയോടു പിന്നെ ഞാന്‍ മിണ്ടുന്നത് നിര്‍ത്തുകയും ചെയ്തു.
കുറച്ചു ദിവസങ്ങള്‍ക്കകം സ്കൂള്‍ വാര്‍ഷികത്തിന്റെ പരിപാടികളുടെ ഒരുക്കങ്ങള്‍ തുടങ്ങി.ക്ലാര സിസ്റ്റര്‍ ഞങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ ചേര്‍ത്ത് ഒരു ഏകാങ്ക നാടകം പ്ലാന്‍ ചെയ്തു. അനിത അതില്‍ അഭിനയിക്കുന്നുണ്ട്.അതില്‍ നിഷേധി ആയ ഒരു ചെക്കന്റെ റോള്‍ ആണ് അന്തോണിക്ക്.
എനിക്കത് കേട്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ്‌ ഒരു ഇത് ...ആകെ ഒരു അസ്കിത. കഷായം കുടിച്ചപോലുള്ള എന്‍റെ ഇരിപ്പ് ക്ലാര സിസ്റ്റര്‍ കാണുന്നുണ്ടായിരുന്നു.പലപ്പോഴും അനിതയുടെ കഥാ പത്രവുമായി വഴക്കിടുന്ന ഭാഗം ഉണ്ട് അതില്‍.അവിടെ വരുമ്പോള്‍ അന്തോണി  സ്റ്റക്ക് ആവും.അവളോട്‌ ചൂടാവാന്‍ പറ്റാതെ അവന്‍ നിന്നു വിക്കും. പെട്ടെന്നാണ് സിസ്റര്‍ യുറേക്ക !!എന്ന്‌ വിളിക്കുന്നത്‌. സ്വതവേ അനിതയെ നേരില്‍ കണ്ടാല്‍ തന്നെ ചൊറിയുന്ന ഞാന്‍ ആ റോള്‍ എടുത്താല്‍?
" വെള്ളമടിക്കാം പക്ഷെ നിര്‍ബന്ധിക്കണം എന്ന് ഒള്യ്മ്പ്യന്‍ അന്തോണി ആദം സിനിമയില്‍ ജഗതി പറഞ്ഞ പോലെ ഞാനും ആദ്യം ഒന്ന് മസില് പിടിച്ചെങ്കിലും ഒടുക്കം ഞാന്‍ സമ്മതിച്ചു! അതോടെ  പാര അന്തോണി പുറത്ത്‌! അവന്‍ പക്ഷെ പോകാതെ എടുപിടി സഹായി ആയി നിന്നു.എന്‍റെ അഭിനയത്തെ ഇടയ്ക്കിടെ പുകഴ്ത്തി കൊണ്ടിരുന്നു!" ഹോ ! ഞാനെങ്ങാനുംയിരുന്നെങ്കില്‍ കുളമായേനെ..നിന്നെ കൊണ്ടെ ഈ റോള്‍ പറ്റൂ " എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്ന അന്തോണിയെ ഞാന്‍ ക്രമേണ ഇഷ്ടപ്പെട്ടു തുടങ്ങി.
                            പരിപാടിയുടെ തലേന്നാണ് അതുണ്ടായത്‌. അന്തോണി ഞങ്ങളുടെ കൂട്ടത്തിലെ മറ്റു വാല്‍ മാക്രികളുമായി മാറി നിന്നു സംസാരിക്കുന്നതു ഞാന്‍ കേട്ടു." ഞാന്‍ നാടകത്തീന്നു വേണമെന്ന് വച്ചു മാറിയതാടാ...അതില്‍ അനിത അവനെ അടിക്കുന്ന ഒരു സീന്‍  ഇല്ലേ?...അത് അവനിട്ട് കിട്ടിക്കോട്ടേ...... അപ്പൊ നമുക്ക് കൂവണം "
ഞാന്‍ ഞെട്ടി ! സംഭവം  ശരിയാണ്!ഒന്നും രണ്ടും പറഞ്ഞു ഒടുക്കം അവള്‍ എന്നെയും ഞാന്‍ അവളെയും അടിക്കുന്ന ഒരു സീന്‍ അതില്‍ ഉണ്ട് അപ്പോള്‍ ഞങ്ങളുടെ ക്ലാസ്സ്‌ ടീച്ചര്‍ വന്നു രണ്ടു പേരെയും പിടിച്ചു മാറ്റുന്നതും ഉപദേശിച്ചു നന്നാക്കുന്നതും ഒക്കെ ആണ് കഥ.
അപ്പോള്‍ സിസ്റ്റര്‍ ഉം അവളും അന്തോനീം ഒക്കെ അറിഞ്ജോണ്ടുള്ള കളിയാണ് !ക്ലീടസ് സിസ്റ്റര്‍ നെ കൊണ്ട് ബെഞ്ചിന്റെ മുകളില്‍ കെട്ടി നിര്‍ത്തി അടി കൊള്ളിച്ചത് പോരാഞ്ഞു പരസ്യമായി എന്നെ അടിക്കാന്‍ അവള്‍ കണ്ട വഴി! എന്‍റെ ചോര തിളച്ചു ആവിയായി !!
പിറ്റേന്ന് പരിപാടികള്‍ ഒക്കെ തുടങ്ങി.ഒടുക്കം ഞങ്ങളുടെ നാടകം ആയി.
അഭിനയിക്കുന്നതിനിടയിലും ഞാന്‍ അത് കണ്ടു ...അന്തോണിയും വാനരപ്പടയും റെഡി ആയി ഇരിക്കുന്നുണ്ട്‌. എന്നെ അടിക്കാന്‍ കയ്യോങ്ങുമ്പോള്‍ കൂവിതുടങ്ങിയാല്‍ ആ ഭാഗം കഴിഞ്ഞിട്ടേ നിര്‍ത്തൂ.അപ്പൊ ഞാന്‍ തിരിച്ചടിക്കനത് ആരും ശ്രദ്ധിക്കില്ല.അതാണ്‌ അന്തോണിയുടെ പ്ലാന്‍.
നാടകം ഉഷാറായി മുന്നേറി...ഒടുവില്‍ വഴക്ക് കൂടുന്ന ഭാഗം എത്തി. അനിത അടിക്കുന്നതിനായി കയ്യോങ്ങി! 
പ്ടെ!
അയ്യോ....എന്നൊരു നിലവിളിയോടെ അനിത താഴെ വീണു.
കാര്യം മനസ്സിലായോ? അവള്‍ അടിക്കും മുന്‍പേ ശരിക്കും സര്‍വ ശക്തിയും എടുത്തു ഞാന്‍ അങ്ങോട്ട്‌ പൊട്ടിച്ചതാണ് ! സിസ്റ്റര്‍ ഓടി വന്നു കര്‍ട്ടന്‍ വീണു ! രണ്ടു മിനിട്ടിനകം അനിത എണീറ്റു..ഒന്നും സംഭവിക്കാത്ത പോലെ." ഒന്നൂലല്യ...ടൈമിംഗ് തെറ്റിപോയതാ" എന്ന്‌ പറഞ്ഞു ബാക്കി ഭാഗം കൂടി തീര്‍ത്തു ഗ്രീന്‍ റൂമില്‍ വരുമ്പോള്‍ എല്ലാവരും കാത്തിരിക്കുകയാണ് വിചാരണക്ക് !
ഹെഡ് മിസ്ട്രെസ്സ് വലിയൊരു ചൂരല്‍ ഒക്കെ ആയിട്ടാണ് നില്‍പ്പ് ! "അടിച്ചവന്റെ പുറം പൊളിക്കുകയാ വേണ്ടേ ...കുറെ നാള്‍ ആയി അവന്‍ ഈ കൊച്ചിനെ തരം കിട്ടുമ്പോള്‍ ഒക്കെ ഉപദ്രവിക്കാന്‍ നോക്കുന്നത്. നോക്ക് ആ കൊച്ചിന്റെ കവിളത്ത് തിണര്‍ത്തു കിടക്കുന്നത്.എന്റെ കര്‍ത്താവേ ..ഇവടെ അപ്പച്ചനെങ്ങനും വന്നാ ഞാന്‍ എന്നാ ചെയ്യുക ".
ശിക്ഷ വാങ്ങാന്‍ ഞാന്‍ റെഡി ആകുമ്പോള്‍ അനിത ഇടയ്ക്കു കയറി " അയ്യോ..അത് അവന്‍ അറിഞ്ഞൊണ്ട് ചെയ്തതല്ല സിസ്റ്റര്‍ ...അടിക്കുമ്പോള്‍ ഇടത്തോട്ട് തല വെട്ടിക്കണം എന്ന്‌ പറഞ്ഞിരുന്നതാ അടി കൊള്ളാതെ..ഞാനാ അത് മറന്നേ ! " എന്നാലും കൊച്ചെ...ഹെഡ് മിസ്ട്രെസ്സ് നു വിടാന്‍ മനസ്സില്ല. " പ്ലീസ്‌ നല്ല സിസ്റ്റര്‍ അല്ലേ... അവന്‍ അറിയാതെ പറ്റിയതാ...എനിക്ക് പരാതി ഇല്ല ".നിലത്തൊന്നു അമര്‍ത്തി ചവിട്ടി "നിന്നെ എന്‍റെ കയ്യീ കിട്ടും നോക്കിക്കോ " എന്നും പറഞ്ഞു അവര്‍ മുറിയില്‍ നിന്നും പുറത്തു പോയി.
എല്ലാരും അവരവരുടെ വഴിക്ക് പോയപ്പോള്‍ അനിതയും ഞാനും മാത്രം ബാക്കിയായി." നിനക്ക് എന്നോടെന്താ ഇത്ര ദേഷ്യം..ഞാന്‍ എന്ത് ചെയ്തിട്ടാ ?....പറയടാ ..." അവളുടെ ചോദ്യത്തിന് മുന്നില്‍ ഞാന്‍ നിന്നു വിയര്‍ത്തു."നോക്ക് നിന്റെ ദേഷ്യം മാറിയില്ലെങ്കില്‍ ഇനീം അടിച്ചോ ..ഞാന്‍ നിന്നു തരാം,പക്ഷെ ഇന്നത്തോടെ നിന്റെ വഴക്ക് തീരണം ".. അവള്‍ ക്ക് നേരെ നോക്കാന്‍ ആകാതെ ഞാന്‍ തല കുനിച്ചു നിന്നു..ഈഗോയും ആ ഗോയും ഒക്കെ എവിടെയോ പോയി..
സ്കൂള്‍ അടക്കുകയാണ് 10 ദിവസത്തേക്ക്...
ക്രിസ്മസ് കഴിഞ്ഞു തുറക്കുമ്പോള്‍ എന്‍റെ അടുത്ത സീറ്റില്‍ അനിത ഇല്ലായിരുന്നു.അടുത്ത ദിവസവും ...അതിനടുത്ത ദിവസവും.....ക്ലാസ്സില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് വേണ്ടി പരസ്പരം മത്സരിച്ചിരുന്ന ഞാന്‍ ഒട്ടും ക്ലാസ്സില്‍ ശ്രദ്ധിക്കാതായി..ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം പറയാതെ കിഴങ്ങ് പുഴുങ്ങിയ പോലെ ഒറ്റ നില്‍പ്പ് !
  
