2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

പേടി മാറാനുള്ള ഇഷ്ടിക

വള്ളി നിക്കര്‍ ഒക്കെ ഇട്ടു സ്കൂളില്‍ പോകുന്ന കാലം..
ഞങ്ങള്‍ മൂന്നര പേരാണ് എപ്പൊഴും ഒരുമിച്ചു  സ്കൂളിലേക്ക് പോകുക.ഞാന്‍..പിന്നെ ആ നാട്ടിലെ കുറച്ചു കാശും ഒരു കൊപ്ര ആട്ടുന്ന മില്ലും ഒക്കെ ഉള്ള വീട്ടിലെ പയ്യന്‍സ് മനു, അവരുടെ കൊപ്ര കളത്തിലെ പണിക്കാരന്‍ വാറുണ്ണി ചേട്ടന്റെ മകന്‍ ദേവസിക്കുട്ടി,ഇവരാണ് മൂന്നു പേര്‍.നാലര വയസ്സായപ്പോഴേക്കും 5 ആയി എന്ന്‌ പറഞ്ഞ് ഒന്നാം ക്ലാസ്സില്‍ ചേര്‍ത്ത് വിട്ട മനുവിന്റെ അനിയത്തി ലച്ചു എന്ന പീക്കിരി ആണ് കൂട്ടത്തിലെ അര. മൂന്നര പിള്ളേര് എന്ന്‌ അടുത്ത വീട്ടിലെ അന്നമ്മ ചേട്ടത്തി ഒരിക്കല്‍ ഞങ്ങളുടെ ഗാങ്ങിനെ വിളിച്ച പേരാണ്.
ഡൊമിനിക്....അതാണവന്റെ പേര്.
സ്കൂളിലെ വില്ലന്‍.....മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ മുണ്ടുടുത്ത് വരുന്ന ഡൊമിനിക് നെ ഞങ്ങള്‍ മറ്റു അശുക്കള്‍ക്കൊക്കെ പേടിയായിരുന്നു. ക്ലാസ്സില്‍ പിന്‍ ബെഞ്ചില്‍ ഇരുന്നു ചീട്ടു കളിക്കും ഒറ്റക്കാണ് കളി.. അധികവും കാരണം മറ്റു പീക്കിരികള്‍ക്ക് ഒന്നിനും അതറിയില്ല എന്നത് മാത്രമല്ല കളിയുടെ നിയമങ്ങള്‍ അവന്‍ തീരുമാനിക്കുന്നതാണ്...നമ്മുടെ കയ്യിലെ വിലപ്പെട്ട കളര്‍ പെന്‍സിലും  റബ്ബറും ഒക്കെ അവന്റെ സ്വത്തായി മാറാന്‍ പിന്നെ താമസം ഉണ്ടാവില്ല.ടീച്ചറോട് പരാതിപെടാന്‍ ഞങ്ങള്‍ക്കാര്‍ക്കും ധൈര്യം ഇല്ല.പുറത്തിറങ്ങിയാല്‍ അവന്റെ വക പട്ടാണി കുത്തും ചവിട്ടും ഒക്കെ ഞങ്ങള്‍ തന്നെ വേണ്ടേ വാങ്ങിക്കൊണ്ടു പോകാന്‍!ഹെഡ് മാസ്ടരുടെ ചൂരലിനൊന്നും അവന്റെ തൊലിക്കട്ടിയെ നേരിടാനുള്ള ബലം പോരാ എന്ന്‌ പലതവണ ഞങ്ങള്‍ കണ്ടിട്ടുള്ളതുമാണ്.
തിരിച്ചടിക്കാമെന്ന് വച്ചാല്‍  ഞങ്ങളുടെ മൂന്നിരട്ടി വലിപ്പമുള്ള അവനെ തിരിച്ചടിക്കാന്‍ മാത്രം  ധൈര്യമുള്ള ആരും കൂട്ടത്തില്‍ ഇല്ലായിരുന്നു.
