2011, ജൂലൈ 24, ഞായറാഴ്‌ച

അങ്ങനെ ഞാനും സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചു....അല്ല....ഇങ്ങനേം പഠിക്കാം !!

വീണ്ടും ഒരു സമ്മര്‍ വെക്കേഷന്‍..... പഠിക്കാന്‍ മടിയന്‍ ഒന്നും ആയിരുന്നില്ല എങ്കിലും മാര്‍ച്ച്‌ പകുതി ആകുമ്പോഴത്തെക്കും പൂരം അടുക്കുമ്പോ തൃശ്ശൂര്‍ ക്കാരുടെ മനസ്സ് പോലെ ആണ് നമ്മുടെ കാര്യം.സ്കൂള്‍  ഒന്ന് അടച്ചു കിട്ടിയാല്‍ രക്ഷപെട്ടു.അമ്മയുടെ തറവാട്ടിലാണ് അവധിക്കാലം.വലിയൊരു കുന്നിന്റെ മുകളില്‍ ആണ് വീട്.അതിന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ മൂന്നു നാല് കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന വാളൂര്‍ പാടവും അതി
ന്റെ നടുവിലൂടെ പുളിക്ക കടവ് ബസ് ‌ സ്റ്റോപ്പ്‌ വരെ നീളുന്ന റോഡും.ഏതാണ്ട് ഇരുപതു അടിയോളം പൊക്കത്തില്‍ ഇരു വശത്തും ബണ്ട് പോലെ കരിങ്കല്ല്  കൊണ്ട് കെട്ടി നടുവില്‍ മണ്ണിട്ട്‌ ഉയര്‍ത്തിയാണ് വളഞ്ഞു  പുളഞ്ഞു പോകുന്ന റോഡ്‌ ഉണ്ടാക്കിയിട്ടുള്ളത്.അങ്ങ് ദൂരെ ഓട്ട് കമ്പനിയും  അതിന്റെ പുകക്കുഴലും വരെ നീണ്ടു കിടക്കുന്ന പച്ചപ്പും നടുവില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന മലമ്പാമ്പിനെ  പോലെ പോകുന്ന റോഡും!
ഇടയ്ക്കു കുട്ടന്‍ കുളം എന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന കുളവും അവിടവിടെ ഒറ്റപെട്ട ചില വീടുകളും മോട്ടോര്‍ പുരകളും  മാത്രം. നാട്ടിലെ ശരശരിക്കാരായ സകലരുടെയും കുളിയും നനയും പെണ്ണുങ്ങളുടെ പരദൂഷണവും ഒക്കെ കൊണ്ട് പകല്‍ മുഴുവന്‍ ബഹള മയമാണ് അവിടം.
(ഇന്ന് കഥ മാറി കേട്ടോ.ഇഷ്ടിക കളങ്ങളും കോണ്‍ക്രീറ്റ് ബഹളങ്ങളും ആ ഭംഗിയുടെ മുക്കാലും നശിപ്പിച്ചു കഴിഞ്ഞു.പണ്ടത്തെ പല മൂക പ്രേമങ്ങള്‍ക്കും    ദൃക്സാക്ഷി ആയ   കുട്ടന്‍ കുളം  ഇപ്പോള്‍ പൊട്ടക്കുളം പോലെ ആഫ്രിക്കന്‍ ചണ്ടി നിറഞ്ഞു കിടക്കുന്നു )  
ഇത് പടിഞ്ഞാട്ടെ കഥ ആണെങ്കില്‍ കിഴക്ക് വശം മുഴുവന്‍ മാവും കശുമാവും ഉള്ള കുന്നാണ്‌.
ഇടയ്ക്കു എന്നോട് സ്നേഹമുള്ള ചിറ്റ, അമ്മൂമ്മ പാടത്ത്‌ പോകുംന്ന സമയം വില്‍ക്കാന്‍  വച്ചിട്ടുള്ള കശുവണ്ടിയില്‍ നിന്ന് കട്ടെടുത്തതു ചുട്ടു അതിന്റെ വീതം തരും.കുഞ്ഞമ്മാന്‍ ആവട്ടെ അത് വില്‍ക്കാന്‍ കൊണ്ടുപോകുമ്പോള്‍ ചെറിയൊരു വെട്ടിപ്പ് നടത്തി പച്ച   നിറമുള്ള    വര്‍ണക്കടലാസില്‍ പൊതിഞ്ഞ മിട്ടായി വാങ്ങിത്തരും.