പിറ്റേന്ന് ക്ലാര സിസ്റ്റര്‍ എന്നെ സ്റ്റാഫ്‌ മുറിയിലേക്ക് വിളിച്ചു .ഞാനും സിസ്റെരും മാത്രമേ ഉള്ളു. " എടാ കള്ള തിരുമാലീ...അന്ന്  നീ എന്താ കാണിച്ചേ ?എനിക്ക് മനസ്സിലവുന്നുണ്ടുകെട്ടോ.നീയവളെ അറിഞ്ഞൊണ്ട് അടിച്ചതല്ലേ?...ഇനി അവള്‍ നിന്നോട് വഴക്ക് കൂടാന്‍ വരില്ല! അവളുടെ അപ്പച്ചന് തിരുവനന്തപുരത്ത് ജോലി ട്രാന്‍സ്ഫര്‍ ആയി.അവള്‍ അവിടേക്ക് ടീ സീ വാങ്ങി പോയി." ഒരു റോസ് റിബണ്‍ പൂ വച്ചു കെട്ടിയ ഒരു ചെറിയ പെട്ടി എന്‍റെ കയ്യില്‍ വച്ചു തന്നിട്ട് സിസ്റ്റര്‍ പറഞ്ഞു." ഇതവള്‍ നിനക്ക് തരാന്‍ പറഞ്ഞു എല്പിച്ചതാ."
അതിന്റെ മുകളില്‍ ഒരു ചെറിയ കവര്‍ ഉണ്ടായിരുന്നത് ഞാന്‍ തുറന്നു..ഒരു നാല് വരി കുറിപ്പ് !
" എന്‍റെ പ്രിയ കൂട്ടുകാരന് ! നിനക്കെന്നോട് വഴക്കയിരുന്നോ ഇഷ്ടമായിരുന്നോ എന്ന്‌ അറിയില്ല.നീ എന്നെ ഓര്‍ക്കുമോ എന്നും അറിയില്ല .പക്ഷെ നിന്നെ ഞാന്‍ ഒരിക്കലും മറക്കില്ല...സ്നേഹപൂര്‍വ്വം "
 നിറുകയില്‍ ക്ലാര സിസ്റ്റര്‍ തലോടുന്നത് ഞാന്‍ അറിഞ്ഞു "നിനക്കവളെ ഒരുപാട് ഇഷ്ടമായിരുന്നു അല്ലേ?..പക്ഷെ വഴക്ക് കൂടിയാണ് അത് കാണിച്ചതെന്ന് മാത്രം ..അതവള്‍ക്കും മനസ്സിലായിട്ടുന്ടെന്നു തോന്നുന്നു.അല്ലെങ്കില്‍ നിനക്ക് മാത്രം ഗിഫ്റ്റ് തന്നിട്ട് പോകുമോ?"

ആ ഇരട്ടവാല്‍ മുടിയും കുസൃതിയോടെ ചിരിക്കുന്ന കണ്ണുകളും ഇനി ഒരിക്കലും ഞാന്‍ കാണില്ല ...
എനിക്ക് നിയന്ത്രിക്കാന്‍ ആയില്ല....ആങ്കുട്ടി ആണെന്നോ മറ്റുള്ളവര്‍ കാണും എന്നോ ഒന്നും ഓര്‍ത്തില്ല....വാ വിട്ടു ഞാന്‍ കരഞ്ഞു..ഉറക്കെയുറക്കെ കരഞ്ഞു ...ഒരു നാണവും ഇല്ലാതെ .....ഒന്നും പറയാതെ സിസ്റ്റര്‍ അപ്പോഴും എന്‍റെ നിറുകയില്‍ തലോടുന്നുണ്ടായിരുന്നു

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

കേണല്‍ കത്തിരിക്ക

ഇതൊരു കൊച്ചു കഥ ...അല്ല സംഭവം കുറച്ചു മസാല ചേര്‍ത്ത് വരട്ടിയത്!
ഇഷ്ടിക കഥയിലെ മനുവിനെ ഓര്മ ഉണ്ടല്ലോ ,ഓര്മ മാര്‍ബിള്‍ അല്ല  ട്ടോ .എന്താ  പറയുക മൊത്തം ബ്രാന്‍ഡ്‌ ചെയ്തു ചെയ്തു ഇപ്പൊ ഒന്നും മലയാളത്തില്‍ പറയാന്‍ പറ്റാണ്ടായി.ഈയിടെ കല്യാണത്തിന് മണ്ഡപത്തില്‍  നിറപറ വേണം എന്ന്‌ പറഞ്ഞപ്പോ ..മട്ട അരിയാണോ അതോ കറി പൌഡര്‍ ആണോ എന്ന്‌  എന്‍റെ വകയില്‍ ഒരു ബന്ധുവിനോട് പണിക്കാരന്‍ തിരിച്ചു ചോദിച്ചുവത്രെ!!!
ഇടയ്ക്കു മനുവിന്റെ വീട്ടില്‍ പഠിക്കാന്‍ എന്ന പേരില്‍ പോയി അവന്റെ സൈക്കിള്‍ ചവിട്ടുക വില കൂടിയ കളിപ്പാട്ട്ങ്ങളൊക്കെ എടുത്തു പണിതു നശിപ്പിക്കുക തുടങ്ങിയ കലാ പരിപാടികളൊക്കെയുണ്ട്.മൂന്നര കൂട്ടത്തിലെ അര എന്നെ സപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ വരുത്തി വയ്ക്കുന്ന നാശത്തിന്റെ ഒക്കെ ഉത്തരവാദിത്വം മുഴുവന്‍ മനുവിന്റെ തലയില്‍  ആയിരിക്കും. 
ഇടയ്ക്കു മനുവിന്റെ വീട്ടില്‍ നിന്ന് തന്നെ പുട്ടടിച്ചു വൈകീട്ട് വരെ കലാ(പ) പരിപാടികള്‍ അങ്ങനെ നിര്‍ബാധം തുടരുകയും ചെയ്യും.
ഒരിക്കല്‍ ഉച്ചക്ക് അവരുടെ കൂടെ ചോറ്ഉണ്ണാന്‍ ഇരിക്കുമ്പോള്‍ പെട്ടെന്ന് മനു ഒച്ചയിട്ടു "ഓ...ഇന്നും കേണല്‍ ഫ്രൈ ആണോ...എനിക്കെങ്ങും വേണ്ട.." ടോംസ് കോമിക്സ് ഇല്‍ ബോബന്‍ ചാടിയാല്‍ കൂടെ മോളിയും കാണും എന്ന പോലെ നമ്മുടെ മൂന്നരയിലെ അര..ലെച്ചു  ഒപ്പം കൂവി വിളിച്ചു." നിച്ചും വേണ്ടാ ..കേണല് ഫ്രൈ !" ഞാന്‍ അന്തം വിട്ടു..കേണല്‍ ഫ്രൈ യോ..നോക്കുമ്പോള്‍ പാവം കത്തിരിക്ക മെഴുക്കു  പുരട്ടി ആണ് പ്രതി !
മനുവിന്റെ പപ്പാ പണ്ട് പട്ടാളത്തില്‍ മേജര്‍ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട്.പട്ടാളക്കാരൊക്കെ പച്ചക്കറിയെയും ചോറിനെയും ഇങ്ങനെ മേജര്‍ ,കേണല്‍,ശിപായി എന്നൊക്കെയാണോ വിളിക്കുക !!!!
മിഴുക്കസ്യാന്നു ഇരിക്കണ എന്നെ കണ്ടു പാവം    തോന്നീട്ടോഎന്തോ..ലെച്ചുവിന്റെ പപ്പാ കാര്യം പറഞ്ഞു തുടങ്ങി...  " ഹ..ഹ..അതേയ് പണ്ട് ഞാന്‍ ജലന്ധറില്‍ ആര്‍മിയില്‍ ഉള്ളപ്പോ എന്‍റെ മേലധികാരി ഒരു കേണല്‍ ഡിന്നറിനു വന്നു.പുള്ളിക്കാരന് ബൈന്ഗന്‍ ഫ്രൈ വലിയ ഇഷ്ടമാണ്..(എന്ന്വച്ചാ കത്തിരിക്ക...ന്നെ പട്ടാളക്കാരന്റെ ഹിന്ദി ഹേ.!!!!.) ഭയ്സാബ് അബ്കോ മാലൂം ഹേ യെ ബൈന്ഗന്‍ അല്ലര്‍ജി  ഓര്‍ കാസ് ഓര്‍..കിന്‍ കിന്‍ കെ ലിയെ അച്ച്ഹാ ഹേ " ...( കാര്യം എന്താണെന്നു ഒരു കുന്തവും മനസ്സിലായില്ല  എനിക്ക്, എന്നാലും ഏതോ ഒരു  കിന്‍ കിന്‍ ന്റെ അച്ഛനെ കുറിച്ചാണ് പറയുന്നതെന്ന് മാത്രം മനസ്സിലായി..ചൈന യുടെ അതിര്‍ത്തിയിലുള്ള ആള്‍ ആയിരിക്കാം ഈ കിന്‍ കിന്‍ !!പട്ടാളമല്ലേ !)...
ലെച്ചുവിന്റെ അമ്മ ഇടയ്ക്കു കയറി ..."സര്‍ദാര്‍ജിക്ക്‌ കത്തിരിക്ക വല്ല്യ ഇഷ്ടമാണെന്ന് മനസ്സിലായപ്പോ ഇങ്ങേരും തുടങ്ങി കത്തിരിക്ക പുരാണം.കത്തിരിക്ക ഇല്ലന്ഗില്‍ ലോകമേ വേസ്റ്റ് എന്ന മട്ടിലായിരുന്നു പിന്നെ കാര്യങ്ങളുടെ പോക്ക്...!!
പക്ഷെ അടുത്ത മാസം സര്‍ദാര്‍ജിക്ക്‌ ട്രാന്‍സ്ഫര്‍ ആയി.പകരം വന്ന ഒരു കേണല്‍ ശര്‍മ സാബിനെയും ഇങ്ങേരു ഡിന്നറിനു വിളിച്ചു.സാമ്പാര്‍ മുതല്‍ അവിയല്‍ തുടങ്ങി സകലത്തിലും കത്തിരിക്ക മയം. ശര്‍മ സാബിനാകട്ടെ ഈ സാധനം കണ്ണിനു നേരെ കണ്ടു കൂടാ.കഴിഞ്ഞ ജന്മം കത്തിരിക്ക തൊണ്ടയില്‍ കുടുങ്ങി മരിച്ച പോലുള്ളത്ര ദേഷ്യം!!  " ക്യാ ഹേ യെ റാംചന്ദര്‍ !!? യെ ബൈന്ഗന്‍ ക്യാ കോയീ ആദമീ ഖാനെക്കാ ചീസ് ഹേ ?"ശര്‍മാജി ദേഷ്യം മറച്ചു വച്ചില്ല ..മനുഷ്യര്‍ ആരെങ്കിലും ഇത് തിന്നുമോ എന്നാണ് ചോദ്യം !!  " ശരിയാ ആ കുക്കിന്റെ  പണിയാ ..അവനിട്ട് ഞാന്‍ കൊടുക്കനുന്ട്...പിന്നെ കുക്കിനെ പറഞ്ഞ ചീത്ത യും കത്തിരിക്കയെ പറ്റി ഇങ്ങേരു പറഞ്ഞ തെറിയും ഒന്നും ഇവിടെ പിള്ളാരുടെ മുന്‍പില്‍ പറയാന്‍ കൊള്ളില്ല !" മനുവിന്റെ അമ്മക്ക് ചിരി അടക്കാന്‍ പറ്റുന്നില്ല ..
പെട്ടെന്നായിരുന്നു മനുവിന്റെ  ചോദ്യം " പപ്പാ...ഹിപ്പോക്രാറ്റ് ആണല്ലേ ?" (അല്ലെങ്ങിലുംമനു ഇങ്ങനെയാണ്...ഇടയ്ക്കു പെട്ടെന്ന് ഒടുക്കത്തെ ഇന്ഗ്ലീഷ്‌ പറയാന്‍ തുടങ്ങും. സമയത്തിനും സന്ദര്‍ഭത്തിനും ഒപ്പിച്ചു ഓന്തിനെ പോലെ അഭിപ്രായം മാറുന്ന ആള്‍ എന്നാണ് അതിനു അര്‍ഥം എന്ന്‌ അവന്‍ തന്നെയാണ് പറഞ്ഞു തന്നത് ) 
പീക്കിരി ലെച്ചു കസേരയുടെ മേലെ ചാടിക്കേറി കൂവി വിളിച്ചു ഷേം..ഷേം ..പപ്പാ..ഹിപ്പോക്രാറ്റ്"
അടുത്ത നിമിഷം ചോറ് തൊണ്ടയില്‍ കുടുങ്ങി ഖോ ഖോ എന്ന്‌ ചുമ തുടങ്ങി ..മുന്‍പേ തന്നെ ഉണ്ടക്കണ്ണി ആയ പീക്കിരിയുടെ കണ്ണ് ഒന്ന് കൂടി മിഴിഞ്ഞു ...ചുവന്നു വെള്ളം വന്നു!! കയ്യില്‍ വയറു വരും വിധം കമിഴ്ത്തി കിടത്തി പുറത്ത്‌ രണ്ടു കൊട്ടും തട്ടുമൊക്കെ കൊടുത്തു ചോറിനെയും ലച്ചുവിനെയും രണ്ടു വഴിക്കാക്കിയ ശേഷം മനുവിന്റെ പപ്പാ എന്നോട് ചോദിച്ചു.."നീ പറ ...ഞാന്‍ ഹിപ്പോക്രാറ്റ് ആണോ?" .....എനിക്ക് ചോറ് തൊണ്ടയില്‍ കുടുങ്ങാതെ തന്നെ കണ്ണ് തള്ളി ...(ഹിപ്പോക്രാറ്റ് ന്റെ അര്‍ഥം അറിയഞ്ഞിട്ടാനേയ്) 
പപ്പാ തന്നെ അതിനു സമാധാനം പറഞ്ഞു " എടാ മനൂ ഞാന്‍ ഒരു പട്ടാളക്കാരനാ....അന്ന് സര്‍ദാര്‍ജി ആയിരുന്നു എന്‍റെ കേണല്‍ അഥവാ മേലധികാരി..പിന്നെ ശര്മാ സാബും...അല്ലാതെ കത്തിരിക്ക ഒരിക്കലും എന്‍റെ കേണല്‍ ആയിരുന്നിട്ടില്ല...മനസ്സിലായോ ??" മനു തലയാട്ടി..."അതോണ്ട് കത്തിരിക്ക കേണലിന് നല്ലതെന്ഗില്‍ നല്ലത്..പൊട്ട എങ്കില്‍ എനിക്കും മഹാ പൊട്ട അല്ലേ? " മിടുക്കന്‍ ! അപ്പൊ വിവരം ഉണ്ട് !! പപ്പാ അവന്റെ പുറത്ത്‌ തട്ടി...
അപ്പോളും എനിക്ക് സത്യത്തില്‍ കാര്യം മുഴുവന്‍ പിടികിട്ടിയിരുന്നില്ല. പക്ഷെ ഇപ്പൊ മനസ്സിലായി തുടങ്ങിയപ്പോള്‍ ഇടയ്ക്കു ഞാനും പറയും .."കത്തിരിക്ക എന്‍റെ കേണല്‍ അല്ല "
 