ചാരായ ഷാപ്പില്‍ നിന്നും ചുവന്ന കണ്ണുകളും കൊമ്പന്‍  മീശയും തോളത്തു ചിറകു വച്ച കാക്കി കുപ്പായവും ഒക്കെ ആയി ഇറങ്ങി അന്നത്തെപഴയൊരു  ബെന്‍സ്‌ ലോറിയില്‍ കയറി ഓടിച്ചു പോകുന്ന അവന്റെ അപ്പനെ ഞങ്ങള്‍ കണ്ടിട്ടുണ്ട്. അതുപോലെ കവലയില്‍ കിടന്നു അടിയുണ്ടാക്കുന്ന അയാളെ പോലീസ് പിടിച്ചോണ്ട് പോകുന്നതും  രണ്ടു ദിവസത്തിനകം തിരിച്ചു അയാള്‍ അതെ സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നതും ."പോലീസിന് പോലും എന്റപ്പനെ പേടിയാണ്
അപ്പനോട് പറഞ്ഞാല്‍ നീയൊന്നും ഈ വഴി നടക്കൂല്ല "എന്ന്‌ ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും പണക്കാരനായ മനുവിനെ അവന്‍ ഒരുദിവസം വിരട്ടുക കൂടി ചെയ്തതോടെ 
'മൊത്തത്തില്‍ എല്ലാരേയും തിന്നാതിരിക്കാന്‍   ഊഴമിട്ട്‌ ഒരാള്‍ തീറ്റ ആയിക്കോളാം' എന്ന്‌ പണ്ട് കഥയില്‍ സിംഹത്തിനോട്‌ കാട്ടിലെ മൃഗങ്ങള്‍ കരാര്‍ ഉണ്ടാക്കിയ പോലെ ഒടുവില്‍ ഞങ്ങള്‍ ഡോമിനികിനോട് ലോകസമാധാന ഉടമ്പടി ഒപ്പിട്ടു.
അറ്റത്ത് റബ്ബര്‍ വള്ളി  പിടിപ്പിച്ച  പന്തായും (ഇന്നത്തെ യോയോപോലെ )തുറന്നാല്‍ അകത്തു മിട്ടായി ആയി തിന്നാവുന്നതും ആയ ഒരു സ്പെഷ്യല്‍ ഐറ്റം സ്കൂളിന്റെ മുന്നിലെ അന്തോനിചേട്ടന്റെ കടയില്‍ നിന്നും വാങ്ങി കൊടുക്കുക..അടുത്ത പഞ്ചായത്തിലുള്ള ഓല ടാക്കീസില്‍ പടം മാറുമ്പോ തറ ടിക്കറ്റ് നുള്ള 50 പൈസ കൊടുക്കുക , ബീഡി വാങ്ങാന്‍ 25 പൈസ കൊടുക്കുക  ഇങ്ങനെ ഉള്ള കാര്യങ്ങളൊക്കെ സാധിച്ചു കൊടുത്തിട്ടാണ് ഞങ്ങള്‍ ഡോമിനികിനെ പ്രസാദിപ്പിച്ചു കൊണ്ടിരുന്നത്.
ഇന്നത്തെ പോലെ സ്പെഷ്യല്‍ ഫീസ്‌ എന്നൊന്നും പറയാന്‍ വകുപ്പില്ലാത്ത സര്‍ക്കാര്‍ സ്കൂള്‍ ആയിരുന്നതിനാല്‍ ഇതിനൊക്കെ ഉള്ള കാശുണ്ടാക്കാന്‍ അല്ലറ  ചില്ലറ മോഷണങ്ങളും  വീട്ടില്‍ ഞങ്ങള്‍ നടത്തിയിരുന്നു.ഈ മോഷണ ശ്രമത്തിനിടയിലാണ് ഒരു ദിവസം ഞാന്‍ പിടിക്കപ്പെടുന്നത്.ഭദ്രമായി പൂട്ടിയിരുന്ന അലമാരി തുറന്നു  25 പൈസ എടുത്തു വീണ്ടും പൂട്ടുമ്പോളാണ് ആ പൂട്ട്‌ എന്നെ പറ്റിച്ചത്.പൂട്ടുമ്പോഴും തുറക്കുമ്പോഴും മണിയടിക്കുന്ന ആ പൂട്ടിന്റെ മണി കുറെ നാളായി കേടായിരുന്നു. എന്നാല്‍ കണ്ടക ശനിയുടെ അപഹാരമായിരുന്നോ  എനിക്ക് എന്ന്‌ അറിഞ്ഞൂടാ..തുറക്കുമ്പോള്‍ അടിക്കാതിരുന്ന മണി പൂട്ടുമ്പോള്‍ എന്നെ പറ്റിച്ചുകളഞ്ഞു!!!  'ക്ണിം' ...എന്ന ആ ചെറിയ ശബ്ദം എന്‍റെ മരണ മണി ആയിട്ടാണ് എനിക്ക് തോന്നിയത്.
