2011, ജൂലൈ 21, വ്യാഴാഴ്‌ച

ഒരു കമാന്‍ഡോ ഓപ്പറേഷന്റെ കഥ

പഠിത്തം അധികവും ഹോസ്റ്റലില്‍ നിന്ന് ആയതിനാല്‍ വീട്ടില്‍ അപൂര്‍വ സന്ദര്‍ശകനായിരുന്ന ഞാന്‍ മാസങ്ങള്‍ക്ക് ശേഷം ഒരു ശനിയാഴ്ച മുന്നറിയിപ്പില്ലാതെ വീട്ടില്‍ വന്നു കയറി. 3 വശവും താഴ്ന്നു കിടക്കുന്ന നെല്പ്പാടങ്ങളാല്‍ ചുറ്റപ്പെട്ട രണ്ടര ഏക്കര്‍ പറമ്പിന്റെ കിഴക്കേ അറ്റത്താണ് വീട്.
പതിവ് പോലെ എളുപ്പ വഴിക്ക് 
  തൊട്ടടുത്ത വീട് വഴി കയറി അരമതില്‍ ചാടിക്കടന്നപ്പോള്‍ കേട്ടു ഉഗ്രനൊരു കുര....നല്ല വംശ ശുദ്ധിയുള്ള അല്സേഷ്യന്റെ!!
എന്‍റെ അറിവില്‍ വീട്ടില്‍ നായ ഇല്ലായിരുന്നു,ഇത് പിന്നെ ആരുടെയാണാവോ?
നോക്കുമ്പോളുണ്ട്...പറമ്പിന്റെ പടിഞ്ഞാറേ അറ്റത്ത് നില്‍ക്കുന്നു ഒരു ഘടഖടിയന്‍ ഉരുപ്പടി..ഒരു പശുക്കുട്ടിയുടെ വലിപ്പമുണ്ട്‌. നേരത്തെ അയല്‍വാസിയുടെ  ദത്ത് പുത്രനായ    ഒരു നരഭോജിയുടെ പ്രേമ ലാളനം ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത്‌ കൊണ്ട് സാരമേയങ്ങളോട്...
(ദേവലോകത്തെ നായ ആണ് സരമ..അതിന്റെ സന്തതി പരമ്പരകള്‍ ആണ് ഭൂമിയിലെ കൂട്ടര്‍ എന്നാണ് പുരാണം..അതുകൊണ്ടാണ് സാരമേയങ്ങള്‍ എന്ന് പറഞ്ഞത്....ഇവര്‍ അത്ര കുറഞ്ഞവരല്ല എന്ന് ഇപ്പൊ മനസ്സിലായില്ലേ ...!!) പണ്ടേ എനിക്ക് ഭയങ്കര  ഭയ ഭക്തി ബഹുമാനം ഒക്കെ ആണ്.  
മുന്നോട്ടു നടക്കണോ നിക്കണോ തിരിഞ്ഞു ഓടണോ എന്ന് ശങ്കിച്ചു നില്‍ക്കുമ്പോള്‍ അടുത്ത വീട്ടിലെ വറീത് മാപ്ല ശുനക വീരന്റെ ഭാഗത്ത് നിന്ന് നടന്നു വരുന്നു..
മോന്‍ പേടിക്കണ്ടാ അതിനെ അവിടെ കേട്ടിയിരിക്കുകയാ എന്ന വറീത് മാപ്ലെടെ ഉറപ്പിന്മേല്‍
 ഞാന്‍ വീട്ടിലേക്ക്‌ നടന്നു....
വീട്ടിന്റെ പടിയില്‍ കാല്‍ വയ്ക്കുന്നതിനു തൊട്ടു മുന്‍പ് ....അത് സംഭവിച്ചു