-

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

പേടി മാറാനുള്ള ഇഷ്ടിക

വള്ളി നിക്കര്‍ ഒക്കെ ഇട്ടു സ്കൂളില്‍ പോകുന്ന കാലം..
ഞങ്ങള്‍ മൂന്നര പേരാണ് എപ്പൊഴും ഒരുമിച്ചു  സ്കൂളിലേക്ക് പോകുക.ഞാന്‍..പിന്നെ ആ നാട്ടിലെ കുറച്ചു കാശും ഒരു കൊപ്ര ആട്ടുന്ന മില്ലും ഒക്കെ ഉള്ള വീട്ടിലെ പയ്യന്‍സ് മനു, അവരുടെ കൊപ്ര കളത്തിലെ പണിക്കാരന്‍ വാറുണ്ണി ചേട്ടന്റെ മകന്‍ ദേവസിക്കുട്ടി,ഇവരാണ് മൂന്നു പേര്‍.നാലര വയസ്സായപ്പോഴേക്കും 5 ആയി എന്ന്‌ പറഞ്ഞ് ഒന്നാം ക്ലാസ്സില്‍ ചേര്‍ത്ത് വിട്ട മനുവിന്റെ അനിയത്തി ലച്ചു എന്ന പീക്കിരി ആണ് കൂട്ടത്തിലെ അര. മൂന്നര പിള്ളേര് എന്ന്‌ അടുത്ത വീട്ടിലെ അന്നമ്മ ചേട്ടത്തി ഒരിക്കല്‍ ഞങ്ങളുടെ ഗാങ്ങിനെ വിളിച്ച പേരാണ്.
ഡൊമിനിക്....അതാണവന്റെ പേര്.
സ്കൂളിലെ വില്ലന്‍.....മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ മുണ്ടുടുത്ത് വരുന്ന ഡൊമിനിക് നെ ഞങ്ങള്‍ മറ്റു അശുക്കള്‍ക്കൊക്കെ പേടിയായിരുന്നു. ക്ലാസ്സില്‍ പിന്‍ ബെഞ്ചില്‍ ഇരുന്നു ചീട്ടു കളിക്കും ഒറ്റക്കാണ് കളി.. അധികവും കാരണം മറ്റു പീക്കിരികള്‍ക്ക് ഒന്നിനും അതറിയില്ല എന്നത് മാത്രമല്ല കളിയുടെ നിയമങ്ങള്‍ അവന്‍ തീരുമാനിക്കുന്നതാണ്...നമ്മുടെ കയ്യിലെ വിലപ്പെട്ട കളര്‍ പെന്‍സിലും  റബ്ബറും ഒക്കെ അവന്റെ സ്വത്തായി മാറാന്‍ പിന്നെ താമസം ഉണ്ടാവില്ല.ടീച്ചറോട് പരാതിപെടാന്‍ ഞങ്ങള്‍ക്കാര്‍ക്കും ധൈര്യം ഇല്ല.പുറത്തിറങ്ങിയാല്‍ അവന്റെ വക പട്ടാണി കുത്തും ചവിട്ടും ഒക്കെ ഞങ്ങള്‍ തന്നെ വേണ്ടേ വാങ്ങിക്കൊണ്ടു പോകാന്‍!ഹെഡ് മാസ്ടരുടെ ചൂരലിനൊന്നും അവന്റെ തൊലിക്കട്ടിയെ നേരിടാനുള്ള ബലം പോരാ എന്ന്‌ പലതവണ ഞങ്ങള്‍ കണ്ടിട്ടുള്ളതുമാണ്.
തിരിച്ചടിക്കാമെന്ന് വച്ചാല്‍  ഞങ്ങളുടെ മൂന്നിരട്ടി വലിപ്പമുള്ള അവനെ തിരിച്ചടിക്കാന്‍ മാത്രം  ധൈര്യമുള്ള ആരും കൂട്ടത്തില്‍ ഇല്ലായിരുന്നു.
ചാരായ ഷാപ്പില്‍ നിന്നും ചുവന്ന കണ്ണുകളും കൊമ്പന്‍  മീശയും തോളത്തു ചിറകു വച്ച കാക്കി കുപ്പായവും ഒക്കെ ആയി ഇറങ്ങി അന്നത്തെപഴയൊരു  ബെന്‍സ്‌ ലോറിയില്‍ കയറി ഓടിച്ചു പോകുന്ന അവന്റെ അപ്പനെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അതുപോലെ കവലയില്‍ കിടന്നു അടിയുണ്ടാക്കുന്ന അയാളെ പോലീസ് പിടിച്ചോണ്ട് പോകുന്നതും  രണ്ടു ദിവസത്തിനകം തിരിച്ചു അയാള്‍ അതെ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതും ."പോലീസിന് പോലും എന്റപ്പനെ പേടിയാണ്
അപ്പനോട് പറഞ്ഞാല്‍ നീയൊന്നും ഈ വഴി നടക്കൂല്ല "എന്ന്‌ ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പണക്കാരനായ മനുവിനെ അവന്‍ ഒരുദിവസം വിരട്ടുക കൂടി ചെയ്തതോടെ 
'മൊത്തത്തില്‍ എല്ലാരേയും തിന്നാതിരിക്കാന്‍   ഊഴമിട്ട്‌ ഒരാള്‍ തീറ്റ ആയിക്കോളാം' എന്ന്‌ പണ്ട് കഥയില്‍ സിംഹത്തിനോട്‌ കാട്ടിലെ മൃഗങ്ങള്‍ കരാര്‍ ഉണ്ടാക്കിയ പോലെ ഒടുവില്‍ ഞങ്ങള്‍ ഡോമിനികിനോട് ലോകസമാധാന ഉടമ്പടി ഒപ്പിട്ടു.
അറ്റത്ത് റബ്ബര്‍ വള്ളി  പിടിപ്പിച്ച  പന്തായും (ഇന്നത്തെ യോയോപോലെ )തുറന്നാല്‍ അകത്തു മിട്ടായി ആയി തിന്നാവുന്നതും ആയ ഒരു സ്പെഷ്യല്‍ ഐറ്റം സ്കൂളിന്റെ മുന്നിലെ അന്തോനിചേട്ടന്റെ കടയില്‍ നിന്നും വാങ്ങി കൊടുക്കുക..അടുത്ത പഞ്ചായത്തിലുള്ള ഓല ടാക്കീസില്‍ പടം മാറുമ്പോ തറ ടിക്കറ്റ് നുള്ള 50 പൈസ കൊടുക്കുക , ബീഡി വാങ്ങാന്‍ 25 പൈസ കൊടുക്കുക  ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ സാധിച്ചു കൊടുത്തിട്ടാണ് ഞങ്ങള്‍ ഡോമിനികിനെ പ്രസാദിപ്പിച്ചു കൊണ്ടിരുന്നത്.
ഇന്നത്തെ പോലെ സ്പെഷ്യല്‍ ഫീസ്‌ എന്നൊന്നും പറയാന്‍ വകുപ്പില്ലാത്ത സര്‍ക്കാര്‍ സ്കൂള്‍ ആയിരുന്നതിനാല്‍ ഇതിനൊക്കെ ഉള്ള കാശുണ്ടാക്കാന്‍ അല്ലറ  ചില്ലറ മോഷണങ്ങളും  വീട്ടില്‍ ഞങ്ങള്‍ നടത്തിയിരുന്നു.ഈ മോഷണ ശ്രമത്തിനിടയിലാണ് ഒരു ദിവസം ഞാന്‍ പിടിക്കപ്പെടുന്നത്.ഭദ്രമായി പൂട്ടിയിരുന്ന അലമാരി തുറന്നു  25 പൈസ എടുത്തു വീണ്ടും പൂട്ടുമ്പോളാണ് ആ പൂട്ട്‌ എന്നെ പറ്റിച്ചത്.പൂട്ടുമ്പോഴും തുറക്കുമ്പോഴും മണിയടിക്കുന്ന ആ പൂട്ടിന്റെ മണി കുറെ നാളായി കേടായിരുന്നു. എന്നാല്‍ കണ്ടക ശനിയുടെ അപഹാരമായിരുന്നോ  എനിക്ക് എന്ന്‌ അറിഞ്ഞൂടാ..തുറക്കുമ്പോള്‍ അടിക്കാതിരുന്ന മണി പൂട്ടുമ്പോള്‍ എന്നെ പറ്റിച്ചുകളഞ്ഞു!!!  'ക്ണിം' ...എന്ന ആ ചെറിയ ശബ്ദം എന്‍റെ മരണ മണി ആയിട്ടാണ് എനിക്ക് തോന്നിയത്.
"നീ അവിടെ എന്താ എടുക്കുന്നത്"? എന്ന്‌ ഒരു ശബ്ദം...തിരിഞ്ഞു നോക്കുമ്പോഴുണ്ട്‌ അമ്മ തൊട്ടു പുറകില്‍..ഞാന്‍ ഈ മണി നന്നാക്കിയതാ എന്നൊരു നമ്പര്‍ ഇട്ടു നോക്കിയെങ്കിലും എന്‍റെ മുഖത്തെ പരിഭ്രമം അമ്മക്ക് സംശയം ഉണ്ടാക്കി. കടിഞ്ഞൂല്‍ക്കനിയുടെ കളവു കണ്ടു പിടിക്കാന്‍ പക്ഷെ അപ്പോള്‍ അമ്മക്ക് പറ്റിയില്ല.