"നീ അവിടെ എന്താ എടുക്കുന്നത്"? എന്ന്‌ ഒരു ശബ്ദം...തിരിഞ്ഞു നോക്കുമ്പോഴുണ്ട്‌ അമ്മ തൊട്ടു പുറകില്‍..ഞാന്‍ ഈ മണി നന്നാക്കിയതാ എന്നൊരു നമ്പര്‍ ഇട്ടു നോക്കിയെങ്കിലും എന്‍റെ മുഖത്തെ പരിഭ്രമം അമ്മക്ക് സംശയം ഉണ്ടാക്കി. കടിഞ്ഞൂല്‍ക്കനിയുടെ കളവു കണ്ടു പിടിക്കാന്‍ പക്ഷെ അപ്പോള്‍ അമ്മക്ക് പറ്റിയില്ല.
എന്നെ കണ്ടാല്‍ കിണ്ണം കട്ട പോലുണ്ടോ എന്ന എന്‍റെ മുഖഭാവം അമ്മ പക്ഷെ ശ്രദ്ധിച്ചിരുന്നു എന്ന്‌ പിന്നീട് മനസ്സിലായി....
അമ്മ കണ്ടു പിടിച്ചോ എന്ന സംശയം എന്‍റെ ഉറക്കം കെടുത്തി.
എനിക്കറിയാവുന്ന സകല ദൈവങ്ങളെയും ഞാന്‍ വിളിച്ചു കേണു ....ഈ അസുരനെ ഒന്ന് കൊന്നു തരാനായി വിലക്കുംമാലയും ശയന പ്രദക്ഷിണവും ഒക്കെ ആയി നേര്‍ച്ചകളുടെ ലിസ്റ്റ് നീണ്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. രാവിലെ പെന്‍സില്‍ ബോക്സില്‍ ഒളിച്ചു വച്ച 25 പൈസ അവിടെ തന്നെ ഇല്ലേ എന്ന്‌ ഉറപ്പുവരുത്തുന്നതിനിടെ ആണ് ഞാന്‍ പിടിക്കപ്പെടുന്നത്.."ഇതെവിടുന്നാ?" അമ്മയുടെ ചോദ്യം ? " അത് മനുവിന്റെ പൈസ താഴെ വീണത്‌ ഞാന്‍ എടുത്തു വച്ചതാ "..അപ്പൊ വായില്‍ തോന്നിയൊരു നുണ ഞാന്‍ തട്ടിവിട്ടു. മനു വലിയ പൈസ ഉള്ള വീട്ടിലെ ആയതിനാല്‍ വിശ്വസിച്ചോളും എന്ന്‌ കരുതിയ എന്നെ ഞെട്ടിച്ചു കൊണ്ട് അടുത്ത ചോദ്യം വന്നു. " എന്നിട്ട് നീ എന്താ തിരിച്ചു കൊടുക്കാഞ്ഞേ....?" അത്...പിന്നെ.. ഇന്ന്..." ചെക്കന്റെ വിക്കലും പരുങ്ങലും കണ്ടപ്പോള്‍ അമ്മയുടെ സംശയം മുറുകി .." ചോദിച്ചത് കേട്ടില്ലേ ?" കേട്ടു പക്ഷെ ഇങ്ങനെ തുടര്‍ച്ചയായി നുണ പറയാന്‍ ഉള്ള എക്സ്പീരിയന്‍സ് ഒന്നും എനിക്കായിട്ടില്ലല്ലോ....ഒന്നാലോചിക്കാനുള്ള സമയമൊക്കെ വേണ്ടേ !! 
"ദേ...ഇങ്ങോട്ടൊന്നു വന്നേ....ഇവനിതെവിടന്നാ  കിട്ടിയെന്നു ചോദിച്ചേ.." കീഴ് കോടതി സുപ്രീം കോടതിക്ക് ഇത്ര വേഗം കേസ് കൈമാറിയ ചരിത്രം ഉണ്ടായിട്ടുണ്ടാവില്ല ....
എത്ര ചോദിച്ചിട്ടും ഞാന്‍ നിന്ന് വിറച്ചത് അല്ലാതെ ഒറ്റ അക്ഷരം വായീന്ന് പുറത്തേക്ക് വരുന്നില്ല.