ശീ ....കമ്പി ഉരയുന്നപോലൊരു ശബ്ദം... നോക്കുമ്പോള്‍ ഉണ്ട് ഭീകരന്‍ തൊട്ടു മുന്‍പില്‍!!! എന്‍റെ പ്രാണന്‍ ശരീരത്തിനകത്തു നിന്ന്  കിട്ടിയ വഴിയിലൂടെ നിഷ്ക്രമിക്കുന്നത് ഞാന്‍ അറിഞ്ഞു! 
സ്ഥലകാല ബോധം വരുമ്പോള്‍ ഞാന്‍ കിഴക്കേ അറ്റത്തെ മതിലിന്റെ മുകളില്‍ ആണ്! ബാഗും കയ്യിലിരുന്ന സാധനങ്ങളും എവിടെയൊക്കെയോ സ്വന്തം ജീവനും കൊണ്ട് രക്ഷപ്പെട്ടിരിക്കുന്നു !!
എന്‍റെ 2 അടി മാത്രം ദൂരെ നിന്ന് കൊണ്ട് ഇടയ്ക്കിടെ കുരക്കുകയും ഒപ്പം വാലട്ടുകയും ചെയ്യുന്നുണ്ട് ഭീകരന്‍!!! ഇവന്റെ ആഹ്വാനം കേട്ടിട്ടാകണം.....നേതാക്കളുടെ ആഹ്വാനം കേട്ടാലുടന്‍ മുന്‍ പിന്‍ നോക്കാതെ ചാടി പുറപ്പെടുന്ന പാര്‍ട്ടി അണികളുടെ പോലെ,അപ്പുറത്തെ വീട്ടിലെ അവന്റെ സുഹൃത്തുക്കള്‍ മതിലിന്റെ ഇപ്പുറത്ത്‌ പ്രത്യക്ഷപ്പെട്ടു.....എനിക്കെതിരെ മുദ്രാവാക്യം വിളികളോടെ അവരും ഖൊരാവോ യില്‍ അണി ചേര്‍ന്നു.
പടിഞ്ഞാറെ അറ്റത്ത് കെട്ടിയിട്ടിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്‌ തന്ന വറീത് മാപ്ലക്കിട്ടു ഞാന്‍  ഇത് വരെ പണി ഒന്നും കൊടുത്തതായി ഓര്‍ക്കുന്നില്ല.പിന്നെ എന്തിനാണാവോ അയാള്‍ ഇങ്ങനെ എനിക്കിട്ടൊരു പാര വച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
നാട്ടില്‍ ഇല്ലാത്തത് കൊണ്ട് അയാളുടെ മകള്‍ ട്രീസയുടെ കയ്യില്‍ കിട്ടിയിട്ടുള്ള പ്രേമലേഖനങ്ങളില്‍ ഒന്ന് പോലും എന്‍റെ അല്ല എന്നും എനിക്കെന്ഗിലും ഉറപ്പുമുണ്ട്......
അപ്പോളാണ് കാണുന്നത്.നിരന്നു നില്‍ക്കുന്ന തെങ്ങിന്റെ ഇടയ്ക്കു കൂടെ വലിച്ചു കെട്ടിയ ഒരു ടെലഫോണ്‍  കേബിള്‍!! ഇലക്ട്രിക് ട്രെയിനിന്റെ എഞ്ചിന്റെ മുകളില്‍ നിന്ന് ഒരു സാധനം മുകളിലെ കരണ്ട് കമ്പിയിലേക്ക്  കൊടുത്ത പോലെ ഒരു ഇടപാടിലൂടെയാണ് ഭീകരനെ കെട്ടീട്ടുള്ളത്...എന്ന് വച്ചാല്‍....കെട്ടിയിട്ടുണ്ടോ  എന്ന് ചോദിച്ചാല്‍ കെട്ടിയിട്ടുണ്ട്.സെക്കണ്ടുകള്‍ക്കുള്ളില്‍ പറമ്പില്‍ എവിടെയും ഒരു കമാന്‍ഡോ അറ്റാക്കിനു പക്ഷെ നമ്മുടെ നായകന് നിമിഷങ്ങള്‍ പോലും വേണ്ട.