എന്നെ കണ്ടാല്‍ കിണ്ണം കട്ട പോലുണ്ടോ എന്ന എന്‍റെ മുഖഭാവം അമ്മ പക്ഷെ ശ്രദ്ധിച്ചിരുന്നു എന്ന്‌ പിന്നീട് മനസ്സിലായി....
അമ്മ കണ്ടു പിടിച്ചോ എന്ന സംശയം എന്‍റെ ഉറക്കം കെടുത്തി.
എനിക്കറിയാവുന്ന സകല ദൈവങ്ങളെയും ഞാന്‍ വിളിച്ചു കേണു ....ഈ അസുരനെ ഒന്ന് കൊന്നു തരാനായി വിലക്കുംമാലയും ശയന പ്രദക്ഷിണവും ഒക്കെ ആയി നേര്‍ച്ചകളുടെ ലിസ്റ്റ് നീണ്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. രാവിലെ പെന്‍സില്‍ ബോക്സില്‍ ഒളിച്ചു വച്ച 25 പൈസ അവിടെ തന്നെ ഇല്ലേ എന്ന്‌ ഉറപ്പുവരുത്തുന്നതിനിടെ ആണ് ഞാന്‍ പിടിക്കപ്പെടുന്നത്.."ഇതെവിടുന്നാ?" അമ്മയുടെ ചോദ്യം ? " അത് മനുവിന്റെ പൈസ താഴെ വീണത്‌ ഞാന്‍ എടുത്തു വച്ചതാ "..അപ്പൊ വായില്‍ തോന്നിയൊരു നുണ ഞാന്‍ തട്ടിവിട്ടു. മനു വലിയ പൈസ ഉള്ള വീട്ടിലെ ആയതിനാല്‍ വിശ്വസിച്ചോളും എന്ന്‌ കരുതിയ എന്നെ ഞെട്ടിച്ചു കൊണ്ട് അടുത്ത ചോദ്യം വന്നു. " എന്നിട്ട് നീ എന്താ തിരിച്ചു കൊടുക്കാഞ്ഞേ....?" അത്...പിന്നെ.. ഇന്ന്..." ചെക്കന്റെ വിക്കലും പരുങ്ങലും കണ്ടപ്പോള്‍ അമ്മയുടെ സംശയം മുറുകി .." ചോദിച്ചത് കേട്ടില്ലേ ?" കേട്ടു പക്ഷെ ഇങ്ങനെ തുടര്‍ച്ചയായി നുണ പറയാന്‍ ഉള്ള എക്സ്പീരിയന്‍സ് ഒന്നും എനിക്കായിട്ടില്ലല്ലോ....ഒന്നാലോചിക്കാനുള്ള സമയമൊക്കെ വേണ്ടേ !! 
"ദേ...ഇങ്ങോട്ടൊന്നു വന്നേ....ഇവനിതെവിടന്നാ  കിട്ടിയെന്നു ചോദിച്ചേ.." കീഴ് കോടതി സുപ്രീം കോടതിക്ക് ഇത്ര വേഗം കേസ് കൈമാറിയ ചരിത്രം ഉണ്ടായിട്ടുണ്ടാവില്ല ....
എത്ര ചോദിച്ചിട്ടും ഞാന്‍ നിന്ന് വിറച്ചത് അല്ലാതെ ഒറ്റ അക്ഷരം വായീന്ന് പുറത്തേക്ക് വരുന്നില്ല.
കഴുത്തിലാരോ കുത്തി പിടിച്ച പോലെ..ശ്വാസം മുട്ടുന്നു...
"സത്യം പറ ..നീ കട്ടതല്ലേ ?" ...തീര്‍ന്നു !! എന്‍റെ ഗ്യാസ് പോയി !
അന്ന് അച്ഛന്‍ ബ്ലാക്ക്‌ക്യാറ്റ് കമാന്‍ഡോ പോലെ സ്കൂളിലേക്ക് എന്നെ അനുഗമിച്ചു.
ഹെഡ്മാസ്ടരുടെ മുന്‍പിലായിരുന്നു വിചാരണ."ചെറിയ കുട്ടികളുടെ കയ്യില്‍ എന്തിനാ കാശ്!,ഇത് കൊടുത്ത് വിട്ടു മറ്റു കുട്ടികളെ കൂടി ചീത്ത ആക്കുന്ന കാര്‍ന്നോമ്മാരെ പറയണം...എനിക്കറിയാം ഇത് കളഞ്ഞു കിട്ടിയതൊന്നുമല്ല മൊട്ടേന്നു വിരിഞ്ഞില്ല അതിനു മുന്‍പേ തുടങ്ങി " ഇത്യാദി വിവരമില്ലാത്ത അച്ചന്‍ മാരുടെ സ്ഥിരം ഗീര്‍വാണം പൊടി പൊടിക്കുമ്പോള്‍ "അപ്പന്‍ മാരെ കപ്പ തീനികളെ നിങ്ങള്‍ക്കെന്തറിയാം " എന്ന്‌ ഞാന്‍ മനസ്സില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു..... 
 ഒടുവില്‍ അസ്സംബ്ലിയില്‍ എല്ലാരുടെയും മുന്നില്‍ വച്ചു ചൂരല്‍ കഷായം ആവശ്യത്തിനു തന്നിട്ട് ഹെഡ് മാസ്റ്റര്‍ പ്രഖ്യാപിച്ചു "ഇതെല്ലര്‍ക്കും ഒരു പാഠം ആയിരിക്കട്ടെ!" അടുത്ത വീട്ടിലെ തുളസി പെണ്ണ് കാണുന്നല്ലോ എന്ന അപമാനം കൂടി ആയപ്പോള്‍ ഞാന്‍ തീര്‍ത്തും ഇല്ലാണ്ടായി.ഇപ്പൊ എന്‍റെ ശത്രു ഡോമിനിക് അല്ല അച്ഛന്‍ ആയിരുന്നു.
അച്ഛനിട്ടൊരു പണി കൊടുക്കണം എന്ന്‌ മനസാ തീരുമാനിച്ചുറച്ചു..ക്ലാസ്സില്‍ എത്തുമ്പോള്‍ മനു  സമാധാനിപ്പിച്ചു...പോട്ടെടാ സാരമില്ല. ദേവസ്സികുട്ടിക്ക് പക്ഷെ എന്‍റെ ഭാഗമാണ് ശരി എന്നായിരുന്നു അഭിപ്രായം "അങ്ങേര്‍ക്കു വേണേല്‍ വീട്ടില്‍ വച്ചു രണ്ടു തല്ല് കൊടുത്താ പോരായിരുന്നോ..ഇതിപ്പോ എല്ലാരും കണ്ടു ".
അച്ഛനിട്ടാണോ ഹെഡ് മാസ്ടര്‍ക്കിട്ടാണോ പണി കൊടുക്കേണ്ടതെന്നു ആലോചിച്ചു ഞങ്ങള്‍ തല പുകച്ചു ..അന്ന് മുഴുവന്‍ !
അന്ന് സ്കൂള്‍ വിടുമ്പോള്‍ ആണ് ഓര്‍ത്തത്‌.ഇന്ന് പണ്ട് മിട്ടായി വാങ്ങി കൊടുത്തില്ലെങ്കില്‍  ഡൊമിനിക് എന്നെ വിടാന്‍ പോകുന്നില്ല....എവിടന്നു കൊടുക്കാന്‍ ! കളവു കേസില്‍ പ്രതി ആയതോടെ ആ വഴി എന്നെന്നേക്കുമായി അടഞ്ഞില്ലേ...ഇനി അവന്റെ കണ്ണില്‍ പെടാതെ മുങ്ങുകയെ വഴി ഉള്ളു ......
ഒരു കണക്കിന് മൂത്രപ്പുരയുടെ പിന്നിലൂടെ ഒളിച്ചു ചാടി ഗേറ്റ്നു അടുത്ത് എത്തുമ്പോളാണ് എന്‍റെ സപ്ത നാഡികളും തളര്‍ന്നത് !! ഭീകരന്‍ നേരെ മുന്നില്‍....
ഡോമിനിക്കെ...എന്‍റെ കയ്യില്‍ പൈസ ഇല്ല അച്ഛന്‍ പിടിച്ചു അടികിട്ടിയത്‌ നീയും കണ്ടതല്ലേ ...ഞാന്‍ കെഞ്ചി ...അതൊന്നും എനിക്കറിയണ്ട നീ ആ മനൂനോട് വാങ്ങിത്തരാന്‍ പറ....അവന്‍ വിടാനുള്ള ഭാവമില്ല..ഒടുവില്‍ എന്‍റെ ഷര്‍ട്ട്‌ അവന്റെ പിടിയിലമര്‍ന്നു..സിംഹത്തിന്റെ പിടിയില്‍ പെട്ട മാനിനെ പോലെ ഞാന്‍ കണ്ണുകളടച്ചു...
ഇപ്പൊ ഇടി വീഴും എന്ന്‌ പ്രതീക്ഷിച്ചു നിന്ന ഞാന്‍ കേട്ടത് ഒരു അലര്‍ച്ചയാണ് !! 
