2011, ജൂലൈ 13, ബുധനാഴ്‌ച

"അവന്‍ ഒന്നും കഴിക്കൂല്ല ഡോക്ടറേ"

അസുഖങ്ങളുടെയും വയ്യയ്കകളുടെയും വാര്‍ത്തകളും വിശേഷങ്ങളും മാത്രമാണ് ദിവസവും ഒരു ഡോക്ടറെ ചുറ്റിപ്പറ്റി ഉണ്ടാവുക..എന്നാല്‍ ഓര്‍ക്കുമ്പോള്‍ തന്നെ ചിരിപൊട്ടുന്ന പല കൊച്ചു സംഭവങ്ങള്‍ക്കും ഞാന്‍ സാക്ഷി ആയിട്ടുണ്ട്‌.

ലോകത്തില്‍ ഒരമ്മയും അത്രവേഗം സമ്മതിച്ചു തരില്ല തങ്ങളുടെ ചെറു പ്രായക്കാരനായ കുട്ടി നന്നായി ആഹാരം കഴിക്കും എന്ന്.മൂക്ക് മുട്ടെ കുത്തി തിരുകിയാലും "അവന്‍ ഒരു സാധനനോം കഴിക്കൂല്ല ഡോക്ടറെ " എന്നായിരിക്കും ഇക്കൂട്ടരുടെ സ്ഥിരം പല്ലവി.ഹെല്‍ത്ത്‌ ഡ്രിങ്ക് കളുടെ പരസ്യത്തിലെ പോലെ എങ്ങനെ കുട്ടിയെ ഉരുട്ടി എടുക്കാം എന്ന് മാത്രം സദാ ചിന്തിക്കുന്ന അമ്മമാര്‍ പിള്ളേരുടെ ദഹനശക്തി മാത്രമല്ല ക്ഷമയും കെടുത്താറുണ്ട് ചിലപ്പോള്‍....

ഇങ്ങനൊരു അമ്മക്ക് ഒരു ദിവസം ഒരു കൊച്ചുമിടുക്കന്‍ കൊടുത്ത ചികിത്സ എനിക്ക് മറക്കാന്‍ പറ്റില്ല.
പല മരുന്നും മാറി മാറി കൊടുത്തിട്ടും അമ്മക്ക് തൃപ്തിയാകുന്നില്ല .ആഴ്ചയില്‍ ഒരു തവണ എങ്കിലും
"യേതും നടക്കലയെ ഡാക്ടര്‍ ...അവന്‍ ഒന്നുമേ സാപ്പിടമട്ടെങ്കിരാന്‍" എന്ന സ്ഥിരം നിവേദനം ആവര്‍ത്തിക്കും.
അമ്മയെ തൃപ്തിപ്പെടുത്താന്‍ അത്യാവശ്യം വിശപ്പുണ്ടാകാനുള്ള മരുന്നുകള്‍ എന്തെങ്കിലും ഒക്കെ മാറി മാറി ഞാന്‍ കൊടുത്തു കൊണ്ടേയിരുന്നു ....പക്ഷെ ഫലം മാത്രം നാസ്തി!!
തനിയാവര്‍ത്തനം കേട്ട് മടുത്ത ഞാന്‍ .ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....കുട്ടിയെ ഇരുത്തിയും കിടത്തിയും വായ തുറന്നും അടപ്പിച്ചും ഒക്കെ ഒരു പരിശോധന ഒക്കെ കഴിഞ്ഞു..വിരയും മറ്റും ഇല്ലാന്ന് ലാബുകാരന്‍ തീര്‍ത്തു പറയുന്നു ...കുട്ടിക്ക് ഒരു മരുന്നിന്റെയും ആവശ്യം ഉള്ളതായി എനിക്കും തോന്നുന്നില്ല .പക്ഷെ അമ്മ വിടാനുള്ള ഭാവമില്ല.

"രുസിഇല്ലിയാ , ഇല്ലെയ് പശി താന്‍ ഇല്ലിയാ തമ്പീ "എന്ന ചോദ്യത്തിനു "രുസിയും പസിയും എല്ലമെയിരുക്ക് ഡോക്ടര്‍" ..എന്ന് കൊച്ചു വില്ലന്റെ മറുപടി ! ഇനിയെന്ത് വേണ്ടൂ ..എന്ന് അന്ധാളിച്ചുനിന്ന എന്നോട് അമ്മയുടെ വക ഉറപ്പ്..."വെളിയേന്നു ഏതുമേ കുടുക്കലെ ഡോക്ടര്‍..എല്ലാമേ നാനെ സമച്ച്ചു പോടരെന്‍ നല്ലാ .." .

ഒരു നിമിഷം.....എല്ലാരേയും ഞെട്ടിച്ചുകൊണ്ട് വന്നു,കയ്യും കലാശവും കാട്ടികൊണ്ടുള്ള കഷ്ടി അഞ്ചു വയസ്സുകാരന്റെ കമന്റ്...
"ദോ വന്തിരുക്ക് പാരുങ്കോ ഒരു സമയല്‍ക്കാരി !!...വായിലെ വച്ചു മനുഷന്‍ സാപ്പിടുവാനാ ഇതെ"!!!