ഇഷ്ടം പോലെ മാമ്പഴം തിന്നാം. എന്ത് കുരുത്തക്കേടും കാണിക്കാം.....
സര്‍വതന്ത്ര സ്വതന്ത്രന്‍ ആയി നടക്കാം....
ഇതിനെക്കാള്‍ ഒക്കെ അന്ന് അത്ര സാധാരണം ആയിട്ടില്ലാത്ത ബുള്ളറ്റ് (ഇപ്പോഴല്ലേ നായുടെ വാലിലും ഒരു ബൈക്ക് എന്ന നില വന്നത് )എന്‍റെ വലിയമ്മാവന് മാത്രമായിരുന്നു ആ കരയില്‍ ഉണ്ടായിരുന്നത്. അവധി ആയാല്‍ വല്ല്യമ്മാവന്റെ കൂടെ ബുള്ളറ്റില്‍ ആണ് അമ്മ വീട്ടിലേക്ക്‌ ഉള്ള യാത്ര.ഒരുമാതിരി ആനപ്പുറത്ത് കേറാന്‍ ചാന്‍സ് കിട്ടിയ അപ്പുണ്ണിയുടെ ഗമയിലാണ് ആ പോക്ക്!  
വൈകുന്നേരം പുള്ളി എന്നെ അതില്‍ ഒരു സവാരി കൊണ്ടുപോകും.. കാഴ്ച കാണാന്‍ വായും പൊളിച്ചു നില്‍ക്കുന്ന നാട്ടിന്‍ പുറത്തെ, കോണകമുടുത്തു നടക്കുന്ന കുട്ടി പ്രജകളുടെ നടുവിലൂടെ " എന്നെ കണ്ടോ ..എന്‍റെ ബുള്ളറ്റ് കണ്ടോ..നോക്കട പയലുകളെ " എന്ന ഗമയില്‍ ഉള്ള ആ സവാരിയാണ്‌ എന്‍റെ പ്രധാന attraction .
ഇവനെന്താ പ്രകൃതിയെ വര്‍ണിക്കാന്‍ ആണോ ഇത്ര കഷ്ടപ്പെട്ട് എഴുതുന്നതെന്ന് കരുതണ്ട.
വാളൂര്‍ പാടവും നടുവിലൂടെ ഇറക്കം ആയി പോകുന്ന ഉള്ള റോഡും മനസ്സില്‍ ഒന്ന് കണ്ടാലേ പറയാന്‍ പോകുന്ന സീന്‍ ശരിക്ക് മനസ്സിലാകൂ.
അഞ്ചാം ക്ലാസ് കഴിഞ്ഞ അവധി....
വീട്ടില്‍ ചെല്ലുമ്പോള്‍ പക്ഷെ ഇത്തവണ ഞാന്‍ ഞെട്ടി.. പോര്‍ച്ചില്‍ ഒന്നല്ല രണ്ടെണ്ണം! എന്‍റെ ആ ജന്മ ശത്രുക്കള്‍! വെളുത്തു നല്ല രോമമുള്ള പോമരേനിയന്റെ ചേട്ടന്‍ എന്ന്‌ തോന്നുന്ന ഒന്നും,വാല് പോലും ഇല്ലാത്ത ഒരു ആജാനു ബാഹു ആയ  ഡോബര്‍മാന്‍  ഒന്നും!  എന്‍റെ നേരെ കുരച്ചു കൊണ്ട് ഒറ്റ ചാട്ടം! വല്യമ്മാന്‍ "ടൈഗര്‍.. ജിമ്മി ..സൈലന്റ് ..എന്ന്‌ പറഞ്ഞപ്പോഴേക്കും രണ്ടും വാലാട്ടി  നിലത്തു കിടക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വല്യമ്മാന്‍ ആള് പുലിയാണല്ലോ എന്ന്‌ തോന്നി. ബാഗും ഞാനും നടന്നല്ല പറന്നാണ് അകത്തു കേറിയതെന്നു   രാത്രി മുത്തച്ഛന്റെ സദസ്സില്‍ കുഞ്ഞമ്മാന്റെ കമന്റ് !! ഉടനേ വന്നു ഉത്തരവ്..അവനു പേടിയാണെങ്കില്‍ രണ്ടിനേം വിറകു പുരക്കു  അടുത്തേയ്ക്ക് മാറ്റി കെട്ട് !!  അല്ലെങ്കിലും എന്റെയല്ലേ മുത്തച്ചന്‍! അങ്ങനെയിരിക്കും.എന്നോട് കളിച്ചാല്‍!!