കണ്ണുതുറന്നു നോക്കുമ്പോള്‍ ഭീകരന്‍ നിലത്തു കിടന്നു പിടയുന്നു.കയ്യിലൊരു ഇഷ്ടികയുമായി ദേവസി കുട്ടി അവന്റെ നെഞ്ചത്ത് കയറിയിരിക്കുന്നു.ഭീകരന്റെ തലപൊട്ടി ചോര ഒഴുകുന്നുണ്ട്. " വിളിയെടാ നിന്റെ അപ്പനെ ..നിന്നേം നിന്ടപ്പനേം ഇന്ന് ഒന്നിച്ചു കുഴീലോട്ടെടുത്തിട്ടെ ഞാന്‍ പോകൂ..." ഇഷ്ടിക അവന്റെ നെഞ്ചില്‍ തുരുതുരെ പതിഞ്ഞു..
നിനക്ക് വേണ്ടി ഞങ്ങള്‍ എത്ര കാശ് കട്ടതാടാ ..എന്റമ്മച്ചീടെ നേര്ച്ച കുടുക്കെന്നു വരെ ...നിനക്കവനെ തല്ലണം അല്ലേ ..
നരുന്ത് പോലെ ഇരിക്കുന്ന ദേവസി കുട്ടീടെ ധൈര്യം കണ്ടു ഞങ്ങളെല്ലാം അമ്പരന്നു !
പിടിച്ചു മാറ്റാന്‍ വന്ന ഹെഡ്മാസ്ടര്‍ക്കിട്ടും കിട്ടി ഒന്ന് രണ്ടെണ്ണം .
"അടുത്ത് വന്നാ എല്ലാത്തിനേം കൊല്ലും ഞാന്‍..മാഷാന്നൊന്നും നോക്കില്ല...ഇവന്‍ എത്ര നാള്‍ ആയെന്നറിയാമോ ഞങ്ങളെ കൊണ്ട് പേടിപ്പിച്ചു കാശ് മോട്ടിപ്പിച്ചു ഓരോന്നു വാങ്ങിച്ചു തിന്നുന്നു." 
സുരേഷ് ഗോപി സ്റ്റൈലില്‍ ഉള്ള മൂന്നാം ക്ലാസ്സ് കാരന്റെ പരാക്രമം താങ്ങാനുള്ള 'കപ്പാകിറ്റി'  യില്ലാത്ത ദേവസി കുട്ടീടെ   ശരീരം പിന്നെ ഒരു പഴന്തുണി പോലെ നിലത്തു വീണു.
വാദിയും പ്രതിയും കൂടി ഒരേ വണ്ടിയില്‍ ഒരേ ആശുപത്രിയിലേക്ക്.....അന്ന് വന്ന കാക്കിയിട്ട മാമ്മന്‍മരോടൊക്കെ മനുവിന്റെ അച്ഛനായിരുന്നു സംസാരിച്ചത് എല്ലാം.ഞങ്ങളോടൊക്കെ അവര്‍ എന്തൊക്കെയോ ചോദിക്കുകയും കുറെ കടലാസുകളിലൊക്കെ കുത്തി കുറിക്കുകേം ചെയ്യുന്ന കണ്ടു.
ആരും ഞങ്ങളെ ചീത്ത പറഞ്ഞതേ ഇല്ല........"ഇനി ഇത് പോലെ ആരെങ്കിലും വല്ലതും ഉപദ്രവിച്ചാല്‍ ഹെഡ്മാസ്ടരോട്  പറയണം...അല്ലാതെ ഇങ്ങനെ നേരിട്ട് അടികൂടനോന്നും പോകരുത് കേട്ടോ" എന്ന്‌ മാത്രം  പറഞ്ഞ് ദേവസികുട്ടിയുടെയുംഎന്റെയും  നിറുകയില്‍ ഒന്ന് തടവി മനുവിന്റെ പപ്പാ അവരുമായി പുറത്തേയ്ക്ക് പോയി ....അവരുടെ കൂടെ കയ്യും കെട്ടി കുനിഞ്ഞു കൊണ്ട് വിനീതനായി ഡോമിനികിന്റെ ഭയങ്കരനായ അപ്പന്‍ പോകുന്നത് കണ്ടപ്പോള്‍ എനിക്ക് തോന്നി ..."മനുവിന്റെ പപ്പാ ആള്‍ അങ്കമാലീലെ പ്രധാനമന്ത്രി ആണല്ലോ!! "
" ഡാ നീ കണ്ടോ.?." ദേവസി കുട്ടി ചോദിച്ചു ....എന്ത് കണ്ടോന്നു? 
അവന്റെ കയ്യിലെ സൂചീം കുഴലും ഒക്കെ എടുത്തിരുന്നു....അതിനോടകം.
"അവനെ ....ആ തടിയനെ ? എത്ര തുന്നികെട്ടുണ്ട് ?" 
മനു ആണ് മറുപടി പറഞ്ഞത് .."അപ്പുറത്തെ വാര്‍ഡില്‍ ഉണ്ട്.അവടെ തലേലൊക്കെ കെട്ടാ..നീയവനെ എന്ത് കീച്ചാ കീച്ചിയെ....ചത്ത്‌ പോകേണ്ടതായിരുന്നു.എന്‍റെ പപ്പയും സാറന്മാരും ഒക്കെ പറഞ്ഞിട്ടാ നിന്നെ പോലീസ് കൊണ്ടുപോകാത്തെ..പിന്നെ സിബീടെം മാനുവലിന്റെം എല്ലാ അവമ്മാരടെം അച്ഛനൊക്കെ സ്കൂളില്‍ വന്നിരുന്നു ഇന്നലെ.എല്ലാരും കൂടി ഡോമിനികിനെ കുറിച്ച് പരാതി
 കൊടുത്തൂന്നു പപ്പാ പറഞ്ഞു.....ദേ നിന്റെ അച്ചനൊഴിച്ചു എല്ലാരും വന്നിരുന്നു.. "മനു ആ വിരല്‍ ചൂണ്ടിയത്  എന്റെ നേര്‍ക്കാണെന്നു കണ്ടപ്പോള്‍ സത്യത്തില്‍ ഭൂമി പിളര്‍ന്നു താഴ്ന്നു പോയിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചു...വെറുതെ.
"ഞാന്‍ അവനെ ഒന്ന് കണ്ടിട്ട് വരാം" ദേവസി കുട്ടി എണീറ്റു...അയ്യോ വേണ്ടടാ ...മനു തടുത്തു നീ പിന്നേം തല്ലാന്‍ പോകുവാണോ ? 
ഹേയ്! ഒന്ന് കാണാനാ .. 5 മിനിട്ടിനകം തിരികെ വന്ന ദേവസികുട്ടി എന്‍റെ ചെവിയില്‍ മന്ത്രിച്ചു "പേടിക്കെണ്ടാട പൊട്ടാ..അവന്‍ ഇനി തിരിച്ചു വന്നു നിന്നെ ഒന്നും ചെയ്യില്ല ...അല്ല ഇനി അവന്‍ ആ സ്കൂളിലേക്ക് വരുകയേ ഇല്ല.അതിനുള്ള ഒരു മന്ത്രം ഞാന്‍ ചെയ്തിട്ടുണ്ട് !!"
മനൂന്റെ മില്ലിലെ ജീപ്പില്‍ കുടുങ്ങി കുടുങ്ങി മണ്‍  വഴിയിലൂടെ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു "ഇത്രേം ധൈര്യം നിനക്കെവിടന്നാ  വന്നേ..പേടി തോന്നിയില്ലാരുന്നോ?" " ദേവസി പറഞ്ഞു  ഇന്നലെ അപ്പന്‍ പറഞ്ഞിരുന്നു നമ്മള്‍ ഓടിയാല്‍ നായ  പിന്നാലെ ഓടിക്കും ..തിരിഞ്ഞു നിന്നൊരു കല്ലെടുത്താല്‍ അത് ഓടാന്‍ തുടങ്ങും കാരണം എല്ലാര്ക്കും സ്വന്തം ജീവനില്‍ കൊതി ഉണ്ടെടാ " എന്ന്‌ ..."നീ അവന്‍ വരില്ലാന്ന് പറയാന്‍ കാരണം എന്താ ?" 
" നിന്റൊരു ഒടുക്കത്തെ    സംശയം ...ആരും കേള്‍ക്കണ്ട ...ഞാന്‍ അവനോടു പറഞ്ഞു...പുതിയ സ്കൂള്‍ കെട്ടിടത്തിനെ പണിക്കു ഒരു ലോഡ് ഇഷ്ടിക ഇന്നലെ ഇറക്കീട്ടുണ്ട് എന്ന്‌.. ഇനി ഇഷ്ടിക എന്ന്‌ കേട്ടാലെ അവന്‍ ഓടാന്‍ തുടങ്ങും !!!"         
ഒന്ന് നിര്‍ത്തി അവന്‍ പറഞ്ഞു "നീ ഇനി ഒരു ഇഷ്ടിക കയ്യില്‍ കൊണ്ട് നടന്നോ..പേടി മാറാന്‍ നല്ലതാ "
ദേവസി കുട്ടി പൊട്ടി പൊട്ടി ചിരിക്കുമ്പോള്‍ ...മുന്‍ സീറ്റില്‍ ഇരുന്നു അവന്റെ അപ്പന്‍ പറഞ്ഞു " ചിരിച്ചോടാ ചിരിച്ചോ ...ഇനി ആരുടെ മണ്ടയാണോ ആവോ പൊളിക്കാന്‍ പോണത് !!" 