കഴുത്തിലാരോ കുത്തി പിടിച്ച പോലെ..ശ്വാസം മുട്ടുന്നു...
"സത്യം പറ ..നീ കട്ടതല്ലേ ?" ...തീര്‍ന്നു !! എന്‍റെ ഗ്യാസ് പോയി !
അന്ന് അച്ഛന്‍ ബ്ലാക്ക്‌ക്യാറ്റ് കമാന്‍ഡോ പോലെ സ്കൂളിലേക്ക് എന്നെ അനുഗമിച്ചു.
ഹെഡ്മാസ്ടരുടെ മുന്‍പിലായിരുന്നു വിചാരണ."ചെറിയ കുട്ടികളുടെ കയ്യില്‍ എന്തിനാ കാശ്!,ഇത് കൊടുത്ത് വിട്ടു മറ്റു കുട്ടികളെ കൂടി ചീത്ത ആക്കുന്ന കാര്‍ന്നോമ്മാരെ പറയണം...എനിക്കറിയാം ഇത് കളഞ്ഞു കിട്ടിയതൊന്നുമല്ല മൊട്ടേന്നു വിരിഞ്ഞില്ല അതിനു മുന്‍പേ തുടങ്ങി " ഇത്യാദി വിവരമില്ലാത്ത അച്ചന്‍ മാരുടെ സ്ഥിരം ഗീര്‍വാണം പൊടി പൊടിക്കുമ്പോള്‍ "അപ്പന്‍ മാരെ കപ്പ തീനികളെ നിങ്ങള്‍ക്കെന്തറിയാം " എന്ന്‌ ഞാന്‍ മനസ്സില്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു..... 
 ഒടുവില്‍ അസ്സംബ്ലിയില്‍ എല്ലാരുടെയും മുന്നില്‍ വച്ചു ചൂരല്‍ കഷായം ആവശ്യത്തിനു തന്നിട്ട് ഹെഡ് മാസ്റ്റര്‍ പ്രഖ്യാപിച്ചു "ഇതെല്ലര്‍ക്കും ഒരു പാഠം ആയിരിക്കട്ടെ!" അടുത്ത വീട്ടിലെ തുളസി പെണ്ണ് കാണുന്നല്ലോ എന്ന അപമാനം കൂടി ആയപ്പോള്‍ ഞാന്‍ തീര്‍ത്തും ഇല്ലാണ്ടായി.ഇപ്പൊ എന്‍റെ ശത്രു ഡോമിനിക് അല്ല അച്ഛന്‍ ആയിരുന്നു.
അച്ഛനിട്ടൊരു പണി കൊടുക്കണം എന്ന്‌ മനസാ തീരുമാനിച്ചുറച്ചു..ക്ലാസ്സില്‍ എത്തുമ്പോള്‍ മനു  സമാധാനിപ്പിച്ചു...പോട്ടെടാ സാരമില്ല. ദേവസ്സികുട്ടിക്ക് പക്ഷെ എന്‍റെ ഭാഗമാണ് ശരി എന്നായിരുന്നു അഭിപ്രായം "അങ്ങേര്‍ക്കു വേണേല്‍ വീട്ടില്‍ വച്ചു രണ്ടു തല്ല് കൊടുത്താ പോരായിരുന്നോ..ഇതിപ്പോ എല്ലാരും കണ്ടു ".
അച്ഛനിട്ടാണോ ഹെഡ് മാസ്ടര്‍ക്കിട്ടാണോ പണി കൊടുക്കേണ്ടതെന്നു ആലോചിച്ചു ഞങ്ങള്‍ തല പുകച്ചു ..അന്ന് മുഴുവന്‍ !
അന്ന് സ്കൂള്‍ വിടുമ്പോള്‍ ആണ് ഓര്‍ത്തത്‌.ഇന്ന് പണ്ട് മിട്ടായി വാങ്ങി കൊടുത്തില്ലെങ്കില്‍  ഡൊമിനിക് എന്നെ വിടാന്‍ പോകുന്നില്ല....എവിടന്നു കൊടുക്കാന്‍ ! കളവു കേസില്‍ പ്രതി ആയതോടെ ആ വഴി എന്നെന്നേക്കുമായി അടഞ്ഞില്ലേ...ഇനി അവന്റെ കണ്ണില്‍ പെടാതെ മുങ്ങുകയെ വഴി ഉള്ളു ......