ഇത്തവണ സൈക്കിള്‍ ചവിട്ടാന്‍ പഠിപ്പിക്കാം എന്ന്‌ പറഞ്ഞിട്ടാണ് കഴിഞ്ഞ തവണ കുഞ്ഞമ്മാന്‍ വിട്ടത്.പുള്ളീം  ഒരു കൂട്ട്കാരനും കൂടെ ആണ് പഠിപ്പിക്കല്‍  

അമ്മാവന്റെ ഈ  കൂട്ടുകാരന്‍ കഴിഞ്ഞ തവണ എന്നെ നീന്തല്‍ പഠിപ്പിക്കാന്‍ കുട്ടന്‍ കുളത്തില്‍ കൊണ്ടിട്ടതും കുളിക്കാന്‍ വന്ന ഒരു ചേച്ചിയോട് കഥകളി കാണിക്ക്യേം ആ ചേച്ചി തിരിച്ചു  കണ്ണ് കൊണ്ട് കടുക് വറുക്കുകയും ഒക്കെ ചെയ്യുന്നതിനിടെ ഞാന്‍ വെള്ളം കുടിച്ചു മുങ്ങി താഴ്ന്നതോടെ എനിക്ക് മനസ്സിലായതാണ്..എന്നെ പഠിപ്പിക്കാന്‍ ഉള്ള യജ്ഞത്തില്‍ സ്വയം സമര്‍പ്പിക്കാന്‍ അങ്ങേരു സന്നദ്ധന്‍ ആയതിന്റെ  രഹസ്യം!!

ആ ചേച്ചീടെ വീട് ഈ സൈക്കിള്‍ യജ്ഞത്തിന്റെ വഴീല്‍  ആണ് എന്ന്‌  താമസിയാതെ ഞാന്‍  ‍ മനസ്സിലാക്കി. കാരണം കൃത്യം ഒരു സ്ഥലത്ത്  വരുമ്പോള്‍ ആശാന്‍ പിടി വിടും സൈക്കിളും ഞാനും കൂടി അതോടെ  "വീണിതല്ലോ കിടക്കുന്നു ധരണിയില്‍..." എന്നാവും.
ഇങ്ങനെ പല വട്ടം  ചേച്ചീടെ വീട്ടു പടിക്കല്‍ നേര്‍ച്ച കോഴിയെ പോലെ എന്നെ കൊണ്ട് സാഷ്ടംഗ നമസ്ക്കാരം,ശയനപ്രദക്ഷിണം തുടങ്ങിയ വഴിപാടുകള്‍ ഒക്കെ ചെയ്യിച്ചപ്പോള്‍  
ഈ ചേട്ടായിയുടെ കീഴില്‍ ശിഷ്യ പെട്ടാല്‍ എന്റെ  കാര്യം കട്ട പൊഹ എന്ന്‌ നമുക്കെതാണ്ട് ഉറപ്പായി.