...അമ്മ യുടെ ഇടിവെട്ടു ഏറ്റപോലുള്ള മുഖത്തെക്കാളും തൊട്ടടുത്തിരുന്ന വിളറിയ അച്ഛന്റെ മുഖമായിരുന്നു എന്നെ രസിപ്പിച്ചത്‌ .....ഡും ക്ളും..ച്ചിലും ..എന്ന് കുടുംബസമാധാനം വീണുടയുന്ന ശബ്ദം...@#*# എന്നൊക്കെ കാര്‍ടൂണ്‍ കഥാപാത്രങ്ങള്‍ തമ്മില്‍ ചീത്ത വിളിക്കുന്ന ഭാവങ്ങള്‍ മുഖത്ത് !!

"നീ അപ്പന്റെ താടിക്ക് തന്നെ വേണം....പഠിക്കാന്‍ അല്ലേ..???"എന്ന മട്ടില്‍ പയ്യനെ രൂക്ഷമായി നോക്കുന്ന പിതാവ് !..
പരശുരാമന്‍ പണ്ട് ഗണപതിയുടെ കൊമ്പ് ഒടിച്ചപ്പോള്‍ പാര്‍വതി പരമശിവനെ "ജ്വലിച്ച കണ്‍ കൊണ്ടൊരു നോക്ക് നോക്കി "..എന്ന് വള്ളത്തോള്‍ പറഞ്ഞ പോലെ ."വീട്ടിലോട്ടു വാ മനുഷ്യനെ പിള്ളാരുടെ മുന്‍പില്‍ വച്ചു ഓരോന്ന് പറഞ്ഞിട്ട്.....ഞാന്‍ വച്ചിട്ടുണ്ട് " എന്ന് നോക്കി ദഹിപ്പിക്കുന്ന ഭാര്യക്ക്‌ മുന്‍പില്‍..."മാപ്പ് നല്‍കൂ മഹാമതെ" എന്ന് ദേവാസുരത്തിലെ മോഹന്‍ലാല്‍ പറഞ്ഞ പോലെ കഥകളി ആടുന്ന ഭര്‍ത്താവ് .....

ഇതിനു നടുവില്‍ ചിരി അടക്കാന്‍ പാട് പെടുന്ന ജൂനിയര്‍ ഡോക്ടരാനി പിള്ളേരോട് അടങ്ങിയിരിക്കാന്‍ കണ്ണുരുട്ടുന്ന ഞാന്‍....
ഒരു വിധം ...."പിന്നെ വരാം ഡോക്ടറെ" എന്ന് പറഞ്ഞു അമ്മ പയ്യനെ ചത്ത എലിയെ വാലില്‍ തൂക്കി എടുക്കും പോലെ തൂക്കിയെടുത്തു പുറത്തേക്ക്.....
പെരുന്നാളിന് പോകുന്ന നേര്‍ച്ചക്കോഴിയുടെ ഭാവഹാവാദികളോടെ കണവന്‍ മുന്‍പേ ഗമിച്ചീടിന കാന്തതന്റെ പിന്‍പേ....

അവര്‍ക്ക് പിന്നില്‍ കതകടഞ്ഞതും മുറിക്കകത്ത് കൂട്ടച്ചിരിയുടെ ആദ്യത്തെ അമിട്ട് പൊട്ടി.വീട്ടില്‍ എന്ത് നടന്നു എന്ന് ചോദിക്കരുത് .സത്യമായും എനിക്കറിയില്ല..............

5 അഭിപ്രായങ്ങൾ:

  1. എനിക്കു ചിരി അടക്കാന്‍ കഴിയുന്നില്ല.ഉപമകള്‍ ഒക്കെ ഒന്നിനൊന്നു മെച്ചം.

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം. വൈദ്യര് പണിക്കിടയിലെ തമാശകള്‍ പറഞ്ഞാല്‍ തീരില്ലല്ലോ...

    PS : ഇത് സ്ഥിരം പരിപാടി ആക്കി അല്ലെ... അല്ലെങ്കിലും ഞാന്‍ കൈ പിടിച്ചു ഉയര്‍ത്തിയിട്ടുള്ള ആരും മോശമായിട്ടില്ല :D :D :D

    മറുപടിഇല്ലാതാക്കൂ
  3. നന്ദി ...ഇതിങ്ങനെ കടല് പോലെ കിടക്കുകയല്ലേ..പക്ഷെ പലതും എഴുതാന്‍ വയ്യല്ലോ...നാട്ടുകാര് എന്നെ ഓടിച്ചിട്ട് തല്ലും
    ബിജിത്ത്..സത്യമായും നീ ഇങ്ങനെ ചൊറിഞ്ഞു കൊണ്ടിരുന്നില്ലായിരുന്നു എങ്കില്‍ ഞാന്‍ ബ്ലോഗാന്‍ വരില്ലായിരുന്നു..ഈ രക്തത്തില്‍ നിനക്ക് മാത്രമേ പങ്കുള്ളൂ

    മറുപടിഇല്ലാതാക്കൂ
  4. ivideyum undu athe sheelam ulla amma, ithu vayikumbol njan ammayude bhavangal orkuka ayirunnu..

    മറുപടിഇല്ലാതാക്കൂ