ഒരു കണക്കിന് മൂത്രപ്പുരയുടെ പിന്നിലൂടെ ഒളിച്ചു ചാടി ഗേറ്റ്നു അടുത്ത് എത്തുമ്പോളാണ് എന്‍റെ സപ്ത നാഡികളും തളര്‍ന്നത് !! ഭീകരന്‍ നേരെ മുന്നില്‍....
ഡോമിനിക്കെ...എന്‍റെ കയ്യില്‍ പൈസ ഇല്ല അച്ഛന്‍ പിടിച്ചു അടികിട്ടിയത്‌ നീയും കണ്ടതല്ലേ ...ഞാന്‍ കെഞ്ചി ...അതൊന്നും എനിക്കറിയണ്ട നീ ആ മനൂനോട് വാങ്ങിത്തരാന്‍ പറ....അവന്‍ വിടാനുള്ള ഭാവമില്ല..ഒടുവില്‍ എന്‍റെ ഷര്‍ട്ട്‌ അവന്റെ പിടിയിലമര്‍ന്നു..സിംഹത്തിന്റെ പിടിയില്‍ പെട്ട മാനിനെ പോലെ ഞാന്‍ കണ്ണുകളടച്ചു...
ഇപ്പൊ ഇടി വീഴും എന്ന്‌ പ്രതീക്ഷിച്ചു നിന്ന ഞാന്‍ കേട്ടത് ഒരു അലര്‍ച്ചയാണ് !! 
കണ്ണുതുറന്നു നോക്കുമ്പോള്‍ ഭീകരന്‍ നിലത്തു കിടന്നു പിടയുന്നു.കയ്യിലൊരു ഇഷ്ടികയുമായി ദേവസി കുട്ടി അവന്റെ നെഞ്ചത്ത് കയറിയിരിക്കുന്നു.ഭീകരന്റെ തലപൊട്ടി ചോര ഒഴുകുന്നുണ്ട്. " വിളിയെടാ നിന്റെ അപ്പനെ ..നിന്നേം നിന്ടപ്പനേം ഇന്ന് ഒന്നിച്ചു കുഴീലോട്ടെടുത്തിട്ടെ ഞാന്‍ പോകൂ..." ഇഷ്ടിക അവന്റെ നെഞ്ചില്‍ തുരുതുരെ പതിഞ്ഞു..
നിനക്ക് വേണ്ടി ഞങ്ങള്‍ എത്ര കാശ് കട്ടതാടാ ..എന്റമ്മച്ചീടെ നേര്ച്ച കുടുക്കെന്നു വരെ ...നിനക്കവനെ തല്ലണം അല്ലേ ..
നരുന്ത് പോലെ ഇരിക്കുന്ന ദേവസി കുട്ടീടെ ധൈര്യം കണ്ടു ഞങ്ങളെല്ലാം അമ്പരന്നു !
പിടിച്ചു മാറ്റാന്‍ വന്ന ഹെഡ്മാസ്ടര്‍ക്കിട്ടും കിട്ടി ഒന്ന് രണ്ടെണ്ണം .
"അടുത്ത് വന്നാ എല്ലാത്തിനേം കൊല്ലും ഞാന്‍..മാഷാന്നൊന്നും നോക്കില്ല...ഇവന്‍ എത്ര നാള്‍ ആയെന്നറിയാമോ ഞങ്ങളെ കൊണ്ട് പേടിപ്പിച്ചു കാശ് മോട്ടിപ്പിച്ചു ഓരോന്നു വാങ്ങിച്ചു തിന്നുന്നു." 
സുരേഷ് ഗോപി സ്റ്റൈലില്‍ ഉള്ള മൂന്നാം ക്ലാസ്സ് കാരന്റെ പരാക്രമം താങ്ങാനുള്ള 'കപ്പാകിറ്റി'  യില്ലാത്ത ദേവസി കുട്ടീടെ   ശരീരം പിന്നെ ഒരു പഴന്തുണി പോലെ നിലത്തു വീണു.