എന്തൊക്കെ പറഞ്ഞിട്ടും എന്‍റെ കാലിന്റെ മസില് കേറി..നടു മിന്നി ഇത്യാദി കാരണങ്ങള്‍ പറഞ്ഞ് ഞാന്‍ പഠിത്തം നിര്‍ത്തി.എത്ര ശ്രമിച്ചിട്ടും ഞാന്‍ നന്നാവാനുള്ള ഭാവമില്ല.
മരുമോന് പഠിക്കാന്‍(പൊത്തോന്നു വീഴാനും ) സ്വന്തം സൈക്കിള്‍ ദാനം ചെയ്യാനും വെയിലത്ത്‌   നാട്ടു  വഴീലൂടെ അതിന്റെ പിന്നാലെ  നടക്കാനും തയ്യാറായ കൂട്ടുകാരന്റെ മാഹാത്മ്യവും ഉപദേശമായും ശാസന ആയും ഒക്കെ 
മുത്തച്ചന്റെയും  മറ്റുള്ളവരുടെയും മുന്‍പില്‍ അവതരിപ്പിച്ചു കുഞ്ഞമ്മാന്‍ സായൂജ്യമടഞ്ഞിട്ടും കേളനു കുലുക്കമില്ല!! ഇനി ആ ചേച്ചീടെ തിരുനടയില്‍ നമസ്കരിക്കാന്‍ എനിക്ക് മനസ്സില്ല!!!
അതുവരെ അരങ്ങത്തു വരാതിരുന്ന ഒരാള്‍ ഇപ്പോള്‍ രംഗ പ്രവേശം ചെയ്തു....
ആള്‍ ഭയങ്കര ഗൌരവക്കാരന്‍..അല്‍പ്പം ചൂടന്‍ !..നമ്മള്‍ക്ക് പറ്റുന്ന കമ്പനി അല്ല...ഈ വല്യമ്മാനും കുഞ്ഞമ്മാനും  ഇടക്കുള്ള കക്ഷി ........കൊച്ചമ്മാന്‍ എന്ന്‌ ഞാന്‍ വിളിക്കുന്ന  ഈ ആളെ എനിക്കിത്തിരി പേടി ആണ്.. 
"ബാലന്‍സ്  കിട്ടിയോടാ" ....( ഏതാണ്ട് ബാങ്ക് ബാലന്‍സ് കിട്ടിയോ എന്ന മട്ടിലാണ്...) " ബാലന്‍സ് ഒക്കെ കിട്ടി പക്ഷെ അവനു മടിയാണെന്നേ...കാല് വേദന..മസില് പിടുത്തം..വെയില്‍.. നുണയന്‍...!!! ഇളയ തമ്പുരാന്‍ ഉണര്‍ത്തിച്ചു..."ഇപ്പൊ വേദന ഉണ്ടോടാ..സിംഹം എന്നോടാണ് " "ഇ ..ഇല്ല " ഞാന്‍ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു .."ഇപ്പൊ വെയില്‍ ഇല്ലല്ലൊ ..വാ നിന്നെ പടിപ്പിക്കാവോന്നു ഞാനൊന്ന് നോക്കട്ടെ..".  കല്‍പ്പന ഉടന്‍ വന്നു ! ഭദ്രകാളീടെ മുന്നിലുണ്ടോ ഈയുള്ളവന്റെ കുട്ടിച്ചാത്തന്‍ കളി വല്ലോം നടക്കണ്!!! ഇനി രക്ഷയില്ല ...
സൈക്കിളും ഞാനും കുന്നിനു താഴെ വഴിയില്‍ എത്തി..കുഞ്ഞമ്മാന്‍ ഒപ്പമുണ്ട് .."കേറിയോടാ അവന്‍??   മുകളില്‍ നിന്നും ഗര്‍ജനം ....കേറി കേറി ...
"എടാ..ഇനി നീ ഞാന്‍ പറയാതെ സൈക്കിളീന്നു ഇറങ്ങില്ല..." സിംഹത്തിന്റെ മുരള്‍ച്ച !! കശുവണ്ടി കുംഭകോണം  ഞാന്‍ മുത്തച്ചനോട്‌  പറഞ്ഞ് കൊടുത്തു ഇതിനു പകരം വീട്ടുന്നുണ്ട് എന്ന്‌ പറയാന്‍ കുഞ്ഞമ്മാന്റെ നേരെ തിരിഞ്ഞപ്പോള്‍ ആണ് എന്‍റെ സപ്ത  നാഡികളും തളര്‍ത്തുന്ന ആ കാഴ്ച കണ്ടത്..സിംഹം തൊട്ടുപുറകില്‍ ..കൂടെ എന്‍റെ ആജന്മ ശത്രുക്കള്‍ രണ്ടും ഇരുവശത്തും !!
"ജിമ്മീ...ടൈഗര്‍ ...പിടിയെടാ അവനെ.." !!!!!!! 
എന്‍റെ ചെവികളെ വിശ്വസിക്കണോ വേണ്ടയോ എന്ന്‌ ചിന്തിക്കാന്‍ നേരം പോലും കൊടുക്കാതെ  എന്‍റെ കാലുകള്‍ പ്രതികരിച്ചു ......അല്ല...എന്‍റെ ജീവന്‍ മുന്പെയും  ഞാന്‍ പിന്നാലെയും പായുകയായിരുന്നു....