ഇത്രയും ബുദ്ധിയുള്ള എന്‍റെ അമ്മയെ എന്താ ഇത് വരെ വല്ല നാസ ക്കാരും   കൊണ്ടുപോകാതിരുന്നത് എന്ന് എനിക്ക് അപ്പോള്‍ തുടങ്ങിയതാണ്‌ സംശയം!!
ഈ ബഹളം ഒക്കെ നടന്നിട്ടും വീട്ടില്‍ നിന്ന് ആരും അറിഞ്ഞ മട്ടില്ല...എത്ര വിളിച്ചു കൂവിയിട്ടും ഒരനക്കവും ഇല്ല..ഇവരെല്ലാം കൂടി എങ്ങോട്ടാണാവോ
 കെട്ടിയെടുത്തത്??!! 
പള്ളി പെരുന്നാളിന്റെ ദിവസമായത് കൊണ്ട് അടുത്ത വീടുകളിലും ആരും ഇല്ല.
കിഴക്കോട്ടു പോയ വറീത് മാപ്ല എങ്കിലും തിരിച്ചു വരുമെന്ന പ്രതീക്ഷ മാത്രം ഉണ്ട് ബാക്കി.
11 മണിക്ക് കയറിപ്പറ്റിയ ഞാന്‍ മതിലിനു മുകളില്‍ ഇരുന്നും നിന്നും നടന്നും മണി 4 ആയി.വന്ന വഴിക്ക് തിരിച്ചു പോകാം എന്ന് വച്ചാല്‍ അപ്പുറത്തും ഉണ്ടല്ലോ കാവല്‍!!
ചൊക്ലി പട്ടീടെ കടി കൊള്ളണോ കുല മഹിമയുള്ള അല്സേഷ്യന്റെ കടി കൊള്ളണോ എന്ന് മാത്രം ഇനി തീരുമാനിച്ചാല്‍ മതി.
വിശപ്പ്‌ സഹിക്കാം..പക്ഷെ പ്രകൃതിയുടെ ഒന്നാം വിളി കൂടി വന്നതോടെ എന്‍റെ കാര്യം പരുങ്ങലിലായി..... 
ഇനി അപ്പുറത്തെ വീട്ടിലെ ചേട്ടായീടെ രണ്ടിടങ്ങഴി പെണ്പില്ലേരില്‍ പെരുന്നാളിന് പോകാതെ വല്ല അവളുമാരും  ജനാലയിലൂടെ എന്‍റെ ദയനീയാവസ്ഥ കണ്ടു ആനന്ദം പൂണ്ടു നില്‍പ്പുണ്ടോ  എന്ന് ഉറപ്പില്ലത്ത്തത് കൊണ്ട് മതിലിനു മുകളില്‍ സാധിക്കാനും വയ്യ !  
മന്ത്രി മാരുടെയും ഗവര്‍ണരുടെയും ഒക്കെ പിന്നില്‍ പോലീസ്കാരനോ ആര്‍മി ഓഫീസറോ..ഒക്കെ attension ആയി നില്‍ക്കുന്നത് ടി വീയില്‍ ഒക്കെ കണ്ടിട്ടില്ലേ.അത് പോലെ വളരെ ക്ഷമയോടെ നില്‍ക്കുകയാണ് എന്‍റെ ഇരു വശങ്ങളിലും  ഉള്ള കമാണ്ടോസ്.. ഇവരെ വല്ല ബോംബയ്ക്കും അയച്ചിരുന്നെന്ഗില്‍ അവിടെ ഒരു ഭീകരന്മാരും അടുക്കില്ല എന്ന് തീര്‍ച്ച.അത്രക്കുണ്ട് ജാഗ്രത !!!  
  