വാദിയും പ്രതിയും കൂടി ഒരേ വണ്ടിയില്‍ ഒരേ ആശുപത്രിയിലേക്ക്.....അന്ന് വന്ന കാക്കിയിട്ട മാമ്മന്‍മരോടൊക്കെ മനുവിന്റെ അച്ഛനായിരുന്നു സംസാരിച്ചത് എല്ലാം.ഞങ്ങളോടൊക്കെ അവര്‍ എന്തൊക്കെയോ ചോദിക്കുകയും കുറെ കടലാസുകളിലൊക്കെ കുത്തി കുറിക്കുകേം ചെയ്യുന്ന കണ്ടു.
ആരും ഞങ്ങളെ ചീത്ത പറഞ്ഞതേ ഇല്ല........"ഇനി ഇത് പോലെ ആരെങ്കിലും വല്ലതും ഉപദ്രവിച്ചാല്‍ ഹെഡ്മാസ്ടരോട്  പറയണം...അല്ലാതെ ഇങ്ങനെ നേരിട്ട് അടികൂടനോന്നും പോകരുത് കേട്ടോ" എന്ന്‌ മാത്രം  പറഞ്ഞ് ദേവസികുട്ടിയുടെയുംഎന്റെയും  നിറുകയില്‍ ഒന്ന് തടവി മനുവിന്റെ പപ്പാ അവരുമായി പുറത്തേയ്ക്ക് പോയി ....അവരുടെ കൂടെ കയ്യും കെട്ടി കുനിഞ്ഞു കൊണ്ട് വിനീതനായി ഡോമിനികിന്റെ ഭയങ്കരനായ അപ്പന്‍ പോകുന്നത് കണ്ടപ്പോള്‍ എനിക്ക് തോന്നി ..."മനുവിന്റെ പപ്പാ ആള്‍ അങ്കമാലീലെ പ്രധാനമന്ത്രി ആണല്ലോ!! "
" ഡാ നീ കണ്ടോ.?." ദേവസി കുട്ടി ചോദിച്ചു ....എന്ത് കണ്ടോന്നു? 
അവന്റെ കയ്യിലെ സൂചീം കുഴലും ഒക്കെ എടുത്തിരുന്നു....അതിനോടകം.
"അവനെ ....ആ തടിയനെ ? എത്ര തുന്നികെട്ടുണ്ട് ?" 
മനു ആണ് മറുപടി പറഞ്ഞത് .."അപ്പുറത്തെ വാര്‍ഡില്‍ ഉണ്ട്.അവടെ തലേലൊക്കെ കെട്ടാ..നീയവനെ എന്ത് കീച്ചാ കീച്ചിയെ....ചത്ത്‌ പോകേണ്ടതായിരുന്നു.എന്‍റെ പപ്പയും സാറന്മാരും ഒക്കെ പറഞ്ഞിട്ടാ നിന്നെ പോലീസ് കൊണ്ടുപോകാത്തെ..പിന്നെ സിബീടെം മാനുവലിന്റെം എല്ലാ അവമ്മാരടെം അച്ഛനൊക്കെ സ്കൂളില്‍ വന്നിരുന്നു ഇന്നലെ.എല്ലാരും കൂടി ഡോമിനികിനെ കുറിച്ച് പരാതി
 കൊടുത്തൂന്നു പപ്പാ പറഞ്ഞു.....ദേ നിന്റെ അച്ചനൊഴിച്ചു എല്ലാരും വന്നിരുന്നു.. "മനു ആ വിരല്‍ ചൂണ്ടിയത്  എന്റെ നേര്‍ക്കാണെന്നു കണ്ടപ്പോള്‍ സത്യത്തില്‍ ഭൂമി പിളര്‍ന്നു താഴ്ന്നു പോയിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചു...വെറുതെ.
"ഞാന്‍ അവനെ ഒന്ന് കണ്ടിട്ട് വരാം" ദേവസി കുട്ടി എണീറ്റു...അയ്യോ വേണ്ടടാ ...മനു തടുത്തു നീ പിന്നേം തല്ലാന്‍ പോകുവാണോ ? 
ഹേയ്! ഒന്ന് കാണാനാ .. 5 മിനിട്ടിനകം തിരികെ വന്ന ദേവസികുട്ടി എന്‍റെ ചെവിയില്‍ മന്ത്രിച്ചു "പേടിക്കെണ്ടാട പൊട്ടാ..അവന്‍ ഇനി തിരിച്ചു വന്നു നിന്നെ ഒന്നും ചെയ്യില്ല ...അല്ല ഇനി അവന്‍ ആ സ്കൂളിലേക്ക് വരുകയേ ഇല്ല.അതിനുള്ള ഒരു മന്ത്രം ഞാന്‍ ചെയ്തിട്ടുണ്ട് !!"