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

ഇതൊരു കഥ അല്ല ഒരു ബ്ലോഗിനിക്കുള്ള മറുപടി ആണ്

ബ്ലോഗില്‍ വൈദ്യ പാരമ്പര്യം അവകാശപ്പെടുന്ന ഒരാള്‍ ഇട്ട ഒരു പോസ്റ്റ്‌ ആണ് ഇതെഴുതാന്‍ കാരണം.
ആദ്യമേ പറയട്ടെ ....നിങ്ങള്ക്ക് ഇഷ്ടമുള്ളത് പറയാനും വിശ്വസിക്കാനും അവകാശം ഉണ്ട്.അത് മറ്റുള്ളവരുടെ വിശ്വാസങ്ങളെയും അവകാശങ്ങളെയും ഉപദ്രവിക്കാത്തിടത്തോളം കാലം..
ഒരു സുഹൃത്ത്‌ ഇതിനൊരു മറുപടി ഇടണം എന്ന്‌ എഴുതിയതിനാല്‍ മാത്രമാണ് ഇതെഴുതുന്നതും
ആയുര്‍വേദം ഒരു ജനകീയ ചികിത്സാ രീതി ആണ്.ഒരേ അസുഖം വളരെ കുറഞ്ഞ ചിലവിലും രീതിയിലും ചികിത്സിക്കാം.പണമുള്ളവന് ആ രീതിയിലും.വയറുകടിക്ക് ആ സീസണില്‍ ഉണ്ടാകുന്ന ചെറുകടലാടി മോരിലരച്ചു കൊടുക്കാന്‍ 2  രൂപ പോലും വരില്ല.ഇത് തന്നെ 2000 ത്തിനും ചികിത്സിക്കാം. കഷായം കൊടുത്താല്‍ കൂടുതല്‍ ചിലവുള്ള ചികിത്സക്ക്  നല്ല ഗുണം എന്ന്‌ വിശ്വസിക്കുന്ന, ഒരു സ്കാനോ xray യോ പോലും എടുക്കാതെ മരുന്നെഴുതിയാല്‍ ഡോക്ടറെ തല്ലുന്ന ജനവും കൂടുമ്പോള്‍ എന്നെ പോലുള്ള ഡോക്ടര്‍മാര്‍ക്ക് സോഷ്യലിസം വരില്ല എന്ത് ചെയ്യാം ....
 
കേരളത്തിലെ പ്രശസ്ത  വൈദ്യ കുടുംബങ്ങള്‍ മുഴുവന്‍ വാരിയര്‍ മാരും മൂസ് മാരും അല്ല,വേലനും കുറുപ്പന്‍ മാരും പാണനും ,ഈഴവനും മറവരും ഒക്കെ  ഒക്കെ അടങ്ങുന്ന നിരവധി സമുദായക്കാരുണ്ടായിരുന്നു.അവര്‍ക്കൊക്കെ സമൂഹത്തില്‍ മാന്യതയും ഉണ്ടായിരുന്നു, ഉയര്‍ന്ന ജാതിക്കാരില്‍ നിന്ന് പോലും.ഇതിനു എന്‍റെ കുട്ടിക്കാലത്തെ നിരവധി അനുഭവങ്ങള്‍ സാക്ഷ്യം പറയും.
പിന്നെ വൈദ്യ കുടുംബ അംഗം ആണെന്നാണല്ലോ പറയുന്നത്. വീട്ടിലെ മുതിര്‍ന്നവരോട് ചോദിക്കൂ അഷ്ടാംഗ  ഹൃദയത്തില്‍ ദിനചര്യ ഋതു ചര്യ അന്ന പ്രകരനീയം എന്നൊക്കെ ചില അദ്ധ്യായങ്ങള്‍ ഉണ്ട്. അതൊന്നു വായിച്ചു നോക്കിയാല്‍ കര്‍ക്കടക ചികിത്സ എന്താണെന്നും എന്തിനാണ് എന്നും മനസ്സിലാകും.വാതജന്യമായ രോഗങ്ങള്‍,ഉദര ജന്യമായ രോഗങ്ങള്‍  മഴക്കാലത്ത്‌ കൂടുതല്‍ ഉണ്ടാവുന്നതിനാലും ഇവയുടെ ചികിത്സകളില്‍ കിഴികള്‍ പോലുള്ള ഉഷ്ണ ചികിത്സകള്‍ ഉള്ളതിനാലും മഴയും തണുപ്പുമുള്ള ഈ മാസം ചികിത്സക്ക് ഉത്തമം എന്ന്‌ പഴയ വൈദ്യന്‍മാരുടെ അഭിപ്രായ സമന്വയം ആണ് കര്‍ക്കട  ചികിത്സയുടെ അടിസ്ഥാനം.
രോഗം ഉള്ളവര്‍ക്കെ ചികിത്സ വേണ്ടൂ എന്നാണ് എങ്കില്‍ preventive medicine എന്നൊരു ശാഖ എന്തിനാണ് അലോപതിക്കാര്‍ കൊണ്ട് നടക്കുന്നതാവോ ?
 സ്വസ്ഥ വൃത്തം ആതുര വൃത്തം എന്ന്‌ രണ്ടാണ് ആയുര്‍വേദ ചികിത്സകള്‍ ആദ്യത്തേത് രോഗം വരാതിരിക്കാനും ആരോഗ്യം സംരക്ഷിക്കാനും. രണ്ടാമത്തേത് രോഗം വന്നാല്‍ അതിനുള്ള പ്രതിവിധികള്‍.
ഈയിടെ ഇതൊക്കെ തട്ടിപ്പാണ് എന്ന്‌ പാരമ്പര്യ വൈദ്യ രോഗത്തെ പുലികള്‍ എന്നവകാശപ്പെടുന്നചിലര്‍ പത്രങ്ങളില്‍ എഴുതിക്കണ്ടു.
ആയുര്‍വേദ രംഗത്തെ കുലപതികള്‍ ആയ ചിലരോട് ഇതിനൊരു മറുപടി കൊടുത്തൂടെ എന്ന്‌ ചോദിച്ചപ്പോള്‍ മറുപടികളില്‍ ഒന്ന് ഇപ്രകാരം ആയിരുന്നു.
"ഓട്ട കലം തട്ടി മുട്ടി ശബ്ദം ഉണ്ടാക്കി കൊണ്ടിരിക്കുമെടോ ..നിറകുടം അവിടെ ഒരിടത് മിണ്ടാതിരിക്കും "

2011, ജൂലൈ 24, ഞായറാഴ്‌ച

അങ്ങനെ ഞാനും സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു....അല്ല....ഇങ്ങനേം പഠിക്കാം !!