 അപ്പുറത്തെ വീട്ടിലെ കത്രീന ചേട്ടത്തിയും പിള്ളേരും കൂടി അപ്പോളാണ് പെരുന്നാള്‍ സ്ഥലത്തുനിന്നും പതുക്കെ നടന്നു വരുന്നത്!! 
"നായര് കുട്ടി എന്താ ഈ മതിലുംമ്മല് കേറി നിന്ന് ഭരതനാട്യം കാണിക്കണേ ?" എന്ന്‌ ചേടത്തിക്ക് ഒരു പിടീം കിട്ടീല്ല ! അവരുടെ  വീട്ടില്‍  നഴ്സിംഗ് നു പഠിക്കണ ആനി ആണെങ്കില്‍ ഒട്ടു ഇല്ല താനും....പിന്നെയിത് ആരെ കാണിക്കാനാ ?.... 
"ഇതെന്താ മതിലുംമേ പിള്ളേ ? " ...വിശേഷം ചോദിയ്ക്കാന്‍ കണ്ടൊരു നേരം !
ചേടത്തി എന്നെ ഒന്ന് രക്ഷിക്കു..ഈ രണ്ടും ഇപ്പുറത്തും ഒരു പണ്ടാര സാധനം അപ്പുറത്തും കൂടി എന്നെ ഈ പരുവത്തിലാക്കി.. കൂടെ കുറെ പെണ്‍കിടാങ്ങള്‍ ഉണ്ടായിരുന്നതൊന്നും കൂട്ടാക്കാതെ ഞാന്‍ കേണു......." പോ പട്ടീ"  ക്ടാങ്ങള്‍ രണ്ടു കല്ലു കൊണ്ട്  ഒരുവശത്ത്‌ നിന്നും
നാടന്‍ കമാന്‍ഡോ കളെ   സിമ്പിള്‍ ആയി തുരത്തി എന്നെ താഴെ ഇറക്കി.... എന്‍റെ സകല ഗ്ലാമറും പോയി!!!!
എവിടെയോ കല്യാണത്തിന് പോയ
അമ്മയും അച്ച്ച്ചനും കൂടി രാത്രി തിരിച്ചു വരും വരെ കപ്പയും മീന്‍ കറിയും കട്ടന്‍ കാപ്പിയും ഒക്കെ ആയി കത്രീന ചേടത്തിയും മക്കളും എന്നെ സല്‍ക്കരിച്ചു...
അല്ലെങ്കിലും അവരൊക്കെ നല്ല സ്നേഹോള്ളവരാ...!
ഒടുവില്‍ രാത്രി പറമ്പിന്റെ പല ഭാഗത്ത്‌ നിന്നായി ബാഗും സാധനങ്ങളും ഒക്കെ തേടിപ്പിടിക്കുമ്പോള്‍  ഞാന്‍ അമ്മയോട് ചോദിച്ചു. " അമ്മക്കെന്നോട് വല്ല
ദേഷ്യോം ഉണ്ടോ ?
ഈ പണ്ടാര പട്ടിയെ വാങ്ങിയ കാര്യം എന്നോടെന്താ പറയാതിരുന്നത്? രാവിലെ 11 മണി മുതല്‍ നാലര വരെ ഒന്ന് മൂത്രോഴിക്കാനും കൂടെ വിടാണ്ടാ ആ നാശം എന്നെ മതിലിനു മുകളില്‍ വായില്ലാ  കുന്നിലപ്പനെ പോലെ പ്രതിഷ്ഠിച്ച പോലെ നിര്‍ത്തിയത്"
അമ്മയുടെ മറുപടി എന്നെ ഞെട്ടിച്ചു "കണക്കായിപ്പോയി ....കഴിഞ്ഞ ആഴ്ച നിങ്ങളെല്ലാം കൂടി കോളേജില്‍ സമരമാണെന്നും പറഞ്ഞ് ആ പ്രിന്‍സിപ്പല്‍ മാലതി ടീച്ചറിനെ രാവിലെ തൊട്ടു രാത്രി വരെ ബാത്ത് റൂമില്‍ പോകാനും കൂടെ വിടാതെ ഖൊരാവോ ചെയ്തില്ലേ ?..ഞാന്‍ പേപ്പറില്‍ വായിച്ചിരുന്നു...ഇതേ അതിനുള്ള ശിക്ഷയാ...അവരുടെ പ്രാക്കിനു കിട്ടിയ ശിക്ഷ "!!!