ആ സ്പീഡില്‍ ഒളിമ്പിക്സില്‍ ഞാന്‍ സൈക്കിള്‍ ചവിട്ടിയിരുന്നു എങ്കില്‍   ഇന്ത്യക്ക്  ഒരു നാലഞ്ചു മെഡല്‍ എങ്കിലും കിട്ടുമായിരുന്നു എന്ന്‌ തീര്‍ച്ച !!! ഇരുട്ടില്‍ കടുവയുടെ അനന്തിരവന്മാര്‍  രണ്ടും പിന്നാലെ ഉണ്ടെന്നുള്ള ഭയത്തില്‍ ഞാന്‍ പോയ വഴി റോഡാണോ എന്നൊന്നും എനിക്ക് നിശ്ചയം ഇല്ലായിരുന്നു ........
ഏതാണ്ടൊരു പത്തു മിനിട്ടായി കാണണം.....സൈക്കിള്‍
 റോഡിലൂടെ അല്ല 
ആകാശത്തൂടെ ആണ് പോകുന്നതെന്ന് എനിക്ക് തോന്നി... അടുത്ത നിമിഷം ...പ്ലോ ...എന്നൊരു ശബ്ദത്തോടെ ഞാന്‍ പത്തു പതിനഞ്ചു അടി താഴേക്ക് ക്രാഷ് ലാന്‍ഡ്‌ ചെയ്തു..കുഴഞ്ഞു കിടക്കുന്ന പാടത്തെ ചെളിയിലേക്ക്........
പിറ്റേന്ന് കണ്ണ് തുറക്കുമ്പോള്‍ ..ഞാന്‍ വീട്ടില്‍ കിടക്കയിലാണ്..അത്യാവശ്യം അവിടെയും ഇവിടെയും നീട്ടലും നക്ഷത്ര കെട്ടും ഒക്കെ ആയിട്ട്....
ഇനി നടന്നതെന്താണെന്ന് .......ഇരുട്ടത്ത്‌ നായുടെ കടി പേടിച്ചു ഞാന്‍ പാഞ്ഞത് നേരത്തെ പറഞ്ഞ പാടത്തിനു നടുവിലൂടെ ഉള്ള റോഡിലൂടെ ആയിരുന്നു. ഇറക്കവും മരണ പരാക്രമവും കൂടി 140 മൈല്‍ സ്പീഡില്‍ പാഞ്ഞ ഞാന്‍ ഇരുട്ടില്‍ വളവു കണ്ടില്ല. ഉഴുതു വിതച്ചിട്ടിരുന്ന പാടത്ത്‌ 20  അടി താഴ്ചയില്‍ നിന്നും രാത്രി സിനിമ വിട്ടു വന്നവര്‍ ആരോ ആയിരുന്നു എന്നെ പൊക്കി എടുത്തത് !!!
അന്ന് തന്നെ വീട്ടിലേക്ക്‌ പോരണം എന്ന്‌ ഞാന്‍ വാശി പിടിച്ചു!! എന്നെ പട്ടിയെ വിട്ടു  കടിപ്പിക്കാന്‍ നോക്കിയതൊക്കെ ഞാന്‍ അച്ഛനോട് പറയുന്നുണ്ട്..ഇതെന്റെ അമ്മാവനുമല്ല മുത്തച്ചനുമല്ല ...ആരുമല്ല ....
ഞാന്‍ പ്രഖ്യാപിച്ചു 
" അതിനു നിന്നെ കടിക്കാന്‍ ഞാന്‍ ചങ്ങല  വിട്ടിരുന്നില്ലല്ലോ..നീ പേടിച്ചതിനു ഞാന്‍ എന്ത് വേണം... .."   സിംഹം ചിരിക്കുന്നു ...നീ ജിമ്മിയോടും    ടൈഗരിനോടുംനന്ദി ഉള്ളവായിരിക്കണം    ഇപ്പൊ നീ ഒന്ന് നോക്കിക്കേ നേരെ അല്ല തലകുത്തി നിന്ന് വേണേലും സൈക്കിള്‍ ചവിട്ടും.....ഒറ്റ ദിവസം കൊണ്ടല്ലേ അവര്‍ നിന്നെ സൈക്കിള്‍ expert ആക്കിയത് !!!!".......എനിക്ക് പ്രാണ വേദന സിംഹത്തിനു വീണ വായന....
എന്തായാലും വീട്ടിലെ പൂവന്‍ കോഴികള്‍ രണ്ടെണ്ണം സമാധാന ഉടമ്പടിയുടെ ഭാഗമായി രക്തസാക്ഷികളായി ........
അതോടെ എന്നിലെ കുറുക്കന്‍  ഐക്യ രാഷ്ട്ര സഭയുമായി സമാധാന കരാര്‍ ഒപ്പിടുകയും ചെയ്തു .
സിംഹം പറഞ്ഞത്  സംഗതി സത്യമാണെന്ന് അടുത്ത ദിവസം സൈക്കിള്‍ ചവിട്ടുമ്പോള്‍ എനിക്ക് ബോധ്യപ്പെട്ടു !!ഒറ്റ രാത്രി കൊണ്ട് ഞാന്‍ നന്നായി സൈക്കിള്‍ ചവിട്ടുന്നു 