വീണ്ടും ഒരു സമ്മര്‍ വെക്കേഷന്‍..... പഠിക്കാന്‍ മടിയന്‍ ഒന്നും ആയിരുന്നില്ല എങ്കിലും മാര്‍ച്ച്‌ പകുതി ആകുമ്പോഴത്തെക്കും പൂരം അടുക്കുമ്പോ തൃശ്ശൂര്‍ ക്കാരുടെ മനസ്സ് പോലെ ആണ് നമ്മുടെ കാര്യം.സ്കൂള്‍  ഒന്ന് അടച്ചു കിട്ടിയാല്‍ രക്ഷപെട്ടു.അമ്മയുടെ തറവാട്ടിലാണ് അവധിക്കാലം.വലിയൊരു കുന്നിന്റെ മുകളില്‍ ആണ് വീട്.അതിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ മൂന്നു നാല് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന വാളൂര്‍ പാടവും അതി
ന്റെ നടുവിലൂടെ പുളിക്ക കടവ് ബസ് ‌ സ്റ്റോപ്പ്‌ വരെ നീളുന്ന റോഡും.ഏതാണ്ട് ഇരുപതു അടിയോളം പൊക്കത്തില്‍ ഇരു വശത്തും ബണ്ട് പോലെ കരിങ്കല്ല്  കൊണ്ട് കെട്ടി നടുവില്‍ മണ്ണിട്ട്‌ ഉയര്‍ത്തിയാണ് വളഞ്ഞു  പുളഞ്ഞു പോകുന്ന റോഡ്‌ ഉണ്ടാക്കിയിട്ടുള്ളത്.അങ്ങ് ദൂരെ ഓട്ട് കമ്പനിയും  അതിന്റെ പുകക്കുഴലും വരെ നീണ്ടു കിടക്കുന്ന പച്ചപ്പും നടുവില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാമ്പിനെ  പോലെ പോകുന്ന റോഡും!
ഇടയ്ക്കു കുട്ടന്‍ കുളം എന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന കുളവും അവിടവിടെ ഒറ്റപെട്ട ചില വീടുകളും മോട്ടോര്‍ പുരകളും  മാത്രം. നാട്ടിലെ ശരശരിക്കാരായ സകലരുടെയും കുളിയും നനയും പെണ്ണുങ്ങളുടെ പരദൂഷണവും ഒക്കെ കൊണ്ട് പകല്‍ മുഴുവന്‍ ബഹള മയമാണ് അവിടം.
(ഇന്ന് കഥ മാറി കേട്ടോ.ഇഷ്ടിക കളങ്ങളും കോണ്‍ക്രീറ്റ് ബഹളങ്ങളും ആ ഭംഗിയുടെ മുക്കാലും നശിപ്പിച്ചു കഴിഞ്ഞു.പണ്ടത്തെ പല മൂക പ്രേമങ്ങള്‍ക്കും    ദൃക്സാക്ഷി ആയ   കുട്ടന്‍ കുളം  ഇപ്പോള്‍ പൊട്ടക്കുളം പോലെ ആഫ്രിക്കന്‍ ചണ്ടി നിറഞ്ഞു കിടക്കുന്നു )  
ഇത് പടിഞ്ഞാട്ടെ കഥ ആണെങ്കില്‍ കിഴക്ക് വശം മുഴുവന്‍ മാവും കശുമാവും ഉള്ള കുന്നാണ്‌.
ഇടയ്ക്കു എന്നോട് സ്നേഹമുള്ള ചിറ്റ, അമ്മൂമ്മ പാടത്ത്‌ പോകുംന്ന സമയം വില്‍ക്കാന്‍  വച്ചിട്ടുള്ള കശുവണ്ടിയില്‍ നിന്ന് കട്ടെടുത്തതു ചുട്ടു അതിന്റെ വീതം തരും.കുഞ്ഞമ്മാന്‍ ആവട്ടെ അത് വില്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ചെറിയൊരു വെട്ടിപ്പ് നടത്തി പച്ച   നിറമുള്ള    വര്‍ണക്കടലാസില്‍ പൊതിഞ്ഞ മിട്ടായി വാങ്ങിത്തരും.
ഇഷ്ടം പോലെ മാമ്പഴം തിന്നാം. എന്ത് കുരുത്തക്കേടും കാണിക്കാം.....
സര്‍വതന്ത്ര സ്വതന്ത്രന്‍ ആയി നടക്കാം....
ഇതിനെക്കാള്‍ ഒക്കെ അന്ന് അത്ര സാധാരണം ആയിട്ടില്ലാത്ത ബുള്ളറ്റ് (ഇപ്പോഴല്ലേ നായുടെ വാലിലും ഒരു ബൈക്ക് എന്ന നില വന്നത് )എന്‍റെ വലിയമ്മാവന് മാത്രമായിരുന്നു ആ കരയില്‍ ഉണ്ടായിരുന്നത്. അവധി ആയാല്‍ വല്ല്യമ്മാവന്റെ കൂടെ ബുള്ളറ്റില്‍ ആണ് അമ്മ വീട്ടിലേക്ക്‌ ഉള്ള യാത്ര.ഒരുമാതിരി ആനപ്പുറത്ത് കേറാന്‍ ചാന്‍സ് കിട്ടിയ അപ്പുണ്ണിയുടെ ഗമയിലാണ് ആ പോക്ക്!  
വൈകുന്നേരം പുള്ളി എന്നെ അതില്‍ ഒരു സവാരി കൊണ്ടുപോകും.. കാഴ്ച കാണാന്‍ വായും പൊളിച്ചു നില്‍ക്കുന്ന നാട്ടിന്‍ പുറത്തെ, കോണകമുടുത്തു നടക്കുന്ന കുട്ടി പ്രജകളുടെ നടുവിലൂടെ " എന്നെ കണ്ടോ ..എന്‍റെ ബുള്ളറ്റ് കണ്ടോ..നോക്കട പയലുകളെ " എന്ന ഗമയില്‍ ഉള്ള ആ സവാരിയാണ്‌ എന്‍റെ പ്രധാന attraction .
ഇവനെന്താ പ്രകൃതിയെ വര്‍ണിക്കാന്‍ ആണോ ഇത്ര കഷ്ടപ്പെട്ട് എഴുതുന്നതെന്ന് കരുതണ്ട.
വാളൂര്‍ പാടവും നടുവിലൂടെ ഇറക്കം ആയി പോകുന്ന ഉള്ള റോഡും മനസ്സില്‍ ഒന്ന് കണ്ടാലേ പറയാന്‍ പോകുന്ന സീന്‍ ശരിക്ക് മനസ്സിലാകൂ.
അഞ്ചാം ക്ലാസ് കഴിഞ്ഞ അവധി....
വീട്ടില്‍ ചെല്ലുമ്പോള്‍ പക്ഷെ ഇത്തവണ ഞാന്‍ ഞെട്ടി.. പോര്‍ച്ചില്‍ ഒന്നല്ല രണ്ടെണ്ണം! എന്‍റെ ആ ജന്മ ശത്രുക്കള്‍! വെളുത്തു നല്ല രോമമുള്ള പോമരേനിയന്റെ ചേട്ടന്‍ എന്ന്‌ തോന്നുന്ന ഒന്നും,വാല് പോലും ഇല്ലാത്ത ഒരു ആജാനു ബാഹു ആയ  ഡോബര്‍മാന്‍  ഒന്നും!  എന്‍റെ നേരെ കുരച്ചു കൊണ്ട് ഒറ്റ ചാട്ടം! വല്യമ്മാന്‍ "ടൈഗര്‍.. ജിമ്മി ..സൈലന്റ് ..എന്ന്‌ പറഞ്ഞപ്പോഴേക്കും രണ്ടും വാലാട്ടി  നിലത്തു കിടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വല്യമ്മാന്‍ ആള് പുലിയാണല്ലോ എന്ന്‌ തോന്നി. ബാഗും ഞാനും നടന്നല്ല പറന്നാണ് അകത്തു കേറിയതെന്നു   രാത്രി മുത്തച്ഛന്റെ സദസ്സില്‍ കുഞ്ഞമ്മാന്റെ കമന്റ് !! ഉടനേ വന്നു ഉത്തരവ്..അവനു പേടിയാണെങ്കില്‍ രണ്ടിനേം വിറകു പുരക്കു  അടുത്തേയ്ക്ക് മാറ്റി കെട്ട് !!  അല്ലെങ്കിലും എന്റെയല്ലേ മുത്തച്ചന്‍! അങ്ങനെയിരിക്കും.എന്നോട് കളിച്ചാല്‍!!

ഇത്തവണ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കാം എന്ന്‌ പറഞ്ഞിട്ടാണ് കഴിഞ്ഞ തവണ കുഞ്ഞമ്മാന്‍ വിട്ടത്.പുള്ളീം  ഒരു കൂട്ട്കാരനും കൂടെ ആണ് പഠിപ്പിക്കല്‍  

അമ്മാവന്റെ ഈ  കൂട്ടുകാരന്‍ കഴിഞ്ഞ തവണ എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ കുട്ടന്‍ കുളത്തില്‍ കൊണ്ടിട്ടതും കുളിക്കാന്‍ വന്ന ഒരു ചേച്ചിയോട് കഥകളി കാണിക്ക്യേം ആ ചേച്ചി തിരിച്ചു  കണ്ണ് കൊണ്ട് കടുക് വറുക്കുകയും ഒക്കെ ചെയ്യുന്നതിനിടെ ഞാന്‍ വെള്ളം കുടിച്ചു മുങ്ങി താഴ്ന്നതോടെ എനിക്ക് മനസ്സിലായതാണ്..എന്നെ പഠിപ്പിക്കാന്‍ ഉള്ള യജ്ഞത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ അങ്ങേരു സന്നദ്ധന്‍ ആയതിന്റെ  രഹസ്യം!!

ആ ചേച്ചീടെ വീട് ഈ സൈക്കിള്‍ യജ്ഞത്തിന്റെ വഴീല്‍  ആണ് എന്ന്‌  താമസിയാതെ ഞാന്‍  ‍ മനസ്സിലാക്കി. കാരണം കൃത്യം ഒരു സ്ഥലത്ത്  വരുമ്പോള്‍ ആശാന്‍ പിടി വിടും സൈക്കിളും ഞാനും കൂടി അതോടെ  "വീണിതല്ലോ കിടക്കുന്നു ധരണിയില്‍..." എന്നാവും.
ഇങ്ങനെ പല വട്ടം  ചേച്ചീടെ വീട്ടു പടിക്കല്‍ നേര്‍ച്ച കോഴിയെ പോലെ എന്നെ കൊണ്ട് സാഷ്ടംഗ നമസ്ക്കാരം,ശയനപ്രദക്ഷിണം തുടങ്ങിയ വഴിപാടുകള്‍ ഒക്കെ ചെയ്യിച്ചപ്പോള്‍  
ഈ ചേട്ടായിയുടെ കീഴില്‍ ശിഷ്യ പെട്ടാല്‍ എന്റെ  കാര്യം കട്ട പൊഹ എന്ന്‌ നമുക്കെതാണ്ട് ഉറപ്പായി.