മനൂന്റെ മില്ലിലെ ജീപ്പില്‍ കുടുങ്ങി കുടുങ്ങി മണ്‍  വഴിയിലൂടെ വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ഞാന്‍ ചോദിച്ചു "ഇത്രേം ധൈര്യം നിനക്കെവിടന്നാ  വന്നേ..പേടി തോന്നിയില്ലാരുന്നോ?" " ദേവസി പറഞ്ഞു  ഇന്നലെ അപ്പന്‍ പറഞ്ഞിരുന്നു നമ്മള്‍ ഓടിയാല്‍ നായ  പിന്നാലെ ഓടിക്കും ..തിരിഞ്ഞു നിന്നൊരു കല്ലെടുത്താല്‍ അത് ഓടാന്‍ തുടങ്ങും കാരണം എല്ലാര്ക്കും സ്വന്തം ജീവനില്‍ കൊതി ഉണ്ടെടാ " എന്ന്‌ ..."നീ അവന്‍ വരില്ലാന്ന് പറയാന്‍ കാരണം എന്താ ?" 
" നിന്റൊരു ഒടുക്കത്തെ    സംശയം ...ആരും കേള്‍ക്കണ്ട ...ഞാന്‍ അവനോടു പറഞ്ഞു...പുതിയ സ്കൂള്‍ കെട്ടിടത്തിനെ പണിക്കു ഒരു ലോഡ് ഇഷ്ടിക ഇന്നലെ ഇറക്കീട്ടുണ്ട് എന്ന്‌.. ഇനി ഇഷ്ടിക എന്ന്‌ കേട്ടാലെ അവന്‍ ഓടാന്‍ തുടങ്ങും !!!"         
ഒന്ന് നിര്‍ത്തി അവന്‍ പറഞ്ഞു "നീ ഇനി ഒരു ഇഷ്ടിക കയ്യില്‍ കൊണ്ട് നടന്നോ..പേടി മാറാന്‍ നല്ലതാ "
ദേവസി കുട്ടി പൊട്ടി പൊട്ടി ചിരിക്കുമ്പോള്‍ ...മുന്‍ സീറ്റില്‍ ഇരുന്നു അവന്റെ അപ്പന്‍ പറഞ്ഞു " ചിരിച്ചോടാ ചിരിച്ചോ ...ഇനി ആരുടെ മണ്ടയാണോ ആവോ പൊളിക്കാന്‍ പോണത് !!" 

11 അഭിപ്രായങ്ങൾ:

  1. കീഴ് കോടതി സുപ്രീം കോടതിക്ക് ഇത്ര വേഗം കേസ് കൈമാറിയ ചരിത്രം ഉണ്ടായിട്ടുണ്ടാവില്ല ...

    ചിരിപ്പിച്ചു മാഷേ.. നല്ല പോസ്റ്റ്.

    മറുപടിഇല്ലാതാക്കൂ
  2. ഇഷ്ടികക്കുള്ള ഈ കഴിവ് അറിയുന്നത് കൊണ്ടാകും ഇന്നും ചില ശൂരന്മാര്‍ അതും കക്ഷത്തില്‍ വച്ച് നടക്കുന്നത് ! അഞ്ചു വയസ്സുകാരന്റെ വികൃതികള്‍ കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  3. ബിജിത്ത് : മൂന്നാം ക്ലാസ്സാ ബിജിത്തേ അപ്പൊ അഞ്ചല്ല എട്ടാ വയസ്സ് (കാര്യം അഞ്ചിന്റെ വളര്‍ച്ച കൂടി അപ്പൊ ഇല്ലായിരുന്നു എന്നത് വേറെ കാര്യം !)
    കുമാരന്‍: നന്ദി നിങ്ങളെ പോലുള്ള ബ്ലോഗിലെ പുലികള്‍ ഇതില്‍ കമന്റിയതിനു..ഈ ബിജിതിന്റെ ശല്യം കൊണ്ട് മാത്രം എഴുതാന്‍ തുടങ്ങിയതാ..അതിപ്പോ ആണ്ട ബാധ കൊണ്ടേ പോകൂ എന്നായോന്നൊരു സംശയം !