പഠിച്ചത് നാട്ടിലെ പയലുകളെ കാണിക്കാനായി അന്ന് വൈകീട്ട് തന്നെ ഞാന്‍ നാട്ടു വഴിയിലൂടെ ആദ്യ സൈക്കിള്‍ യജ്ഞം നടത്തുമ്പോള്‍ ..പിന്നില്‍ നിന്നും ഒരു ശബ്ദം ......
" കൊള്ളാമല്ലോ...ഒറ്റ ദിവസം കൊണ്ട് നിന്നെ പഠിപ്പിച്ചോ...." തിരിഞ്ഞു നോക്കുമ്പോളുണ്ട് ....ഞാന്‍ ആരുടെ വീട്ടുപടിക്കലാണോ ശയന പ്രദക്ഷിണം നടത്തിയത് ..ആ ചേച്ചി നിന്ന് ചിരിക്കുന്നു .........
എന്‍റെ സൈക്കിള്‍ പഠിത്തവും പടിക്കലെ ശയന പ്രദക്ഷിണവും കൊണ്ട് ആ പ്രേമ വണ്ടിയുടെ ലൈന്‍ ക്ലിയര്‍ ആയി എന്ന്‌ ദിവസങ്ങള്‍ക്കകം എനിക്കും നാട്ടുകാര്‍ക്കുമൊക്കെ ബോധ്യപ്പെട്ടു 
 എല്ലാത്തിനും കുട്ടന്‍ കുളം സാക്ഷി!! 
 