എന്തൊക്കെ പറഞ്ഞിട്ടും എന്‍റെ കാലിന്റെ മസില് കേറി..നടു മിന്നി ഇത്യാദി കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ പഠിത്തം നിര്‍ത്തി.എത്ര ശ്രമിച്ചിട്ടും ഞാന്‍ നന്നാവാനുള്ള ഭാവമില്ല.
മരുമോന് പഠിക്കാന്‍(പൊത്തോന്നു വീഴാനും ) സ്വന്തം സൈക്കിള്‍ ദാനം ചെയ്യാനും വെയിലത്ത്‌   നാട്ടു  വഴീലൂടെ അതിന്റെ പിന്നാലെ  നടക്കാനും തയ്യാറായ കൂട്ടുകാരന്റെ മാഹാത്മ്യവും ഉപദേശമായും ശാസന ആയും ഒക്കെ 
മുത്തച്ചന്റെയും  മറ്റുള്ളവരുടെയും മുന്‍പില്‍ അവതരിപ്പിച്ചു കുഞ്ഞമ്മാന്‍ സായൂജ്യമടഞ്ഞിട്ടും കേളനു കുലുക്കമില്ല!! ഇനി ആ ചേച്ചീടെ തിരുനടയില്‍ നമസ്കരിക്കാന്‍ എനിക്ക് മനസ്സില്ല!!!
അതുവരെ അരങ്ങത്തു വരാതിരുന്ന ഒരാള്‍ ഇപ്പോള്‍ രംഗ പ്രവേശം ചെയ്തു....
ആള്‍ ഭയങ്കര ഗൌരവക്കാരന്‍..അല്‍പ്പം ചൂടന്‍ !..നമ്മള്‍ക്ക് പറ്റുന്ന കമ്പനി അല്ല...ഈ വല്യമ്മാനും കുഞ്ഞമ്മാനും  ഇടക്കുള്ള കക്ഷി ........കൊച്ചമ്മാന്‍ എന്ന്‌ ഞാന്‍ വിളിക്കുന്ന  ഈ ആളെ എനിക്കിത്തിരി പേടി ആണ്.. 
"ബാലന്‍സ്  കിട്ടിയോടാ" ....( ഏതാണ്ട് ബാങ്ക് ബാലന്‍സ് കിട്ടിയോ എന്ന മട്ടിലാണ്...) " ബാലന്‍സ് ഒക്കെ കിട്ടി പക്ഷെ അവനു മടിയാണെന്നേ...കാല് വേദന..മസില് പിടുത്തം..വെയില്‍.. നുണയന്‍...!!! ഇളയ തമ്പുരാന്‍ ഉണര്‍ത്തിച്ചു..."ഇപ്പൊ വേദന ഉണ്ടോടാ..സിംഹം എന്നോടാണ് " "ഇ ..ഇല്ല " ഞാന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു .."ഇപ്പൊ വെയില്‍ ഇല്ലല്ലൊ ..വാ നിന്നെ പടിപ്പിക്കാവോന്നു ഞാനൊന്ന് നോക്കട്ടെ..".  കല്‍പ്പന ഉടന്‍ വന്നു ! ഭദ്രകാളീടെ മുന്നിലുണ്ടോ ഈയുള്ളവന്റെ കുട്ടിച്ചാത്തന്‍ കളി വല്ലോം നടക്കണ്!!! ഇനി രക്ഷയില്ല ...
സൈക്കിളും ഞാനും കുന്നിനു താഴെ വഴിയില്‍ എത്തി..കുഞ്ഞമ്മാന്‍ ഒപ്പമുണ്ട് .."കേറിയോടാ അവന്‍??   മുകളില്‍ നിന്നും ഗര്‍ജനം ....കേറി കേറി ...
"എടാ..ഇനി നീ ഞാന്‍ പറയാതെ സൈക്കിളീന്നു ഇറങ്ങില്ല..." സിംഹത്തിന്റെ മുരള്‍ച്ച !! കശുവണ്ടി കുംഭകോണം  ഞാന്‍ മുത്തച്ചനോട്‌  പറഞ്ഞ് കൊടുത്തു ഇതിനു പകരം വീട്ടുന്നുണ്ട് എന്ന്‌ പറയാന്‍ കുഞ്ഞമ്മാന്റെ നേരെ തിരിഞ്ഞപ്പോള്‍ ആണ് എന്‍റെ സപ്ത  നാഡികളും തളര്‍ത്തുന്ന ആ കാഴ്ച കണ്ടത്..സിംഹം തൊട്ടുപുറകില്‍ ..കൂടെ എന്‍റെ ആജന്മ ശത്രുക്കള്‍ രണ്ടും ഇരുവശത്തും !!
"ജിമ്മീ...ടൈഗര്‍ ...പിടിയെടാ അവനെ.." !!!!!!! 
എന്‍റെ ചെവികളെ വിശ്വസിക്കണോ വേണ്ടയോ എന്ന്‌ ചിന്തിക്കാന്‍ നേരം പോലും കൊടുക്കാതെ  എന്‍റെ കാലുകള്‍ പ്രതികരിച്ചു ......അല്ല...എന്‍റെ ജീവന്‍ മുന്പെയും  ഞാന്‍ പിന്നാലെയും പായുകയായിരുന്നു....
ആ സ്പീഡില്‍ ഒളിമ്പിക്സില്‍ ഞാന്‍ സൈക്കിള്‍ ചവിട്ടിയിരുന്നു എങ്കില്‍   ഇന്ത്യക്ക്  ഒരു നാലഞ്ചു മെഡല്‍ എങ്കിലും കിട്ടുമായിരുന്നു എന്ന്‌ തീര്‍ച്ച !!! ഇരുട്ടില്‍ കടുവയുടെ അനന്തിരവന്മാര്‍  രണ്ടും പിന്നാലെ ഉണ്ടെന്നുള്ള ഭയത്തില്‍ ഞാന്‍ പോയ വഴി റോഡാണോ എന്നൊന്നും എനിക്ക് നിശ്ചയം ഇല്ലായിരുന്നു ........
ഏതാണ്ടൊരു പത്തു മിനിട്ടായി കാണണം.....സൈക്കിള്‍
 റോഡിലൂടെ അല്ല 
ആകാശത്തൂടെ ആണ് പോകുന്നതെന്ന് എനിക്ക് തോന്നി... അടുത്ത നിമിഷം ...പ്ലോ ...എന്നൊരു ശബ്ദത്തോടെ ഞാന്‍ പത്തു പതിനഞ്ചു അടി താഴേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു..കുഴഞ്ഞു കിടക്കുന്ന പാടത്തെ ചെളിയിലേക്ക്........
പിറ്റേന്ന് കണ്ണ് തുറക്കുമ്പോള്‍ ..ഞാന്‍ വീട്ടില്‍ കിടക്കയിലാണ്..അത്യാവശ്യം അവിടെയും ഇവിടെയും നീട്ടലും നക്ഷത്ര കെട്ടും ഒക്കെ ആയിട്ട്....
ഇനി നടന്നതെന്താണെന്ന് .......ഇരുട്ടത്ത്‌ നായുടെ കടി പേടിച്ചു ഞാന്‍ പാഞ്ഞത് നേരത്തെ പറഞ്ഞ പാടത്തിനു നടുവിലൂടെ ഉള്ള റോഡിലൂടെ ആയിരുന്നു. ഇറക്കവും മരണ പരാക്രമവും കൂടി 140 മൈല്‍ സ്പീഡില്‍ പാഞ്ഞ ഞാന്‍ ഇരുട്ടില്‍ വളവു കണ്ടില്ല. ഉഴുതു വിതച്ചിട്ടിരുന്ന പാടത്ത്‌ 20  അടി താഴ്ചയില്‍ നിന്നും രാത്രി സിനിമ വിട്ടു വന്നവര്‍ ആരോ ആയിരുന്നു എന്നെ പൊക്കി എടുത്തത് !!!
അന്ന് തന്നെ വീട്ടിലേക്ക്‌ പോരണം എന്ന്‌ ഞാന്‍ വാശി പിടിച്ചു!! എന്നെ പട്ടിയെ വിട്ടു  കടിപ്പിക്കാന്‍ നോക്കിയതൊക്കെ ഞാന്‍ അച്ഛനോട് പറയുന്നുണ്ട്..ഇതെന്റെ അമ്മാവനുമല്ല മുത്തച്ചനുമല്ല ...ആരുമല്ല ....
ഞാന്‍ പ്രഖ്യാപിച്ചു 
" അതിനു നിന്നെ കടിക്കാന്‍ ഞാന്‍ ചങ്ങല  വിട്ടിരുന്നില്ലല്ലോ..നീ പേടിച്ചതിനു ഞാന്‍ എന്ത് വേണം... .."   സിംഹം ചിരിക്കുന്നു ...നീ ജിമ്മിയോടും    ടൈഗരിനോടുംനന്ദി ഉള്ളവായിരിക്കണം    ഇപ്പൊ നീ ഒന്ന് നോക്കിക്കേ നേരെ അല്ല തലകുത്തി നിന്ന് വേണേലും സൈക്കിള്‍ ചവിട്ടും.....ഒറ്റ ദിവസം കൊണ്ടല്ലേ അവര്‍ നിന്നെ സൈക്കിള്‍ expert ആക്കിയത് !!!!".......എനിക്ക് പ്രാണ വേദന സിംഹത്തിനു വീണ വായന....
എന്തായാലും വീട്ടിലെ പൂവന്‍ കോഴികള്‍ രണ്ടെണ്ണം സമാധാന ഉടമ്പടിയുടെ ഭാഗമായി രക്തസാക്ഷികളായി ........
അതോടെ എന്നിലെ കുറുക്കന്‍  ഐക്യ രാഷ്ട്ര സഭയുമായി സമാധാന കരാര്‍ ഒപ്പിടുകയും ചെയ്തു .
സിംഹം പറഞ്ഞത്  സംഗതി സത്യമാണെന്ന് അടുത്ത ദിവസം സൈക്കിള്‍ ചവിട്ടുമ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു !!ഒറ്റ രാത്രി കൊണ്ട് ഞാന്‍ നന്നായി സൈക്കിള്‍ ചവിട്ടുന്നു 

പഠിച്ചത് നാട്ടിലെ പയലുകളെ കാണിക്കാനായി അന്ന് വൈകീട്ട് തന്നെ ഞാന്‍ നാട്ടു വഴിയിലൂടെ ആദ്യ സൈക്കിള്‍ യജ്ഞം നടത്തുമ്പോള്‍ ..പിന്നില്‍ നിന്നും ഒരു ശബ്ദം ......
" കൊള്ളാമല്ലോ...ഒറ്റ ദിവസം കൊണ്ട് നിന്നെ പഠിപ്പിച്ചോ...." തിരിഞ്ഞു നോക്കുമ്പോളുണ്ട് ....ഞാന്‍ ആരുടെ വീട്ടുപടിക്കലാണോ ശയന പ്രദക്ഷിണം നടത്തിയത് ..ആ ചേച്ചി നിന്ന് ചിരിക്കുന്നു .........
എന്‍റെ സൈക്കിള്‍ പഠിത്തവും പടിക്കലെ ശയന പ്രദക്ഷിണവും കൊണ്ട് ആ പ്രേമ വണ്ടിയുടെ ലൈന്‍ ക്ലിയര്‍ ആയി എന്ന്‌ ദിവസങ്ങള്‍ക്കകം എനിക്കും നാട്ടുകാര്‍ക്കുമൊക്കെ ബോധ്യപ്പെട്ടു 
 എല്ലാത്തിനും കുട്ടന്‍ കുളം സാക്ഷി!! 
 
ഇനി ഒരു കാര്യം കൂടി പറഞ്ഞിട്ട് നിര്‍ത്താം....  കൊച്ചു മോനെ 
  ഭയപ്പെടുത്തിയ ജിമ്മിയോടും  ടൈഗരിനോടും ആരൊക്കെ ക്ഷമിച്ചാലും എന്‍റെ മഹാനായ മുത്തച്ചന്‍ ക്ഷമിക്കാന്‍ തയ്യാറല്ലായിരുന്നു..സിംഹത്തിന്റെയും പുലിയുടെയും ഒന്നും പ്രതിഷേധം വിലപ്പോയില്ല......രണ്ടു പേരെയും കൊച്ചമ്മാന്റെ ഏതോ കൂട്ടുകാരന്റെ വീട്ടിലേക്ക്‌ നാട് കടത്തിക്കൊണ്ടു കോടതി ഉത്തരവായി!!!