    മറുപടിഇല്ലാതാക്കൂ
  4. എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ആ മുദ്രാവാക്യം ആണ്..""അപ്പന്‍ മാരെ കപ്പ തീനികളെ നിങ്ങള്‍ക്കെന്തറിയാം"..ഇനിയും ഇത് പോലെ ഉള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  5. മുദ്രാവാക്യം കലക്കി..."അപ്പന്മാരെ കപ്പ തീനികളെ"...
    ഇനിയും ഇത് പോലെയുള്ള കഥകള്‍ പ്രതീക്ഷിക്കുന്നു..ഇതില്‍ ആത്മകഥാ അംശം ചെറുതായി ഉണ്ടോ എന്നൊരു സംശയം

    മറുപടിഇല്ലാതാക്കൂ
  6. nalla munnara gang...maman enganeya itra pedithondan aayathu?
    hmmm devasi aalu kollaam enne pole rebellious thanne..kittiya kitti pottiyal potti...dhairyam kollam!!!!!!
    achane vaka varuthiyo? nd d headmaster? angerude line kollamayirunnu
    nannee ishtapettu...

    മറുപടിഇല്ലാതാക്കൂ
  7. @ലെമിച്ചി-ഇത് കഥ അല്ലേ ? അല്ലെങ്കിലും എന്നെക്കാളും ആരോഗ്യം ഉള്ളവരുടെയടുത്തു ചെന്നാല്‍ ഞാന്‍ ഭയങ്കര ഗാന്ധിയന്‍ ആയി മാറും....അതാ ആരോഗ്യത്തിനു നല്ലത്.എന്തായാലും അതിനു ശേഷം ഡൊമിനിക് സ്കൂളില്‍ വന്നില്ല.ദൂരെ എവിടെയോ പോയി ചേര്‍ന്നു.
    പിന്നെഅച്ഛന്‍ ആയിപ്പോയില്ലേ ..കഥയില്‍ ആണെങ്കിലും.....സഹിക്ക്യല്ലേ വഴിയുള്ളൂ. അതിനാല്‍ തല്ക്കാലം മുദ്രാവാക്യത്തില്‍ നിര്‍ത്തി

    മറുപടിഇല്ലാതാക്കൂ
  8. മൂന്നര ഗാങ്ങ് കൊള്ളാലോ..മൂന്നാം ക്ലാസ്സിലെ ഇങ്ങനെയണേല്‍ പത്തില്‍ എത്തിയപ്പോള്‍ എന്തായിരിക്കും പുകില്‍..രസിപ്പിച്ചുട്ടോ..ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  9. ചിരിച്ചോ ചിരിച്ചോ ,എന്റെ കയ്യിലും ഒരു ലോഡ് ഇഷ്ടിക ഉണ്ട് ,..നന്നായിരിക്കുന്നു ...

    മറുപടിഇല്ലാതാക്കൂ
  10. @ദുബായിക്കാരന്‍ -ഈയിടെ ദേവസി കുട്ടിയെ കുറിച്ചാരോ പറയുന്ന കേട്ടു..അവന്‍ ഇഷ്ടികെടെ ഇടപാടാണ് എന്ന്‌. മൂന്നു നാല് ഇഷ്ടിക കളം ഉണ്ടത്രേ.മൂന്നാം ക്ലാസ്സില്‍ ഗണപതിക്ക്‌ വച്ചത് എട്ടു എന്നര്‍ത്ഥം !!!

    മറുപടിഇല്ലാതാക്കൂ
  11. സോറി സിയഫിനോട് പറയാനുള്ളത് ദുബായ് കാരനോട് ആയിപ്പോയി എഴുതിയപ്പോ.ഹോസ്പിറ്റലില്‍ രോഗികളുടെ തിരക്ക് വളരെ കൂടുതലാണ് ഈയിടെ അതുകൊണ്ട് മൂന്നാം ക്ലാസ്സില്‍ നിന്നും നാലിലേക്ക് കയറാന്‍ ഇനീം പറ്റീട്ടില്ല.ഡോക്ടര്‍ കഥ എഴുതുകയാണ് എന്ന്‌ ബോര്‍ഡ്‌ വക്കാന്‍ പറ്റില്ലല്ലോ. എന്തായാലും ഉടനേ എഴുതാം.മനസ്സിലുണ്ട്. സമയം കിട്ടുന്നില്ല

    മറുപടിഇല്ലാതാക്കൂ