8 അഭിപ്രായങ്ങൾ:

  1. ആ ഇരുപ്പു നന്നായി ഇഷ്ടപ്പെട്ടു :) വെറുതെയാണോ ഞാന്‍ ഈ തെരുവ് പട്ടികള്‍ക്ക് എതിരെ ഇത്രക്കും ഒച്ചയുണ്ടാക്കുന്നെ. എന്തായാലും കത്രീന ചേച്ചിയുടെ പെണ്‍കിടാങ്ങളെ നോക്കി നൊട്ടി നുണഞ്ഞ കപ്പയുടെ സ്വാദ് മറക്കാറായിട്ടില്ല അല്ലെ...

    മറുപടിഇല്ലാതാക്കൂ
  2. gud 1. kollam angane enkilum aarelum pedichu pavam yuvakomalan.....!

    മറുപടിഇല്ലാതാക്കൂ
  3. അന്ന് നൊട്ടാനും നുണയാനും ഒന്നും വകുപ്പില്ല ബിജിത്തേ... പട്ടി ഓടിച്ചിട്ട് മതിലിനു മുകളില്‍ കേറി രക്ഷപെട്ടു
    അവരുടെ മുന്‍പില്‍ സകല ഗ്ലാമറും പൊളിഞ്ഞു നില്‍ക്കുകയല്ലേ
    ലെമിചിക്ക് സന്തോഷമായി അല്ലേ ...എന്നെ നായ ഓടിച്ചത് അറിഞ്ഞപ്പോ....നിന്നെ പൂച്ച ഓടിക്കുന്ന ദിവസം വരും നോക്കിക്കോടീ കാന്താരീ

    മറുപടിഇല്ലാതാക്കൂ
  4. xcellent..appol enganeyum kure anubhavangal undalle?aa pattiyude katha pinne enthaayi?glamour polinjathinu enthoru vishamamaa..athu muzhuvan ee kathayil niranju nilkuvanallo..

    മറുപടിഇല്ലാതാക്കൂ
  5. ആരതി കുട്ടീസ്-ആ അല്സേഷ്യനു വംശ ഗുണം ഉണ്ടെന്നു തീര്‍ച്ച..വീട്ടില്‍ ഞാന്‍ അകത്തു കേറിയ ശേഷം അവന്‍ എന്റെ അടുത്ത് വന്നു വാലാട്ടുകയായിരുന്നു.ഒരുപക്ഷെ സ്മെല്‍ കൊണ്ട് തന്നെ അവന്‍ ഞാന്‍ ആ വീട്ടിലെ ആള്‍ ആണെന്ന് അറിഞ്ഞിട്ടാണോ ആദ്യം തന്നെ കുരയോടൊപ്പം വാലാട്ടിയിരുന്നത്‌ എന്ന് അറിഞ്ഞൂടാ...പക്ഷെ എനിക്ക് അന്നും ഇന്നും നായെ ഭയമാണ് ..അതുകൊണ്ടുതന്നെ അവന്റെ FRIENDSHIP REQUEST ഞാന്‍ REJECT ചെയ്തു.
    ഇവന്റെ ഒരു ചേട്ടനാണ് എന്നെ സൈക്കിള്‍ ചവിട്ടാന്‍ EXPERT ആക്കിയത് അത് പിന്നാലെ പറയാം

    മറുപടിഇല്ലാതാക്കൂ
  6. ..ഇത്രയും ബുദ്ധിയുള്ള എന്‍റെ അമ്മയെ എന്താ ഇത് വരെ വല്ല നാസ ക്കാരും കൊണ്ടുപോകാതിരുന്നത് എന്ന് എനിക്ക് അപ്പോള്‍ തുടങ്ങിയതാണ്‌ സംശയം!!..

    ഹഹ്ഹ... സൂപ്പർ.

    മറുപടിഇല്ലാതാക്കൂ
  7. ഈ ബ്ലോഗ്‌ കാണാന്‍ വൈകിയതില്‍ ഇപ്പോള്‍ വിഷമം തോന്നുന്നു
    ആ മതിലിനു മുകളിലെ ഇരുപ്പ്‌ മനസ്സില്‍ കണ്ടു. അത്രയും സമയം ഉണ്ടായിരുന്നു എങ്കില്‍ അവിടെ കിടന്ന് ഒന്നു ഉറങ്ങാമായിരുന്നില്ലെ :)

    മറുപടിഇല്ലാതാക്കൂ
  8. @ ഇന്ത്യ HERITAGE എന്‍റെ മാഷെ...ഇളകുന്ന ഒറ്റക്കല്ല് പെറുക്കി വച്ചുള്ള ഒരു ഈടാണ് അത് മതില്‍ എന്നൊക്കെ ഞാന്‍ കുറച്ചു ഗാംഭീര്യത്തിനു വേണ്ടി പറഞ്ഞതല്ലേ..ബാലന്‍സ് ചെയ്തു നിക്കാന്‍ പെട്ട പാട് എനിക്കല്ലേ അറിയൂ... എന്തായാലും കമന്റ്‌ നു വളരെ നന്ദി

    മറുപടിഇല്ലാതാക്കൂ