ഇനി ഒരു കാര്യം കൂടി പറഞ്ഞിട്ട് നിര്‍ത്താം....  കൊച്ചു മോനെ 
  ഭയപ്പെടുത്തിയ ജിമ്മിയോടും  ടൈഗരിനോടും ആരൊക്കെ ക്ഷമിച്ചാലും എന്‍റെ മഹാനായ മുത്തച്ചന്‍ ക്ഷമിക്കാന്‍ തയ്യാറല്ലായിരുന്നു..സിംഹത്തിന്റെയും പുലിയുടെയും ഒന്നും പ്രതിഷേധം വിലപ്പോയില്ല......രണ്ടു പേരെയും കൊച്ചമ്മാന്റെ ഏതോ കൂട്ടുകാരന്റെ വീട്ടിലേക്ക്‌ നാട് കടത്തിക്കൊണ്ടു കോടതി ഉത്തരവായി!!!
 
 

9 അഭിപ്രായങ്ങൾ:

  1. kochammavan kollam vedikettu thanne.... ajimane ittu vellam kudipikunnavrude kathakal kelkumbol hooo entha oru tripti....
    nalla onnantharam sadhya unda prateeti..!

    മറുപടിഇല്ലാതാക്കൂ
  2. kochammavan aallu kollam, ajimane ittu vellam kudipikunn kathakal kelkumbol entho manasinu nalla sukham...
    onnantharam sadhya undu vyaru niranju prateeti

    മറുപടിഇല്ലാതാക്കൂ
  3. ആ സിംഹത്തിന്റെ മകനായി ജനിച്ചിരുന്നെങ്കില്‍ കുറച്ചു മര്യാദക്കാരന്‍ ആയേനെ ചേട്ടച്ചാര്‍ :)

    മറുപടിഇല്ലാതാക്കൂ
  4. ithu sahithya lokathinu oru muthalkootayi njan ithaa prakhyapikunnu..part time writer enna post koodi thiranjeduthu koode?

    മറുപടിഇല്ലാതാക്കൂ
  5. LEMICHI- ALLANGILUM NEE SADIST AANALLO..
    @TEACUP- THANKS SUHRUTHE..ENNAL AVUNNATHU SHRAMIKKAM

    മറുപടിഇല്ലാതാക്കൂ
  6. sahithyalokathinu oru puthiya sahithyakaarane kitti ennu thonunnu...ennalum eniku sahathapam thonunnath aa pattiyodaa...

    മറുപടിഇല്ലാതാക്കൂ
  7. @arathy-allengilum enne arengilum odichoonnu kettal oralkku santhoshamavumallo..athippo patti aayalum poocha aayalum..kadavanthrayil avarude kootukar undu.avar ningale oodicholum oru divasam!appo parayaam bakki..ha..ha..

    മറുപടിഇല്ലാതാക്കൂ
  8. kadavanthrayil vech palapozhum aa kootukare kanditund..pakshe ithu vare odichitilla..

    മറുപടിഇല്ലാതാക്കൂ